കെ .ടി ജലീലിന്റെ കോട്ട പൊളിച്ച് വി.എസ് ജോയ് തവനൂരിൽ വെന്നിക്കൊടി പാറിക്കുമ്പോൾ അത് സമാനതകളില്ലാത്ത മറ്റൊരു കേരള സ്റ്റോറി കൂടിയാണ്. പ്രോപ്പഗാണ്ടകൾക്ക് അപ്പുറം രാഷ്ട്രീയ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ നേർസാക്ഷ്യം. കേവലം ഒരു ശതമാനം പോലും ക്രിസ്ത്യൻ സമൂഹം ഇല്ലാത്ത ഒരു സീറ്റിൽ ഒരു ക്രിസ്തുമതവിശ്വാസിയെ മുസ്ലിം-ഹിന്ദുസമൂഹങ്ങൾ കൈകൊടുത്ത് വിജയിപ്പിച്ച കഥ. കേരള സ്റ്റോറി എന്ന ഉത്തരേന്ത്യൻ പ്രൊപ്പഗാണ്ടയുടെ കാലത്തെ യഥാർഥ കേരള ബദൽ കൂടിയാണ് ഈ വിജയം. ജാതിയും മതവും മാറ്റിവച്ച് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ മലയാളി മറക്കുന്നില്ല എന്ന പാഠവും ഈ തിരഞ്ഞെടുപ്പ് ബാക്കിവെക്കുന്നുണ്ട്. To advertise here, അവസാന ഫലസൂചനകൾ പ്രകാരം പതിമൂവായിരത്തിലേറെ വോട്ടിന്റെ ലീഡുണ്ട് വി.എസ് ജോയിക്ക്. വി.എസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിച്ച പാർട്ടിയുടെ പേര് മുസ്ലിം ലീഗെന്നാണ്. അതാണ് ഈ വിജയത്തിന്റെ പ്രസക്തി. 50 ശതമാനം വരും തവന്നൂരൂലെ മുസ്ലീം സമൂഹം. എന്നിട്ടും വി.എസ് ജോയിയ്ക്ക് വിജയിക്കാനായെങ്കിൽ ഇതൊരു കേരളാ സ്റ്റോറിയല്ലാതെ മറ്റെന്താണ്. ഇനി എന്തുകൊണ്ട് വി.എസ് ജോയി വിജയിച്ചുവെന്നും മറുത്തൊന്ന് ആലോചിക്കാതെ മുസ്ലിം ലീഗ് യുഡിഎഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ എത്തിയ വി.എസ് ജോയിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നും പരിശോധിക്കുമ്പോൾ വരുംകാല രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുഡിഎഫിന് പഠിക്കാനേറെയുള്ള വിജയം കൂടിയാണ് ഇത്. ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലത്തിൽ നിൽക്കുന്നതിനേക്കാൾ ആത്മവിശ്വാസത്തോടെയാണ് വി.എസ് ജോയി തവനൂർക്ക് വണ്ടികയറിയിട്ടുണ്ടാവുക. ജോയിയെ ആദ്യം പരിഗണിച്ച തിരുവമ്പാടിയെക്കാൾ സുരക്ഷിതമായ മണ്ഡലമായി തവനൂരായി മാറാൻ കാരണങ്ങൾ പലതാണ്. പെന്തകോസ്ത് വിശ്വാസിയായ ജോയിയെ തിരുവമ്പാടിയിലെ സഭാ നേതൃത്വം സ്വീകരിക്കുമോ എന്ന ആശങ്കയ്ക്കപ്പുറം ലീഗ് കാലുവാരില്ലെന്ന ഉറച്ച വിശ്വാസം യുഡിഎഫിനുണ്ടായിരുന്നു. ആ വിശ്വാസം ആണ് മുസ്ലിം ലീഗ് കാത്തത്. ആദ്യമായല്ല മുസ്ലീം ലീഗ് ഒരു ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളയാളെ വിജയിപ്പിക്കുന്നത് . 1995ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സാക്ഷാൽ എ.കെ ആന്റണിയെ മുസ്ലിം ലീഗ് തിരൂരങ്ങാടിയിൽ നിന്ന് വിജയിപ്പിച്ചയച്ചിട്ടുണ്ട്. 2011-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ ജലീലല്ലാതെ തവനൂരിന് ഒരു അമരക്കാരൻ ഉണ്ടായിട്ടില്ല. 2006 ൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് അട്ടിമറിച്ച് ജയന്റ് കില്ലറായി തുടങ്ങിയ ജലീലിന്റെ ആദ്യ തോൽവി. അതും മറ്റൊരു നിലമ്പൂരുകാരനായ ജോയിക്ക് ഏറെ അടുപ്പമുള്ളയാളുമായ അന്തരിച്ച വിവി പ്രകാശിനെ തോൽപ്പിച്ചുകൊണ്ട് തവനൂരിൽ നാട്ടിയ കൊടിയാണ് ജോയി എന്ന നിലമ്പൂരുകാരൻ വന്ന് അഴിച്ചുമാറ്റിയത്. പലകുറി തലപുകഞ്ഞ് ആലോചിച്ചാണ് യുഡിഎഫ് വി.എസ് ജോയിയെ തവനൂരിൽ നിർത്തിയത്. തുടക്കത്തിൽ തിരുവമ്പാടിയുമായി വച്ചുമാറി ജോയിയെ മത്സരിപ്പിക്കുന്നത് വരെ ആലോചിച്ചിരുന്നു. 2011 ലെ കന്നിയങ്കത്തിൽ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.ടി ജലീൽ ജയിച്ചത്. 2016-ൽ 17064 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വീണ്ടും നിയമസഭയിലെത്തി മന്ത്രിയായി. 2021-ൽ ഫിറോസ് കുന്നുമ്പറമ്പിലിനോട് വിയർത്തെങ്കിൽ 2564 എന്ന ചെറിയ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങി. അപ്പോഴും കെ.ടി ജലീലിനെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ശക്തനായ ഒരു സ്ഥാനാർത്ഥിയെ തോൽപ്പിച്ച് സിറ്റിങ് സീറ്റ് പിടിച്ചെടുത്തു എന്നതില്ല ഈ വിജയത്തിന്റെ പ്രസക്തി. അതിനുമപ്പുറം അക്കമിട്ടുനിരത്താൻ പ്രത്യേകതകൾ ഏറെയുള്ളതാണ് വി.എസ് ജോയിയുടെ ഈ കന്നി വിജയം. മലപ്പുറത്ത് ചരിത്രം പരിശോധിച്ചാൽ കോൺഗ്രസും ലീഗും അത്ര നല്ല ബന്ധത്തിലായിരുന്നില്ല 2016 കാലം വരെ. ലീഗിന് അമ്രപാദിത്വം ഉള്ള ജില്ലയിൽ അരികുവൽക്കരിക്കപ്പെടുമോയെന്ന കോൺഗ്രസ് നോതാക്കൻമാരുടെ സന്ദേഹം ലീഗ് കോൺഗ്രസ് പോരിന് പല തവണ കാരണമായിട്ടുണ്ട്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ വി.എസ് ജോയിയുടെ തട്ടകമായ നിലമ്പൂരിലെ നേതാവ് ആര്യാടൻ മുഹമ്മദും. ആ പിണക്കങ്ങൾ മറന്നാണ് ലീഗ് നിലമ്പൂരുകാരനായ ഒരു കോൺഗ്രസുകാരനെ വിജയിപ്പിച്ചെടുത്തത്. ലീഗിനെ തോൽപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും ഇടത് ഒന്നാകെയും കൈകൊടുത്ത സാമ്പാർ മുന്നണി പരീക്ഷണവും മലപ്പുറം ജില്ല പലതവണ കണ്ടതാണ്. അങ്ങനെ വെറുതെ ലീഗിന്റെ ഖൽബായതൊന്നുമല്ല വി.എസ് ജോയി. പ്രവർത്തകരുമായും അതേപോലെ നേതൃത്വവുമായും അടുത്ത ബന്ധമാണ് വി.എസ് ജോയിക്കുള്ളത്. ലീഗിന്റെ സ്വന്തം ജില്ലയിൽ യുഡിഎഫ് സംവിധാനത്തെ സ്വരച്ചേർച്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ വി.എസ് ജോയിക്കുള്ള പങ്ക് വലുതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം, പഞ്ചായത്ത് ഇലക്ഷനിലെ ജില്ലയിലെ മുന്നേറ്റം എല്ലാം വി.എസ് ജോയിയുടെ മാറ്റ് കൂട്ടി. കൂടാതെ നിരവധി പ്രവർത്തകർ മറ്റ് പാർട്ടികളിൽ നിന്ന് കൂടുമാറി ഒട്ടേറേ പേർ കോൺഗ്രസിൽ ചേർന്നതും വി.എസ് ജോയി ജില്ലാ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ്. ജോയിയുടെ ഈ വിജയത്തിളക്കം ആഘോഷിക്കപ്പെടുമ്പോഴും ഒരു പരാജയത്തിന്റെ കാലവും ജോയിക്കുണ്ട്. വർഷം 2016. ഒന്നാം പിണറായി സർക്കാരിന്റെ വരവ് അറിയിച്ച തിരഞ്ഞെടുപ്പ്. വി.എസ് അച്യുതാനന്ദൻ എന്ന മുൻ മുഖ്യമന്ത്രിക്കെതിരെ മലമ്പുഴയിൽ കോൺഗ്രസ് നിയോഗിച്ച 'ചാവേർ' ആയിരുന്നു വി.എസ് ജോയ് എന്ന ചെറുപ്പക്കാരൻ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന ജോയിക്ക് രാഷ്ട്രീയമായോ സാമുദായിക സമവാക്യങ്ങൾ അനുസരിച്ചോ യാതൊരു സാധ്യതയും ഇല്ലാത്ത മണ്ഡലത്തിലേക്കായിരുന്നു ആ നിയോഗം. ഫലം വന്നപ്പോൾ ജോയ് എട്ടുനിലയിൽ പൊട്ടി എന്ന് മാത്രമല്ല യുഡിഎഫ് ആദ്യമായി അവിടെ ബിജെപിക്ക് പിന്നിൽ മൂന്നാമതായി. പിന്നെ ഇതുവരെ അവിടെ മുഖ്യ എതിരാളിയുടെ റോൾ കോൺഗ്രസിന് കിട്ടിയിട്ടില്ല. വൈകാതെ യൂത്ത് കോൺഗ്രസിലെത്തി അധികം വൈകാതെ മലപ്പുറം ഡിസിസി പ്രസിഡന്റായിട്ടായിരുന്നു ജോയിയുടെ പ്രമോഷൻ. ചുരുങ്ങിയ കാലം കൊണ്ട് ജോയ് കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് ഡിസിസി പ്രസിഡന്റുമാരിൽ ഒരാളായി റേറ്റിങ്ങിൽ മുന്നിലെത്തി. ജോയ് ഡിസിസിയുടെ തലപ്പത്ത് വരുന്നതിന് മുമ്പ് വരെ യുഡിഎഫാണെങ്കിലും ലീഗും കോൺഗ്രസും തമ്മിൽ പല പഞ്ചായത്തുകളിലും നഗരസഭകളിലും അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും നിലനിന്നിരുന്നു. ലീഗ്-കോൺഗ്രസ് ബന്ധം വിളക്കിച്ചേർക്കുന്നതിൽ വഹിച്ച ജോയ് മാജിക് തന്നെയാണ് മലമ്പുഴ പോലെ തന്നെ സാമുദായിക സമവാക്യങ്ങൾ പ്രകാരം യാതൊരു ജയ സാധ്യതയുമില്ലാത്ത തവനൂർ മണ്ഡലത്തിൽ നിന്നുള്ള ഈ അട്ടിമറി വിജയത്തിലേക്ക് നയിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിജയിച്ച വി.എസ് ജോയി ''ഈ തിരഞ്ഞെടുപ്പിൽ നിന്നെന്നല്ല ഒരു ആയിരം തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചാലും അര വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.'' ഇത് വി.എസ് ജോയി പറഞ്ഞ വാക്കുകൾ ആണ്. കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുത്ത വാക്കുകൾ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് രാജിവെച്ച അൻവർ വി.എസ് ജോയിക്ക് പിന്തുണ പറയുകയും വി.എസ് ജോയി സ്ഥാനാർഥിയെന്ന് ചാനലുകളിൽ ബ്രേക്കിങ് ന്യൂസുകൾ വന്നു. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിത്വത്തിനായി കരുക്കൾ നീക്കുകയും ചെയ്ത സമയം. അൻവറിന്റെ ഭീഷണിയും മറികടന്ന് നേതൃത്വം ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നു. ഒരു പൊട്ടിത്തെറിയോ വിവാദ പരാമർശമോ പ്രതീക്ഷിച്ച നിന്ന മാധ്യമപ്രവർത്തകർക്ക് മുമ്പിൽ വി.എസ് ജോയി നടത്തിയ പ്രതികരണമാണ് മുകളിൽ വായിച്ചത്. പരാതിയോ പരിഭവമോ ഇല്ലാതെ തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ ഷൗക്കത്തിന്റെ വിജയത്തിനായി കളംനിറഞ്ഞ് പ്രചാരണം നയിച്ച് ജോയി യുഡിഎഫിനെ, ആര്യാടൻ ഷൗക്കത്തിനെ വിജയത്തിലെത്തിച്ചു. ജന്റിൽമാൻ ജോയി വി.എസ് ജോയിക്ക് പ്രവർത്തകർക്കിടയിൽ ഒരു പേരുണ്ട്. ജന്റിൽമാൻ ജോയി. ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ എതിരാളികളെപ്പോലും വി.എസ് ജോയി വെറുപ്പിക്കാറില്ല. പ്രസംഗങ്ങളും വിമർശനങ്ങളും രാഷ്ട്രീയത്തിനപ്പുറത്തേക്ക് വ്യക്തി വിമർശനത്തിലേക്ക് പോകാറില്ല. അതുകൊണ്ടുതന്നെ എതിരാളികൾക്കിടയിൽ പോലും ജോയിക്ക് ഹെയ്‌റ്റേഴ്‌സില്ല. സോഷ്യൽ മീഡിയ തള്ളുകളും റീൽസിനുവേണ്ടി മാത്രമുള്ള പാർട്ടിപ്രവർത്തനങ്ങളും ജോയിക്ക് പതിവില്ല. എന്തുകൊണ്ടും കോൺഗ്രസ് യുവനേതൃനിരയിൽ നിന്നും വി.എസ് ജോയി വ്യത്യസ്തനാണ്. ക്യാമ്പസ് രാഷ്ടീയം മുതൽ ഈ തിരഞ്ഞെടുപ്പ് വിജയം വരെ വി.എസ് ജോയിയുടെ പേരിൽ ഒരു വിവാദങ്ങൾ പോലും ഇല്ല. പോത്തുകല്ല് എന്ന മലയോരഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച വി.എസ് ജോയി കെ.എസ്.യു വഴിയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കെ.എസ്.യുവിന്റെ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടേയും കോൺഗ്രസിന്റെയും വിശ്വസ്തനായി 2012 മുതൽ 2017 വരെ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2017 മുതൽ 2020 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2015-ൽ കെ.പി.സി.സി അംഗമായ ജോയ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ മുതിർന്ന മാർക്‌സിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2020-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ് ജോയി. നിലവിൽ 2021 മുതൽ മലപ്പുറം ഡി.സി.സി പ്രസിഡന്റാണ്. കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ റേറ്റിങ്ങിൽ മുന്നിലുള്ള മൂന്ന് പേരിൽ ഒരാൾ വി.എസ് ജോയിയാണ്. പുനഃസംഘടനാ ചർച്ച ഉയർന്നപ്പോൾ ഹൈക്കമാൻഡ് റിപ്പോർട്ട് പോലും ഡിസിസി പ്രസിഡന്റായി ജോയ് തുടരണം എന്നായിരുന്നു.

ഇതാ തവനൂരിൽ നിന്നൊരു കേരളാ സ്റ്റോറി: ജലീലിനെ ജയിച്ച് വി.എസ് ജോയ്
M
MathrubhumiSource Link
about 1 hour ago
