ഇടവ : വേനൽ കടുത്തതോടെ ഇടവ ഗ്രാമപ്പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ദിവസങ്ങളുടെ ഇടവേളകളിലാണ് പൈപ്പ് വെള്ളം എത്തുന്നത്. കിണറുകളും ജലസ്രോതസ്സുകളും വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാനില്ല. വാമനപുരം പദ്ധതിയിൽനിന്നു കുടിവെള്ളം ലഭ്യമായിട്ട് ഒരാഴ്ചയായി. പഞ്ചായത്തിന്റെ ചെറുകിട ജലസേചന പദ്ധതികളായ പൊയ്ക, ഊറ്റുകുഴി, കോട്ടയിൽപ്പാണി പദ്ധതികളിലും ജലലഭ്യത വളരെ കുറഞ്ഞു. ദിവസവും പമ്പിങ് നടക്കുന്നുണ്ടെങ്കിലും പദ്ധതികളുടെ പരിസരപ്രദേശങ്ങളിലുള്ളവർക്കു മാത്രമാണു വെള്ളം കിട്ടുന്നത്. To advertise here, പതിനെട്ടാംപടി, പെത്തിരിമുക്ക്, വെറ്റക്കട, പ്രസ്‌മുക്ക് ശ്രീയേറ്റ്, ഇടവ പി.എച്ച്.സി., മദ്രസാമുക്ക്, ഇടവ ജങ്ഷൻ, മാന്തറ, ചിറയിൽ തുടങ്ങിയ ഭാഗങ്ങളിലൊക്കെ ദിവസങ്ങളായി കുടിവെള്ളം ലഭ്യമാകുന്നില്ല. ഇടവ മുസ്‌ലിം സ്കൂൾ, അഞ്ചുമുക്ക്, ഓടയംപള്ളി, ഓടേറ്റി, കാക്കുളം, പുന്നക്കുളം, മേക്കുളം തുടങ്ങിയ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കോട്ടയിൽപ്പാണി പദ്ധതിയിൽനിന്ന് ഏതാനും പേർക്ക് ഇവിടെ വെള്ളം ലഭ്യമാകുന്നുണ്ട്. ജനതാമുക്ക്, ചെമ്പകത്തിൻമൂട്, മരക്കടമുക്ക്, വെൺകുളം ജങ്ഷൻ, മൂന്നുമൂല ഭാഗങ്ങളിലുള്ളവർ പൊയ്ക പദ്ധതിയിൽനിന്നു ലഭ്യമാകുന്ന പരിമിതമായ ജലംകൊണ്ട് തൃപ്തിപ്പെടുകയാണ്. ചീനക്കാവ്, ഡീസന്റുമുക്ക്, പാറയിൽ, നാലുമുക്ക്, കാപ്പിൽ എച്ച്.എസ്., കണ്ണമ്മൂട്, മാവുനിന്നവിള, മൂടില്ലാവിള, പുറ്റിൽ ക്ഷേത്രം, തോട്ടുംമുഖം, അംബേദ്കർ ഗ്രാമം, കാട്ടുവിള, പൊട്ടക്കുളം ഭാഗങ്ങളിൽ ഭൂരിഭാഗം പേർക്കും വാമനപുരം പദ്ധതിയിൽനിന്നാണു ജലം ലഭ്യമായിരുന്നത്. ഊറ്റുകുഴി പദ്ധതിയിൽനിന്ന് ഏതാനും കുടുംബങ്ങൾക്ക് മാത്രമാണു കുടിവെള്ളം കിട്ടുന്നത്. വെൺകുളം, നെടിയശാല, കണ്ണാംപറമ്പ്, മേടയിൽ, കിഴക്കേവിള തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാതെ ജനം വലയുകയാണ്. തുടർന്നാണ് ടാങ്കറുകളിൽ വെള്ളം എത്തിക്കണമെന്ന ആവശ്യം ഉയർന്നത്. രണ്ട് ടാങ്കർ ലോറികളിലായി കഴിയുന്നത്ര ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കാനാണ് ഇപ്പോൾ പഞ്ചായത്ത് ശ്രമിക്കുന്നത്. പ്രാദേശിക സ്രോതസ്സുകളിൽനിന്നു ജലം ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തുതല കുടിവെള്ളവിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.ബാബു, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ടാങ്കർലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.

ഇടവയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി: പഞ്ചായത്ത് ജലവിതരണം തുടങ്ങി
M
MathrubhumiSource Link
22 days ago