ഇണചേർന്ന് ഇണയെ തിന്നുന്നവൾ, യുദ്ധം ജയിച്ച് പ്രലോഭിക്കുന്നവൻ.. ലൈംഗികതയുടെ അത്ഭുതലോകം

ഇണചേർന്ന് ഇണയെ തിന്നുന്നവൾ, യുദ്ധം ജയിച്ച് പ്രലോഭിക്കുന്നവൻ.. ലൈംഗികതയുടെ അത്ഭുതലോകം

M
MathrubhumiSource Link
ലൈം ഗികച്ചുവയുള്ള എന്തെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്യുമ്പോഴേക്ക് മനുഷ്യരോളം ഉന്മത്തരാവുന്ന മറ്റേതെങ്കിലും ജീവികൾ ഉണ്ടാവാൻ ഇടയില്ല. കാരണം ലൈംഗികത എന്നത് മനുഷ്യർക്ക് പ്രത്യുത്പാദന പ്രക്രിയമാത്രമല്ല, ആനന്ദകരവും ആസ്വാദ്യവുമായ അനുഭവം കൂടിയാണ്. അതുകൊണ്ടാണല്ലോ അതിനെ ഒരു ശാസ്ത്രമായി വികസിപ്പിച്ച് 'കാമശാസ്ത്രം' വരെ എഴുതിക്കളഞ്ഞത്. എന്നാൽ മറ്റുപല ജീവികളിലും അതല്ല സ്ഥിതി. പുതിയ തലമുറയെ ഉത്പാദിപ്പിക്കാനുള്ള ഈ ജൈവികതന്ത്രം ചില ജീവികൾക്കെങ്കിലും 'ജീവൻമരണ പോരാട്ട' മാണ്. കാരണം ആ പ്രക്രിയ കഴിയുന്നതോടെ ചിലപ്പോൾ ജീവഹാനിയുണ്ടാകും. പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കുന്നതോടെ ഇഹലോകവാസം വെടിയുന്ന ജീവികൾ, ലൈംഗികതക്ക് 'വലിയ വില' കൊടുക്കേണ്ടിവരുന്ന വേറേ ചില ജീവികൾ, വിചിത്രമായ ഇണചേരൽ സ്വഭാവങ്ങൾ കാണിക്കുന്ന കുറേജീവികൾ... ഇങ്ങനെ ജീവജാലങ്ങളുടെ ലൈംഗികജീവിതം അത്ഭുതകരമായ ഒന്നാണ്. ആ അത്ഭുതമാണെങ്കിൽ പരിണാമപരമായി മാത്രം വിശദീകരിക്കാവുന്നതുമാണ്. To advertise here, ആ വിഷയത്തിലേക്ക് കടക്കുന്നതിന് മുൻപ് ലൈംഗികതയുടെ ചരിത്രം ചെറുതായെങ്കിലും ഒന്ന് പറയേണ്ടിവരും. ആദ്യകാല ജീവികളിൽ പലതിലും ലൈംഗികപ്രജനനമായിരുന്നില്ല ഉണ്ടായിരുന്നത് എന്നറിയാമല്ലോ. ഒരു ജീവിതന്നെ വിഘടിച്ചും പിളർന്നും പലതാവുന്നതായിരുന്നു(binary fission) രീതി. എന്നാൽ ഇതിനൊരു പ്രശ്നമുണ്ട്, ഒരേ ജനിതകമാണ് പുതിയ തലമുറയിലേക്ക് പങ്കുവെക്കപ്പെടുന്നത്. അത് അതിജീവന സാധ്യത കുറയ്ക്കും. വേഗം രോഗങ്ങൾ പിടിപെടും. കൂട്ടനാശത്തിനും കാരണമാവാം. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത ജനിതകങ്ങൾ പങ്കിടുന്ന ലൈംഗിക പ്രത്യുത്പാദനം പ്രസക്തമാവുന്നത്. വ്യത്യസ്തജീവികൾ തമ്മിൽ ഇണചേരുമ്പോഴുണ്ടാകുന്ന ജനിതകവൈവിധ്യം തലമുറകളെ കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമാക്കും. ലൈംഗിക പ്രതുത്പാദനം എന്ന അവസ്ഥയിലാണ് 'തിരഞ്ഞെടുപ്പ്' എന്ന മത്സരം വേണ്ടിവരുന്നത്. പലപ്പോഴും മികച്ച ജനിതകഘടനയുള്ള ജീവിയാകും ഇണയായി തിരഞ്ഞെടുക്കപ്പെടുക. അപ്പോൾ ലൈംഗിക പ്രജനനത്തിന് സമയവും ഊർജവും കൂടുതൽ വേണം, ഇണയെ കണ്ടെത്തണം, അതിനുള്ള മത്സരങ്ങളെ അതിജീവിക്കണം. ഇത്തരം സാഹസികതയൊക്കെ വേണ്ടിവന്നിട്ടും ഈ രീതിതന്നെ ഇന്ന് കൂടുതൽ ജീവികളിൽ കാണുന്നതിന് കാരണം ജനിതകവൈവിധ്യം നൽകുന്ന അതിജീവനസാധ്യതതന്നെയാണ്. ലൈംഗിക പ്രജനനം നടക്കുന്ന ജീവികളിൽത്തന്നെ ആണില്ലാത്തതും ആണും പെണ്ണും ഒരേ ജീവിയിൽത്തന്നെ ഉള്ളതുമുണ്ട്. ലിംഗം മാറ്റാൻ കഴിയുന്ന ജീവികൾ വേറേയുമുണ്ട്. പരസ്പരം കുത്തി ഇണചേരുന്നവർ ലൈംഗികത വേദനാജനകമായ അനുഭവമാകുന്ന നിർഭാഗ്യവാൻമാരാണ് 'ഗാർഡൻ സ്നൈൽ' എന്ന ഒച്ചുവിഭാഗം. ഇവയുടെ പ്രത്യേകത ഒരേ ജീവിയിൽത്തന്നെ ആണും പെണ്ണും ഉണ്ട് എന്നതാണ് (Hermaphrodite). ബീജവും അണ്ഡവും ഒന്നിൽത്തന്നെ ഉണ്ടെന്നർത്ഥം. ഇണചേരുന്നതിന് മുൻപ് തങ്ങളിലുള്ള കാൽസ്യംകൊണ്ടുള്ള മുള്ളുകൾകൊണ്ട് പരസ്പരം കുത്തിമുറിവുണ്ടാക്കും. ഈ മുള്ളിനെ പ്രണയശരം(love dart) എന്നാണ് വിളിക്കുക. പേരു കേൾക്കുമ്പോഴുള്ള സുഖം കുത്തുകൊള്ളുമ്പോഴുണ്ടാവില്ല. ഇതു കാണുന്നവർക്ക് ആക്രമണം പോലെ തോന്നുമെങ്കിലും സംഗതി അതല്ല. ഈ അമ്പിലൂടെ ഇരുവരും പരസ്പരം ചില ഹോർമോണുകൾ ശരീരത്തിലേക്ക് കുത്തിവെക്കുന്നുണ്ട്. ഈ രാസവസ്തുക്കൾ അവയുടെ ശരീരത്തിലെ ബീജാണുക്കളെ ഉദ്ദീപിപ്പിക്കും. ബീജം നശിക്കുന്നതിനെ തടയും. അതിന് ശേഷമാണ് ബീജങ്ങൾ പരസ്പരം കൈമാറുന്നത് (Spermatophore). ഇങ്ങനെ കൈമാറിക്കിട്ടുന്ന ബീജത്തെ സ്വന്തം അണ്ഡവുമായി ചേർത്താണ് പ്രജനനം നടക്കുക. അങ്ങനെയാണ് ജനിതകവൈവിധ്യം ഉറപ്പുവരുത്തുന്നത്. ആണും പെണ്ണും ഒരേ ശരീരത്തിൽത്തന്നെ ഉണ്ടായിട്ടും ഇവ ഒരു പങ്കാളിയെ ആശ്രയിക്കുന്നത് ഈ വൈവിധ്യത്തിന് വേണ്ടിയാണ്. ഈ കുത്ത് വേണ്ടത്ര ഏറ്റില്ലെങ്കിൽ ഗുണമില്ല എന്നു മാത്രമല്ല, സ്ഥാനം മാറി കുത്തുകൊണ്ടാൽ അണുബാധമൂലം മരണവും സംഭവിക്കാം. എന്തൊരു സാഹസികമായ ലൈംഗികത അല്ലേ..? ഇണചേർന്ന് ഇണയെ തിന്നുന്നവൾ കേൾക്കുമ്പോൾ പനച്ചിപ്പാറ യക്ഷിയേയും കള്ളിയങ്കാട്ട് നീലിയേയുമൊക്കെയാണ് ഓർമവരിക. എന്നാൽ കഥാപാത്രം ഒരു പാവം ചിലന്തിയാണ്. 'ബ്ലാക്ക് വിഡോ' വിഭാഗത്തിൽപെട്ട ചിലന്തികളാണ് ചിലപ്പോൾ ഇണചേരലിന് ശേഷം ആണിനെ തിന്നുക. ഇത് ഒരു നിയമമൊന്നുമല്ല, എപ്പോഴും അങ്ങനെ സംഭവിക്കണമെന്നുമില്ല. പരിണാമപരമായ ത്യാഗമായാണ് (Evolutionary sacrifice) ആയാണ് ഈ പ്രക്രിയയെ ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. അതായത് ഇവയിൽ പെൺചിലന്തി ആൺചിലന്തിയേക്കാൾ വലിയതായിരിക്കും. അതിന് മുട്ടയിടാൻ കൂടുതൽ ഊർജം വേണം. ആൺചിലന്തിയെ തിന്നുമ്പോൾ കൂടുതൽ പ്രോട്ടീൻ ലഭിക്കും. മുട്ടകൾ വളരാൻ അത് സഹായകരമാവും. ശക്തയായ പെൺചിലന്തിയുമായുള്ള ഇണചേരലിന് ശേഷം നമ്മുടെ പുരുഷൻ ദുർബലനായിപ്പോയേക്കാം. കാമദാഹവും വിശപ്പും ചേർന്ന് സംഹാരരുദ്രയായി നിൽക്കുന്ന യുവതിക്കു മുന്നിൽനിന്ന് എളുപ്പം രക്ഷപ്പെടാൻ കഴിയണമെന്നില്ല. എന്തെങ്കിലും ഗതിയുണ്ടെങ്കിൽ ഓടി രക്ഷപ്പെടുന്ന വിരുതൻമാരുമുണ്ട്. എന്തൊരു ഗതികേടാണെന്ന് നോക്കൂ. ചിലന്തികളിൽ മാത്രമല്ല, പച്ചക്കുതിര (praying mantis) എന്നറിയപ്പെടുന്ന ജീവികളിലും ഇണയെ ഇരയാക്കുന്ന സ്വഭാവമുണ്ട്. ഇണചേരുന്നതിനിടയിലോ, അതുകഴിഞ്ഞോ പെൺ പച്ചക്കുതിര ആൺ പച്ചക്കുതിരയുടെ തല തിന്നും. ഒരു ഭാഗത്ത് തീറ്റ നടക്കുമ്പോഴും മറുഭാഗത്ത് ഇണചേരൽ പ്രക്രിയ നിർബാധം നടക്കുന്നുണ്ടാവും! അതിന്റെ സജീവമായ നാഢീവ്യവസ്ഥയാണ് അതിന് സഹായിക്കുന്നത്. ഒരു ഭാഗത്ത് കൊലനടക്കുമ്പോൾ മറുഭാഗത്ത് പ്രജനനധർമം നടക്കുന്ന അത്ഭുതവ്യവസ്ഥ. ഈ ജീവിയിലും ഇണയ്ക്കാവശ്യമുള്ള പോഷകങ്ങൾ ലഭ്യമാക്കാനാണ് ഈ ക്രൂരമായ ഇണചേരൽ. ഇണയിലലിയുന്നവർ കേൾക്കുമ്പോൾ എത്ര കാൽപനികമായ സങ്കൽപം അല്ലേ. എന്നാൽ ഇത് കേൾക്കുന്നത്ര കാൽപനികമൊന്നുമല്ല. ഒരുപക്ഷേ പ്രകൃതിയിലെ ഏറ്റവും സാഹസികവും ക്രൂരവും അത്ഭുതകരവുമായ ഇണചേരലാണിത്. 'ആംഗ്ലർ ഫിഷ്' എന്ന മീനിലാണ് ഇത്തരമൊരു രീതിയുള്ളത്. വലിയ പെൺമത്സ്യത്തിന്റെ ശരീരത്തിൽ കുഞ്ഞൻ ആൺമത്സ്യം ഒട്ടിപ്പോവും. അധികം വൈകാതെ ആൺശരീരം അലിഞ്ഞ് പെൺശരീരത്തിൽ ചേരും. ബീജോത്പാദനാവയവം മാത്രം അവശേഷിക്കുകയും അതിലെ ബീജം ഉപയോഗിച്ച് പെൺമത്സ്യം അണ്ഡവുമായി ചേർത്ത് മുട്ടയുണ്ടാക്കുകയും ചെയ്യും. ആഴക്കടൽമത്സ്യമാണ് ആംഗ്ലർ ഫിഷ്. അതുകൊണ്ടുതന്നെ പങ്കാളിയെ കണ്ടെത്താൻ പ്രയാസമാണ്. വെളിച്ചവും കുറവ്. കിട്ടുന്നയാളെ വിട്ടുകളഞ്ഞാൽ വലിയ നഷ്ടമാണെന്നർത്ഥം. അതുകൊണ്ടാണ് പങ്കാളിയിൽ ഒട്ടിപ്പോവുന്നത്. മണംപിടിക്കാനുള്ള പ്രത്യേക കഴിവ് ഉപയോഗിച്ചാണ് ആൺമത്സ്യം പെൺമത്സ്യത്തെ കണ്ടെത്തുന്നത്. കണ്ടെത്തിക്കഴിഞ്ഞാൽ അവളുടെ ശരീരത്തിൽ കടിച്ചുപിടിച്ച് അങ്ങനെയിരിക്കും. കുറച്ചു കഴിയുമ്പോഴേക്കും തോലും രക്തവാഹിനികളുമെല്ലാം ചേർന്ന് ഒന്നായിപ്പോവും. ദിവസങ്ങൾകൊണ്ട് ഓരോരോ അവയവങ്ങളായി ഇല്ലാതാവുകയും ബീജം ഉത്പാദിപ്പിക്കുന്ന ഭാഗം മാത്രം നിലനിൽക്കുകയും ചെയ്യും. ഒരു പുരുഷൻ ഒരു ബീജവാഹി മാത്രമായി അവശേഷിക്കുന്ന ദുരന്തം. പെൺമത്സ്യം അണ്ഡം ഉത്പാദിപ്പിക്കുമ്പോൾ ഈ ഭാഗത്തുനിന്ന് ബീജം നൽകും. എപ്പോൾ അണ്ഡം ഉത്പാദിപ്പിക്കുന്നോ അപ്പോൾത്തന്നെ ബീജവും ലഭ്യമാവും എന്നതാണ് ഈ മരണതുല്യ ലൈംഗികതയുടെ സവിശേഷത. ജീവിക്കാൻ വേണ്ടി മരിക്കാനും തയ്യാറാവുന്ന പാവം പുരുഷൻമാർ.. പലപ്പോഴും ഒരു പെൺമത്സ്യത്തിൽ ഒന്നിലേറേ ആണുങ്ങൾ ഒട്ടിപ്പോവാറുണ്ട്. അപ്പോഴെല്ലാം കൂടുതൽ ബീജസാധ്യതയാണ് ഉണ്ടാവുന്നത്. ഇണചേരാൻ തയ്യാറെടുക്കുന്ന തേനീച്ചകൾ | Photo:C Wren/Beelistener ലിംഗം പറിഞ്ഞുപോയി ദുരിതമരണം കേൾക്കുമ്പോൾത്തന്നെ പേടിതോന്നുന്നില്ലേ..? ഇതാണ് തേനീച്ചകളുടെ സ്ഥിതി. പേരിൽ തേനും വയമ്പുമൊക്കെയുണ്ടെങ്കിലും അവയുടെ പ്രജനനം അതിക്രൂരമാണ്. പറന്നുനടക്കുന്ന റാണിത്തേനീച്ചയുടെ പിറകേ ആൺതേനീച്ചകളുണ്ടാവും. അവ ആകാശത്തുവെച്ച് തന്റെ പ്രജനനാവയവം ഉപയോഗിച്ച് റാണിത്തേനീച്ചയിൽ ബീജം കുത്തിവെക്കും. എന്നാൽ അവയവം പിന്നെ പുറത്തേക്കെടുക്കാൻ കഴിയാത്തവിധം കുടുങ്ങിപ്പോവും. റാണിത്തേനീച്ചക്ക് നിന്നുകൊടുക്കാനും നേരമില്ല. അത് പറന്നുപോകും. ആ പറക്കലിൽ പാവം പുരുഷന്റെ അവയവം മുറിഞ്ഞു പോകും. അങ്ങനെ 'പുറത്തുപറയാനാവാത്ത' ഗുരുതരമായ പരിക്കേറ്റ് ആ പുരുഷൻ വീരചരമമടയും. എന്നാൽ റാണിത്തേനീച്ച ഭയങ്കരിയാണ്, ഒരേസമയം ഒന്നോ രണ്ടോ ഡസൻ പുരുഷൻമാരുമായി ഇണചേരാൻ കഴിയും. അവരുടെയെല്ലാം ബീജം ശരീരത്തിൽ ശേഖരിച്ചുവെക്കാനും കൊല്ലങ്ങളോളം അതുപയോഗിച്ച് ഘട്ടം ഘട്ടമായി അണ്ഡവുമായി ചേർത്ത് മുട്ടകൾ വിരിയിക്കാനും കഴിയും. ആൺതേനീച്ചയുടെ ജീവിതധർമം പുത്രോത്പാദനം മാത്രമാണെന്നർഥം. ഒറ്റ ഇണചേരലിൽത്തന്നെ പരമാവധി ബീജം കൈമാറിക്കൊണ്ട്, ജനിക്കാൻപോകുന്ന സ്വന്തം കുഞ്ഞുങ്ങളെ കാണാൻപോലുമാവാതെ ആ മഹാനായ പിതാവ് മരണത്തെപുൽകും. ഇതുകേൾക്കുമ്പോൾ പ്രകൃതി എന്തൊരു ക്രൂരയാണെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. പരിണാമപരമായി ഇതിന് വലിയ ഗുണങ്ങളുണ്ട്. ഒരു ജീവിയുടെ ജീവിതമെന്നതിലപ്പുറം പരമാവധി ജീവികളിലേക്ക് ജീനുകളെ സംക്രമിപ്പിക്കുകയാണ് പരിണാമത്തിന്റെ ആവശ്യം. 'സെൽഫിഷ് ജീൻ' തന്നെ. പല ആൺതേനീച്ചകളുടെ ബീജം ഉപയോഗിക്കുന്നതിനാൽ ജനിതകവൈവിധ്യം ഉറപ്പുവരുത്താനുമാകും. റാണിത്തേനീച്ചയുടെ കുഞ്ഞുങ്ങളെ വളർത്തുന്നത് തേനീച്ചക്കോളനിയിലെ തേനീച്ചക്കുടുംബമാണ്. ജനിതകപരമായി അവരുടെ ബന്ധുക്കളാണല്ലോ ആ കുഞ്ഞുങ്ങൾ. പൊരുതിനേടും ഇണചേരാൻ അവകാശം ഇണചേരാൻ വേണ്ടി യുദ്ധം എന്നതിൽ വലിയ അത്ഭുതമൊന്നുമില്ല. മനുഷ്യചരിത്രത്തിലും അത്തരം യുദ്ധങ്ങൾ എത്രയോ നടന്നിരിക്കുന്നു. എന്നാൽ 'റെഡ് ഡിയർ' എന്ന മാൻവർഗ്ഗത്തിന്റെ കാര്യം അൽപം വ്യത്യസ്തമാണ്. ഇവയിലെ ആണുങ്ങൾ പരസ്പരം പോരാടുന്നത് പെൺമാനുകളെ വശീകരിക്കാനാണ്. ഈ പോരാട്ടം കണ്ട് കോൾമയിർകൊണ്ടുവേണം യുവതി പ്രേമാഭ്യർഥന നടത്താൻ. ഇണചേരും കാലയളവായാൽ ആൺമാൻ അൽപം പരുക്കനാവും. ഉറക്കെ ശബ്ദമുണ്ടാക്കിയും മറ്റും തന്റെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കും. ഇതുകണ്ട് പേടിച്ച് മറ്റു പുരുഷുക്കൾ ചിലപ്പോൾ ഓടിയൊളിക്കും. എതിരാളികളുണ്ടെങ്കിൽ അവരുമായി കൊമ്പുകോർക്കും. നീണ്ട് കരുത്തുള്ള കൊമ്പുകൾ ഉപയോഗിച്ച് പോരാട്ടം തുടങ്ങും. അതിൽ ജയിച്ചാൽ അവന് ലഭിക്കുക ഒരു ഇണയെ മാത്രമല്ല, ഒരു കൂട്ടം ഹൂറിമാരെയാണ്. ഒരു മാൻകൂട്ടത്തിന്റെ മുഴുവൻ നായകനായി മാറാനുള്ള അത്യപൂർവ ഭാഗ്യം. ഇതിലും പരിണാമപരമായി ബുദ്ധിപൂർവമായ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏറ്റവും ശക്തനായ ഇണയെയാണ് ഒരുകൂട്ടം പെൺമാനുകൾക്ക് ലഭിക്കുക. ആ ജനിതകമാണ് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുക. വിജയിക്കുന്നവർ മാത്രം തലമുറകളെ സൃഷ്ടിക്കുന്ന സുരക്ഷിതമായ പ്രജനനരീതി ആ ജീവിയുടെ ഗുണമേൻമക്ക് കാരണമാവുന്നു. അപൂർവമായി പോരാട്ടത്തിൽ പരിക്കേറ്റ് ആൺമാൻ ചത്തുപോവുന്ന സ്ഥിതിയുമുണ്ടാവാറുണ്ട്. ആണ് പെണ്ണാവും, പെണ്ണ് ആണും മനുഷ്യരിൽ ട്രാൻസ് വുമണും ട്രാൻസ് മെന്നുമായി പരിവർത്തനം നടക്കുന്നത് പലപ്പോഴും വേദനാജനകമായ ശസ്ത്രക്രിയയൊക്കെ നടത്തിയാണ്. ആൺശരീരത്തിൽ പെൺ വ്യക്തിത്വവും തിരിച്ചും ഉണ്ടാവുമ്പോഴുള്ള അസ്തിത്വപ്രതിസന്ധിയിലാണ് പലരും ഈ പരീക്ഷണത്തിന് മുതിരുന്നത്. എന്നാൽ സാഹചര്യത്തിനനുസരിച്ച് ലിംഗം മാറ്റാനുള്ള കഴിവ് ചില ജീവികളിലുണ്ട്. ഏറ്റവുമധികം മീൻവർഗങ്ങളിലാണ് ഇതുകാണുന്നത്. 'ക്ലൗൺഫിഷ്' വിഭാഗത്തിലെ മീനുകൾ ജനിക്കുന്നത് ആണായാണ്. എന്നാൽ കൂട്ടത്തിലെ പ്രധാന പെൺമീൻ മരിച്ചാൽ വലിയ ആൺമീൻ പെണ്ണായിമാറും. ഇതിന് നേരേ തിരിച്ചാണ് 'റാസ്' (wrasse) എന്ന മത്സ്യം. ഇവ ആദ്യം പെണ്ണായി ജനിക്കുകയും ആവശ്യംവരുമ്പോൾ ആണാവുകയുമാണ് ചെയ്യുന്നത്. 'പാരറ്റ്ഫിഷ്' എന്ന മീനുകൾക്ക് പലതവണ ലിംഗം അങ്ങോട്ടുമിങ്ങോട്ടും മാറ്റാൻ കഴിയും. മുത്തുച്ചിപ്പികളിൽ കാലാവസ്ഥക്കനുസരിച്ച് ലിംഗമാറ്റം സംഭവിക്കുന്നുണ്ട്. ചില തവളവർഗങ്ങളിലും പാരിസ്ഥിതികാവസ്ഥകൾ കാരണം ലിംഗമാറ്റം സംഭവിച്ചിട്ടുണ്ട്. ഇതരലിംഗത്തിലുള്ള ജീവിയില്ലാതായാലും കാലാവസ്ഥ പ്രതികൂലമായാലുമെല്ലാം പ്രജനനം നടക്കും എന്നതാണ് ഈ പരിണാമത്തിന്റെ ഗുണം. ജീവികളിലെ ഇത്തരം അത്ഭുത ലൈംഗികജീവിതങ്ങൾ പറഞ്ഞാൽ തീരില്ല. പോരാട്ടങ്ങളൊന്നുമില്ലാതെ സുഗമമായി ഇണകളെ തിരഞ്ഞെടുക്കുന്ന ജീവികളുമുണ്ട്. മയിൽ പീലിവിടർത്തിയാടി ഇണകളെ ആകർഷിക്കുന്നത് അതിലൊന്നാണ്. ഇവിടെ പെൺമയിലിന്റെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം പ്രധാനമാണ്. ആരോഗ്യവും ഭംഗിയും നോക്കിയാണ് അവളുടെ തിരഞ്ഞെടുപ്പ്. പക്ഷികൾ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം വശീകരണതന്ത്രങ്ങളാണ്. ഗന്ധംകൊണ്ട് ഇണയെ ആകർഷിക്കുന്ന രീതിയുമുണ്ട്. 'സിൽക്ക് മോത്ത്' പോലുള്ള ശലഭങ്ങൾ ഇത്തരക്കാരാണ്. പെൺശലഭങ്ങൾ ഫിറോമോൺ എന്ന രാസവസ്തു പുറത്തേക്ക് വമിപ്പിക്കും. അതിന്റെ മണം പിടിച്ച് കിലോമീറ്ററുകൾക്കകലെനിന്ന് പോലും കാമുകൻമാരെത്തും. പ്രകാശം പുറപ്പെടുവിപ്പിച്ച് ഇണകളെ ആകർഷിക്കുന്നവരാണ് മിന്നാമിനുങ്ങുകൾ. പ്രത്യേകരീതിയിൽ പ്രകാശം പുറപ്പെടുവിക്കുകയും അത് തിരിച്ചറിഞ്ഞ് ഇണ പ്രതികരിക്കുകയും ചെയ്യും. നന്നായി കൂടുണ്ടാക്കി ഇണയെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്ന വിരുതൻമാരുണ്ട്. 'വീവർ ബേഡ്' എന്നറിയപ്പെടുന്ന കിളികളിൽ ആൺകിളിയാണ് കൂടുണ്ടാക്കുക. ഏറ്റവും സുന്ദരവും സങ്കീർണവുമായി കൂടുണ്ടാക്കും. അതുകഴിഞ്ഞാൽ പെൺപക്ഷിയുടെ ഒരു സുരക്ഷാപരിശോധനയുണ്ട്. അതിൽ വിജയിച്ചാൽ ആ കൂടിന്റെ എൻജിനീയറെ വരനായി സ്വീകരിക്കും. കുഞ്ഞുങ്ങളുടെ സുരക്ഷതന്നെ മുഖ്യലക്ഷ്യം. ഇതെല്ലാം കാണിക്കുന്നത് ജീവികളോ അവയുടെ സ്വഭാവരീതികളോ ഒന്നും പെട്ടെന്നൊരുദിവസം ഉണ്ടായതോ ഉണ്ടാക്കിയതോ അല്ല എന്നാണ്. അതിജീവനത്തിനായി പല ഘട്ടങ്ങളിലൂടെയുള്ള പരിണാമങ്ങളിലൂടെ ആർജിച്ചെടുത്തതാണ് ഈ സ്വഭാവവിശേഷങ്ങളെല്ലാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇണചേർന്ന് ഇണയെ തിന്നുന്നവൾ, യുദ്ധം ജയിച്ച് പ്രലോഭിക്കുന്നവൻ… | Boolokam