അഗളി : ഉറ്റവന്റെ വേർപാട് വേദനയിൽ നിൽക്കുമ്പോഴും വോട്ടെടുപ്പിൽ പങ്കാളികളായി ജനാധിപത്യത്തിന്റെ കരുത്തുതെളിയിച്ചവരാണ് അട്ടപ്പാടി വിദൂര ഉന്നതിയിലുള്ള ശിങ്കൻപാറ നിവാസികൾ. ഏപ്രിൽ ഒമ്പതിന് മറ്റൊരു വോട്ടെടുപ്പുകൂടി വരുമ്പോൾ ഇക്കുറിയും 100 ശതമാനം പോളിങ് തികയ്ക്കാനുള്ള ഒരുക്കത്തിലാണിവർ. To advertise here, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ശിങ്കൻപാറ ഉന്നതിയിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. 2024 ഏപ്രിൽ 26-ന് നടന്ന തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുൻപ് ശിങ്കൻപാറ ഉന്നതിയിൽ രതീഷെന്ന യുവാവ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ ഉന്നതിക്കാർ വോട്ടുചെയ്യാനെത്തുമോയെന്ന ആശങ്കയിലായിരിന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ശിങ്കൻപാറ ഉന്നതിയിൽ 65 വോട്ടാണുള്ളത്. കോയമ്പത്തൂരിലും അട്ടപ്പാടി, പാലക്കാട്, ഒറ്റപ്പാലം, ഇരുമ്പകച്ചോല എന്നീ സ്ഥലങ്ങളിലുമായിരുന്നു പല വോട്ടർമാരും. ഇവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അഗളി ജി.വി.എച്ച്.എസ്. സ്കുളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ കുഞ്ഞുമോൻ തോമസും ചേർന്നാണ് തലേന്ന് വോട്ടെടുപ്പിനായി ഉന്നതിയിലെത്തിച്ചത്. ഉന്നതിയിൽ രതീഷിന്റെ മരണത്തോടെ കുടുംബവും ഉന്നതിക്കാരും ചടങ്ങുകൾ നടത്തുന്ന തിരക്കിലായി. അതിനാൽ പോളിങ് ബൂത്തിലേക്ക് ഉന്നതിക്കാർ വരുമോയെന്ന സംശയവുമുണ്ടായി. എന്നാൽ, ഇതിനിടയിലും യുവാവിന്റെ കുടുംബം ഉൾപ്പെടെയുള്ളവർ വോട്ടുരേഖപ്പെടുത്താനെത്തിയത് ജനാധിപത്യത്തിന്റെ ശക്തിയായി. ഊരുമൂപ്പൻ പഴനിസ്വാമിയുടെ നേതൃത്വത്തിലാണ് രതീഷിന്റെ അച്ഛൻ നഞ്ചൻ, സഹോദരൻ ബൈജു, സഹോദരിമാരായ ശെൽവി, നീലി എന്നിവരടക്കം വോട്ടു രേഖപ്പെടുത്താൻ എത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 64 വോട്ടാണ് ശിങ്കൻപാറ ഉന്നതിയിലുള്ളത്. ശിങ്കൻപാറയിലെ അങ്കണവാടിയാണ് പോളിങ് ബൂത്ത്. ഏത് പ്രതിസന്ധിയുണ്ടെങ്കിലും ഇക്കുറിയും വോട്ട് രേഖപ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ശിങ്കൻപാറക്കാർ.

ഇക്കുറിയും നൂറുശതമാനം പോളിങ്ങിനൊരുങ്ങി ശിങ്കൻപാറക്കാർ
M
MathrubhumiSource Link
about 2 months ago