മുള്ളേരിയ : സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്ന രീതിയിലേക്ക് മലയോര കർഷകർ മാറുന്നു. കുമ്പള-മുള്ളേരിയ റോഡരികിൽ എട്ട് കർഷകർ ദിവസേന പച്ചക്കറികളുമായി എത്തി കച്ചവടം നടത്തുന്നു. ഇളനീര്, കൈതച്ചക്ക, പപ്പായ, പുളി എന്നിവയടക്കം കൃഷിയിടത്തിൽനിന്ന് കിട്ടുന്നതൊക്കെ വില്പന നടത്തി വരുമാനം കണ്ടത്തുന്നു. ചിലർ അച്ചാർ, വിവിധതരം അപ്പങ്ങൾ, മോര്, തൈര്, നെയ്യ് ഒക്കെ വില്പനയ്ക്ക് വെക്കുന്നു. To advertise here, വാഴക്കുലയ്ക്ക് ഒക്കെ ചെറിയ തുകയാണ് സാധാരണ ഇടനിലക്കാർ കർഷകർക്ക് നൽകിയിരുന്നത്. പലപ്പോഴും കൃഷിച്ചെലവ് പോലും കിട്ടാറില്ല. എന്നാൽ, നേരിട്ട് വില്പന നടത്തുന്നവർക്ക് വിപണിവിലതന്നെ ലഭിക്കുന്നു. നാടൻ ഇനങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്. വിലയിലെ വ്യത്യാസംപോലും കാര്യമാക്കാതെ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നു. പച്ചക്കറികളൊക്കെ കൊണ്ടുവെച്ച ഉടനെ തീരുന്നു. പച്ചക്കറികൾ നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നത് ഗുണമേന്മയും വിലയും ഒരുപോലെ നിയന്ത്രിക്കാൻ കഴിയുന്നുവെന്ന് കർഷകർ പറയുന്നു. ഇടനിലക്കാരില്ലാത്തതിനാൽ ഉപഭോക്താക്കൾ നൽകുന്ന മുഴുവൻ തുകയും കർഷകർക്കു തന്നെ ലഭിക്കുന്നു. ഇതുവഴി ലാഭം വർധിക്കുകയും കൃഷിചെയ്യാനുള്ള താത്പര്യം കൂടുകയും ചെയ്യുന്നു. കൃഷി ഉത്പന്നങ്ങൾ സ്വന്തമായി വിറ്റഴിക്കുന്ന കർഷകരൊക്കെ കൃഷി വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. റോഡരികിൽ താത്കാലിക സ്റ്റാളുകൾ സ്ഥാപിച്ചും സ്വന്തം വണ്ടിക്ക് സമീപം കച്ചവടം നടത്തുന്ന ഇത്തരം കർഷകർക്ക് സ്ഥിരം ഉപഭോക്താക്കളും രൂപപ്പെട്ടിട്ടുണ്ട്. നിരവധി കർഷകർ ഇതിനകംതന്നെ ഈ മാതൃക പിന്തുടരാൻ തുടങ്ങിയിട്ടുണ്ട്. ചിലർ മറ്റ് കർഷകരുടെ ഉത്പനങ്ങൾ വില്പന നടത്താൻ സഹായിക്കുന്നുണ്ട്.

ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ട് വിപണിയിലേക്ക്
M
MathrubhumiSource Link
22 days ago