ടൗണിലെത്തുന്നവർ ഇഴജന്തുക്കളെ പേടിക്കണം To advertise here, തൊടുപുഴ : തെക്കുംഭാഗം ടൗണിന് മുകളിലൂടെയാണ് എം.വി.ഐ.പി.യുടെ അക്വഡക്ട് കനാൽ കടന്നുപോകുന്നത്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ കനാലിലേക്ക് കാടുകയറി. ഇപ്പോൾ കനാലിന്റെ മുകൾഭാഗം വരെ 50 അടിയോളം പൊക്കത്തിൽ കാട് വളർന്നുകിടക്കുകയാണ്. ടൗണിൽ എത്തുന്നവർ ഇഴജന്തുക്കളെ പേടിക്കേണ്ട അവസ്ഥയാണ്. കണ്ണിൽ മുള്ളുകൊള്ളും കനാലിന്റെ ഇരുവശത്തും കാട് വളർന്ന് കിടക്കുകയാണ്. ഇവിടെ മുൾപ്പടർപ്പുകളാണ് കൂടുതൽ. റോഡിലേക്ക് ഇത് വളർന്ന് ഇറങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഇരുചക്ര വാഹന യാത്രക്കാരുടെ കണ്ണിൽക്കൊള്ളും. കൂടാതെ ഇഴജന്തുക്കളും ഇവിടം താവളമാക്കിയിട്ടുണ്ട്. തൊട്ടടുത്തുതന്നെ കടകളുണ്ട്. കാഞ്ഞാർ-കാരിക്കോട് റോഡ് കടന്നുപോകുന്നതും കനാലിന്റെ ബ്രിഡ്ജിന് താഴേക്കൂടിയാണ്. കടയിലെത്തുന്നവരും കാൽനടയാത്രക്കാരും പാന്പിനെ പേടിക്കണം. കനാലിന്റെ ഭിത്തിയിൽ ആൽമരങ്ങളും വളരുന്നുണ്ട്. ഇത് കനാൽ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാക്കാം. മറ്റ് മരങ്ങളുടെ വേരുകളും ഭിത്തിയെ വരിഞ്ഞുമുറുക്കുന്നു. മൂവാറ്റുപുഴ താഴ്വര ജലസേചന പദ്ധതി അധികൃതരാണ് കാടുകൾ വെട്ടി കനാൽ പരിപാലിക്കേണ്ടത്. എന്നാൽ, കാടുവെട്ടിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു.മഴക്കാലമാകുമ്പോൾ കാട് ഇനിയും വളരും. കൂടുതൽ അപകടസ്ഥിതിയാകും. അതിനാൽ മഴവരും മുൻപ് കാടുവെട്ടി അപകടാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം. തെക്കുംഭാഗം ടൗണിന് മുകളിൽക്കൂടി കടന്നുപോകുന്ന കനാൽ കാടുമൂടിയ നിലയിൽ Published: 06 Apr 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
