ഇടുക്കിയിൽ സൂപ്പർ ഓവർ

ഇടുക്കിയിൽ സൂപ്പർ ഓവർ

M
MathrubhumiSource Link
കട്ടപ്പന : വലിയൊരു സ്കോർ അടിച്ചുകൂട്ടി രണ്ടാമത് ബാറ്റുചെയ്യുന്ന എതിരാളികളെ നിസ്സാര സ്കോറിന് ഒതുക്കി വിജയം കൈപ്പിടിയിലൊതുക്കുന്ന രാഷ്ട്രീയ ടെസ്റ്റ് മാച്ചുകളായിരുന്നു കുറേ കാലങ്ങളായി ഇടുക്കിയിലേത്. പക്ഷേ, ഇത്തവണ കഥയാകെ മാറി. പുതിയ കളിക്കാർ വന്നു. തന്ത്രങ്ങൾ വന്നു. ഇത്തവണ ഇടുക്കിയുടെ പിച്ചിൽ ആര് ജയിക്കുമെന്ന് പ്രവചിക്കാനാകാത്ത സൂപ്പർ ഓവർ മത്സരമാണ് നടക്കുന്നത്. നന്നായി അടിക്കുന്നവർ മാത്രം ജയിക്കുന്ന മത്സരം. To advertise here, പീരുമേട്ടിലെ തേയിലത്തോട്ടങ്ങൾ പിന്നിട്ട് ആ പോരാട്ടഭൂമിയിലേക്കുള്ള യാത്രയിൽ കാഴ്ചകൾ ഒരുപാടുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളത്തെ ഇടുക്കിയിലെത്തിക്കുന്ന കെ-ചപ്പാത്ത്, ഗ്രാമസൗന്ദര്യം നിറഞ്ഞ മേരികുളവും സ്വരാജും. ഏലത്തിന്റെ നാടായ കാഞ്ചിയാർ അങ്ങനെ പോകുന്നു കാഴ്ചകൾ. പിന്നെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മലയോര ഹൈവേ. ഒരുമാസംമുൻപ് മിലന്ദ് സോമനെന്ന ദീർഘദൂര ഓട്ടക്കാരൻ മികച്ചതെന്ന് പുകഴ്ത്തിയ അതേ മലയോര ഹൈവേ. ഇടുക്കി, പീരുമേട് മണ്ഡലങ്ങളെ ഒരേപോലെ ബന്ധിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ പാത. റോഡിന്റെ ഇരുവശത്തും റോഷി അഗസ്റ്റിന്റെയും റോയ് കെ. പൗലോസിന്റെയും പ്രതിഷ് പ്രഭയുടെയുമെല്ലാം പ്രചാരണ ബോർഡുകൾ സ്ഥാനംപിടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശമുള്ളതിനാലാകാം പോസ്റ്ററുകളൊന്നും പൊതു ഇടങ്ങളിലില്ല. ബോർഡുകളാകട്ടെ വ്യക്തികളുടെ പറമ്പിലും കെട്ടിടങ്ങളിലും മാത്രം. കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളില്ല. മാതൃകാപരമായ തിരഞ്ഞെടുപ്പ്. പക്ഷേ മണ്ഡലത്തിലെ വോട്ടർമാരോട് സംസാരിച്ചാൽ തിരഞ്ഞെടുപ്പ് മൈതാനത്തും അവരുടെ ഉള്ളിലും പെരുമ്പറ മുഴങ്ങുന്നത് കേൾക്കാം. അതേ, ആര് വീഴുമെന്നോ ആര് വാഴുമെന്നോ പ്രവചിക്കാനാകാത്ത പോരാട്ടമാണ് ഇടുക്കിയിൽ. ഓരോരുത്തരെയും പേരെടുത്ത് വിളിക്കാൻ തക്ക ജനകീയനാണ് റോഷി. കക്ഷിദേദമെന്യേ കടലോളം സൗഹൃദവും. സ്വന്തം പാർട്ടി സ്ഥാനാർഥി മത്സരിക്കുന്നതിനേക്കാൾ തീവ്രതയോടും ആവേശത്തോടെയും റോഷിക്കുവേണ്ടി കളത്തിലിറങ്ങിയ സി.പി.എമ്മിന്റെ സംഘടന സംവിധാനം ഇവിടെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനെത്തി എന്നത് മാത്രമല്ല റോയിയുടെ മുൻതൂക്കം. വന്നിറങ്ങിയത് മുതൽ എതിരാളിക്കൊത്തൊരു പോരാളിയാണ് താനെന്ന് തെളിയിക്കാൻ റോയിക്കായി. കൈപ്പത്തി ചിഹ്നം വർഷങ്ങൾക്കുശേഷം മണ്ഡലത്തിൽ കണ്ടതിന്റെ ആവേശം പ്രവർത്തകർക്കുമുണ്ട്. റോയിക്കുവേണ്ടി തൊടുപുഴയിൽനിന്നുവരെ പ്രവർത്തകരെത്തുന്നു. അതിനിടയിൽ ശക്തി തെളിയിക്കാനുള്ള അവസരമാണ് എൻ.ഡി.എ.യ്ക്ക്. ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിൽ അവർ പിടിക്കുന്ന വോട്ടുകൾ എത്ര നിർണായകമാകുമെന്ന് പറയേണ്ടതില്ലല്ലോ. പ്രചാരണ ഓവറുകളിൽ മുന്നണികൾ ഒപ്പത്തിനൊപ്പമാണ്. ഇനി ഭൂരിപക്ഷമുറപ്പിക്കുന്ന അവസാന ആഴ്ചയിലെ സൂപ്പർ ഓവറിലേക്ക് കളി എത്തിക്കഴിഞ്ഞിരിക്കുന്നു. സ്വരാജിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അയ്യപ്പൻകോവിൽ തൂക്കുപാലം വരെ നീളുന്ന റോഡിനരികിൽ വാഹനമൊതുക്കി. വറ്റിയ തോടും കടന്ന് ചെല്ലുമ്പോൾ മുന്നിൽ സുന്ദരമായ ഒരു ക്രിക്കറ്റ് മൈതാനം. വേനലിൽ ഇടുക്കി അണക്കെട്ടിലെ വെള്ളം പതിയെ വലിഞ്ഞപ്പോൾ പദ്ധതി പ്രദേശത്ത് രൂപപ്പെട്ടതാണ് മൈതാനം. കാഞ്ചിയാറ്റിലെ ക്രിക്കറ്റ് കൂട്ടായ്മ മൂന്ന്‌ പകലും മൂന്ന് രാത്രിയും കഷ്ടപ്പെട്ടാണ് ഇതിനെ നല്ലൊരു മൈതാനമാക്കിയത്. ക്രിക്കറ്റ് മാത്രമല്ല, വേനലവധി കിട്ടിയതോടെ അതിന്റെ ഒരു വശത്ത് കുട്ടികൾ മുളവെട്ടി പോസ്റ്റുണ്ടാക്കി ഫുട്ബോളിനും കളമൊരുക്കുന്നു. ഹൈറേഞ്ചിലെ പൊടി പാറും ക്രിക്കറ്റ് ടൂർണമെന്റുകളുടെ വേദിയാണ് ഇവിടം. മറ്റ് കളിക്കാരെ കാത്തിരിക്കുന്ന ഇടവേളയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഐ.പി.എല്ലോ സഞ്ജു തൂക്കിയ ക്രിക്കറ്റ് ലോകകപ്പോ അവരുടെ ചർച്ചയിലില്ല. ഇടുക്കിയിലെ മാത്രമല്ല അങ്ങ് പാലക്കാട് നടക്കുന്ന തിരഞ്ഞെടുപ്പുവരെ ഇവിടത്തെ കമന്ററി ബോക്സിൽ നിറയുന്നു. ഇടുക്കിയിൽ ഇനി ആര് ജയിച്ചാലും എല്ലാവർക്കും കളിക്കാൻ നാടാകെ കളിക്കളങ്ങൾ വേണമെന്നാണ് വലംകൈ ബാറ്റ്സ്മാൻ കൂടിയായ സിജോയുടെ ആഗ്രഹം. ഇവിടത്തെ പല പഞ്ചായത്തുകളിലും കളിക്കളങ്ങളില്ല. ഇടുക്കിയിൽ വെള്ളം കൂടിയാൽ കാഞ്ചിയാറ്റിലെ മൈതാനങ്ങളെല്ലാം മുങ്ങും. ക്രിക്കറ്റിനും ഫുട്ബോളിനും മറ്റ് മത്സരങ്ങൾക്കുമെല്ലാം നല്ല മൈതാനങ്ങൾ മാത്രമല്ല പരിശീലന കേന്ദ്രങ്ങൾ കൂടിയെത്തുന്നത് ഇവർ ഓരോരുത്തരും സ്വപ്നം കാണുന്നുണ്ട്. ഇടുക്കിയിലെ അടിസ്ഥാന സൗകര്യവും ടൂറിസവും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് അഭിജിത്തിന്റെ പക്ഷം. ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന ഈ തൂക്കുപാലത്തിന്റെ അവസ്ഥ തന്നെ നോക്ക്. നല്ലൊരു ശൗചാലയം പോലുമില്ല. അയ്യപ്പൻകോവിൽ തൂക്കുപാലത്തിലേക്ക് കൈചൂണ്ടി പറഞ്ഞു. ടൂറിസം മാത്രമല്ല കൃഷിക്കും കർഷകനും മെച്ചമുണ്ടാക്കുന്നതായിരിക്കണം വരുന്ന സർക്കാരിന്റെ നയമെന്ന് സിജോ ആലപ്പാടൻ ചൂണ്ടിക്കാട്ടി. ഏലത്തിന് മാത്രമല്ല മറ്റ് വിളകൾക്കും വിലകിട്ടുന്ന കാലം വരണം. കർഷകന് അവന്റെ കൃഷിഭൂമി സ്വന്തമാകണം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭൂനിയമങ്ങൾ കർഷകന് അനുകൂലമാക്കാൻ നിയമം മാറ്റണമെന്നായിരുന്നു സുജിത്ത് പപ്പന്റെ അഭിപ്രായം. ഇടുക്കി നിൽക്കട്ടെ പാലക്കാട് ആര് ജയിക്കുമെന്ന് പറ, അരുൺ ഗോപി ഇടപെട്ടു. പറയാൻ പറ്റില്ല. ഇവിടത്തെപോലെ പൊരിഞ്ഞ പോരാട്ടമാ അവിടെ. അഭിജിത്തും അനിലും നിതിനും ഒരേ സ്വരത്തിൽ പറഞ്ഞു. തൂക്കുപാലത്തിന് മുകളിൽനിന്ന് സൂര്യൻ പതിയെ താഴ്ന്നു. കൈയിൽ ബാറ്റും ബോളുമായി വരമ്പത്തൂടെ കൂടുതൽ ചെറുപ്പക്കാർ അവിടേക്ക് വന്നുകൊണ്ടിരുന്നു. ക്രിക്കറ്റിനെ ലഹരിയായി കൊണ്ടുനടക്കുന്നവർ. വൺ ടൂ ത്രീ വിളിച്ചവർ ടീമായി പിരിഞ്ഞു. ഇല ടോസ് കോയിനായി അകവും പുറവും ഹെഡ്ഡും ടെയ്‌ലുമായി. ടോസ് കിട്ടിയവർ ബാറ്റിങ് തിരഞ്ഞെടുത്തു. രാഷ്ട്രീയത്തിന് തത്കാലം അവധി കൊടുത്ത് അവർ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് നടന്നു. വോട്ടുസിറ്റിഎഴുത്ത്: ജോർജ് തോമസ് ചിത്രം: ശ്രീജിത്ത് പി. രാജ്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടുക്കിയിൽ സൂപ്പർ ഓവർ — Mathrubhumi | Boolokam | Boolokam