തൃശ്ശൂർ : കോൺഗ്രസ് കാറ്റിലും കയ്പമംഗലം ഒപ്പം നിന്നത് ഇടതിനൊപ്പം. സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറികൂടിയായ കെ.കെ. വത്സരാജ് ഇവിടെ വിജയക്കൊടി നാട്ടി. രൂപവത്കരണത്തിനുശേഷം ഇതുവരെ എൽ.ഡി.എഫിനൊപ്പം നിന്ന ഇവിടം ഇത്തവണയും പതിവ് തുടർന്നു. പക്ഷേ, 2021-ൽ ഇ.ടി. ടൈസൺ നേടിയ 22,698 വോട്ടിന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താൻപോലും ഇത്തവണയായില്ല. 9944 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വത്സരാജിന്റെ വിജയം. To advertise here, തുടക്കംമുതൽത്തന്നെ എൽ.ഡി.എഫ്. വിജയപ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലമായിരുന്നു ഇത്. കയ്പമംഗലം ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് മേൽക്കൈ. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നേറ്റം ഉണ്ടാക്കിയപ്പോൾപോലും പതിനായിരത്തിലധികം വോട്ടുകൾ എൽ.ഡി.എഫ്. ലീഡ് നേടിയ മണ്ഡലമാണ് കയ്പമംഗലം. കഴിഞ്ഞ 10 വർഷം ഇ.ടി. ടൈസൺ എം.എൽ.എ. നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും അനുകൂലമായി. യു.ഡി.എഫ്. സ്ഥാനാർഥി ടി.എം. നാസറിന് പലഘട്ടങ്ങളിലും മുന്നിട്ടുനിൽക്കാനായി. എന്നാൽ, ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്ന ഇവരുടെ പ്രതീക്ഷ വേണ്ടത്ര വിജയിച്ചില്ല. പ്രതീക്ഷിച്ചപോലെ ന്യൂനപക്ഷ ഏകീകരണവും സംഭവിച്ചില്ല. രണ്ടുതവണ എം.എൽ.എ. ആയ ഇ.ടി. ടൈസണെ ഒഴിവാക്കിയത് അനുകൂലമാക്കി മാറ്റാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ നേരിടാനാണ് ഇ.ടി. ടൈസൺ ഇവിടെനിന്ന് മാറി പറവൂരിൽ മത്സരിച്ചത്. എൻ.ഡി.എ. വൻതോതിൽ വോട്ട് വർധിപ്പിച്ചതും വിജയത്തെ സ്വാധീനിച്ചു. എൻ.ഡി.എ.ക്കുവേണ്ടി മത്സരിച്ച ബി.ഡി.ജെ.എസിലെ അതുല്യഘോഷ് 19,688 വോട്ടാണ് നേടിയത്. കഴിഞ്ഞതവണ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന ബി.ഡി.ജെ.എസിലെത്തന്നെ സി.ഡി. ശ്രീലാൽ 9066 വോട്ട് നേടിയിരുന്ന സ്ഥാനത്താണിത്. ബി.ഡി.ജെ.എസ്. വോട്ട് വൻതോതിൽ വർധിപ്പിച്ച മണ്ഡലം കൂടിയായി കയ്പമംഗലം മാറി. മണ്ഡലം രൂപവത്കരിച്ചശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വി.എസ്. സുനിൽകുമാറാണ് ഇവിടെ ജയിച്ചത്. തുടർന്നുള്ള രണ്ടുതവണയാണ് ഇ.ടി. ടൈസൺ വിജയിച്ചത്. ഇതിന്റെ തുടർച്ചയാണ് വത്സരാജിന്റെ വിജയം.
