ഇടത്തേക്കും വലത്തേക്കും അമ്പരപ്പിക്കുന്ന ചാഞ്ചാട്ടമാണ് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കൊല്ലം ജില്ലയുടെ പ്രത്യേകത. 2006 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കണ്ണൂരിനെക്കാൾ ചുവന്ന ജില്ലയാണ് കൊല്ലം. 2011-ൽ യു.ഡി.എഫ്. ഭരണത്തിനായി രണ്ട് എം.എൽ.എ.മാരെമാത്രം സംഭാവനചെയ്ത ജില്ല 2016-ൽ ഒറ്റസീറ്റും അവർക്ക് നൽകിയില്ല. To advertise here, എന്നാൽ, കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ജില്ലയിലുൾപ്പെട്ട നിയോജകമണ്ഡലങ്ങളിൽ യു.ഡി.എഫിനാണ് മേൽക്കൈ. 2021-ൽ ചവറ, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിൽ ചെറിയ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിഞ്ഞത്. തദ്ദേശതിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ പിടിച്ചത് ഉൾപ്പെടെ മികച്ച നേട്ടം കൈവരിച്ചത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ മുപ്പതുവർഷമായി എൽ.ഡി.എഫിനൊപ്പമാണ് പുനലൂർ, ഇരവിപുരം മണ്ഡലങ്ങൾ. കുന്നത്തൂരാകട്ടെ 1987 മുതൽ യു.ഡി.എഫിന് പച്ചതൊടാനായിട്ടില്ല. 20 വർഷമായി എൽ.ഡി.എഫിന്റെ തേരോട്ടമാണ് കൊല്ലം, കൊട്ടാരക്കര, ചടയമംഗലം, ചാത്തന്നൂർ മണ്ഡലങ്ങളിൽ. കഴിഞ്ഞതവണ കരുനാഗപ്പള്ളിയും കുണ്ടറയും പിടിച്ചെടുത്ത് കോൺഗ്രസ് തിരിച്ചുവരവിന് തുടക്കമിട്ടു. ഇത്തവണ പതിനൊന്നിൽ ആറുമണ്ഡലങ്ങളിലെങ്കിലും തീപാറുന്ന പോരാട്ടമാണ്. കൊല്ലം കേന്ദ്രീകരിച്ചുള്ള ആർ.എസ്.പി., ആർ.എസ്.പി. (ലെനിനിസ്റ്റ്), കേരള കോൺഗ്രസ് (ബി) എന്നീ പാർട്ടികൾക്ക് നിലനിൽപ്പിന്റെ പ്രശ്നംകൂടിയാണ് ഈ തിരഞ്ഞെടുപ്പ്. സി.പി.എമ്മിലെ സിറ്റിങ് എം.എൽ.എ.മാരിൽ സീറ്റില്ലാത്തത് രണ്ടുതവണ ജനപ്രതിനിധിയായ മുകേഷിനുമാത്രമാണ്. കഴിഞ്ഞ രണ്ടുതവണയും നിയമസഭയിലേക്ക് പ്രവേശനം കിട്ടാതിരുന്ന ആർ.എസ്.പി.ക്ക് ഇത്തവണ നിർണായകമാണ്. ചവറ, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിലാണ് അവർ മത്സരിക്കുന്നത്. പുനലൂർ സീറ്റ് വെച്ചുമാറണമെന്നാവശ്യപ്പെട്ട മുസ്‌ലിംലീഗ് ഒത്തുതീർപ്പിന് വഴങ്ങി അവിടെത്തന്നെ മത്സരിക്കുന്നു. സി.പി.ഐ.യുടെ തട്ടകങ്ങളായ പുനലൂരും ചടയമംഗലവും ചാത്തന്നൂരും കൈവിടില്ലെന്ന് അവർക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ കോൺഗ്രസിലെ സി.ആർ. മഹേഷ് കൈടക്കിയ കരുനാഗപ്പള്ളി തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല. കുണ്ടറ നിലനിർത്താനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. മൂന്നുതവണ സി.പി.എമ്മിൽനിന്ന് എം.എൽ.എ.യായ പി. അയിഷാ പോറ്റി കോൺഗ്രസ് സ്ഥാനാർഥിയായ കൊട്ടാരക്കരയാണ് ജില്ലയിലെ കൗതുകമണ്ഡലം. ഇവിടെ മന്ത്രി കെ.എൻ. ബാലഗോപാലിനെ നേരിടാൻ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ. രശ്മിയുമുണ്ട്. ബി.ജെ.പി. ടിക്കറ്റിലാണെന്നുമാത്രം. കാൽനൂറ്റാണ്ടായി പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന കെ.ബി. ഗണേഷ് കുമാർ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയിൽനിന്ന്് കടുത്ത മത്സരമാണ് ഇക്കുറി നേരിടുന്നത്. ഇതേ കാലയളവ് തികച്ച ആർ.എസ്.പി. ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും ഇത്തവണ അത്ര സുഗമമല്ല വിജയം. കൊല്ലത്ത് സി.ഐ.ടി.യു. ജില്ലാസെക്രട്ടറി എസ്. ജയമോഹനും മുൻ ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയും തമ്മിൽ വാശിയേറിയ പോരാട്ടമാണ്. ചവറയിൽ രണ്ടുതവണ പരാജയമേറ്റുവാങ്ങിയ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിനും ഇത്തവണ നിർണായകമത്സരമാണ്. ചാത്തന്നൂരിലാണ് ജില്ലയിലെ ശക്തമായ ത്രികോണമത്സരം. ബി.ജെ.പി. കഴിഞ്ഞ രണ്ടുതവണയും രണ്ടാമതെത്തിയ മണ്ഡലത്തിൽ അവർ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. മൂന്നാംതവണയും ബി.ബി. ഗോപകുമാറാണ് അവരുടെ സ്ഥാനാർഥി. ആകെ എട്ടുസീറ്റിൽ ബി.ജെ.പി.യും രണ്ടുസീറ്റിൽ ട്വന്റി ട്വന്റിയും ഒരു സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കുന്നു. കോർപ്പറേഷൻ വാർഡുകൾ യു.ഡി.എഫ്. 27 എൽ.ഡി.എഫ്. 16 എൻ.ഡി.എ. 12 ജില്ലാപഞ്ചായത്ത് വാർഡുകൾ എൽ.ഡി.എഫ്. 17 യു.ഡി.എഫ്. 10 എൻ.ഡി.എ. 0 നഗരസഭകൾ എൽ.ഡി.എഫ്. 3 യു.ഡി.എഫ്. 1 എൻ.ഡി.എ. 0 ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. 34(രണ്ടെണ്ണം നറുക്കെടുപ്പിലൂടെ) എൽ.ഡി.എഫ്. 33 എൻ.ഡി.എ. 1 Content Highlights: Analysis of Kollam's historical voting patterns shifting between LDF and UDF. Overview of high-stakes battles in key constituencies like Chavara and Kundara. Impact of minor parties like RSP and Kerala Congress (B) in the 2026 election cycle. Breakdown of local body election statistics influencing current political confidence. Evaluation of BJP's influence and triangular contests in specific regions. Published: 01 Apr 2026, 02:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടത്തേക്കും വലത്തേക്കും ചായുന്ന കൊല്ലം; പ്രതീക്ഷയോടെ ഇടത്, വലത് മുന്നണികൾ; ഇക്കൊല്ലം എങ്ങോട്ട്?
M
MathrubhumiSource Link
about 1 month ago