ഒരുമാസത്തിനിടെ അരഡസനിലേറെ വ്യാജ ബോംബുഭീഷണി To advertise here, കോഴിക്കോട് : ഒരുമാസത്തിനിടെ നഗരത്തിൽ അരഡസനോളം വ്യാജ ബോംബുഭീഷണി. ബുധനാഴ്ച കളക്ടറേറ്റ് സമുച്ചയത്തിലെ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് വളപ്പിൽ ഉച്ചയ്ക്ക് 1.10-ന് 13 ബോംബുകൾ പൊട്ടുമെന്നായിരുന്നു ആർ.ടി.ഒ.യുടെ മെയിലിലെത്തിയ സന്ദേശം. തുടർന്ന് 12.15-ഓടെയെത്തിയ ഡോഗ്-ബോംബ് സ്‌ക്വാഡുകൾ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിച്ച് അരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. നടക്കാവ് പോലീസും സ്ഥലത്തെത്തിയിരുന്നു. വടകര, കൊയിലാണ്ടി ആർ.ടി. ഒാഫീസുകളിലും ഇതേസമയത്തുതന്നെ ബോംബുകൾ പൊട്ടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. മാർച്ച് 10-ന് ജില്ലാകോടതിയിലും അതേദിവസംതന്നെ വെസ്റ്റ്ഹിൽ പോസ്റ്റ് ഓഫീസിലും രണ്ടുതവണ മെഡിക്കൽ കോളേജിലും ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജസന്ദേശങ്ങളാണ് ഒരുമാസത്തിനിടെ ഉണ്ടായത്. ഡോഗ്, ബോംബ് സ്‌ക്വാഡുകൾ എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. മാനാഞ്ചിറ ജി.എസ്.ടി.-ആദായനികുതി ഓഫീസിനുനേരേയും വ്യാജ ബോംബുഭീഷണി ഉണ്ടായിരുന്നു. ജില്ലാകോടതിയിൽ പരിശോധനയ്ക്ക് ടൗൺ പോലീസുമെത്തിയിരുന്നു. തുടർച്ചയായുണ്ടാകുന്ന വ്യാജഭീഷണികൾ പോലീസിനും തലവേദനയാകുകയാണ്. മൂന്നാഴ്ചമുൻപ് ജില്ലാകോടതിക്കുനേരേയുണ്ടായ ബോംബുഭീഷണിക്കു സമാനമായ ഭീഷണിയാണ് ബുധനാഴ്ച ആർ.ടി. ഓഫീസിനുനേരേയും ഉണ്ടായത്. ദ്രാവിഡനാട് സർക്കാർ-പ്രവാസം എന്നാണ് ഭീഷണിസന്ദേശത്തിന്റെ താഴെ കൊടുത്തിരിക്കുന്ന വിലാസം. തമിഴ്‌നാട് സർക്കാരിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്നതായും അതൃപ്തിയുടെ സൂചനയായി തങ്ങളുടെ നേതാക്കൾ മാർച്ച് 31 മുതൽ തുടങ്ങിയ നിയമവിരുദ്ധവത്കരണവാരം നേരിട്ടുള്ള പ്രവർത്തനവാരമായി പ്രഖ്യാപിക്കുകയാണെന്നും ഇതിൽ പറയുന്നു. കേരളത്തിലെ നിങ്ങളുടെ ആർ.ടി.ഒ. ഒാഫീസാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മനുഷ്യരെ ഒഴിപ്പിക്കണമെന്നും സ്വത്തുനഷ്ടംമാത്രമാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഇതിലെ മറ്റു വാചകങ്ങൾ. ജില്ലാകോടതിക്കുനേരേ ബോംബുഭീഷണി ഉയർത്തി ഇ-മെയിലിൽ പോസ്റ്റ് ചെയ്ത സന്ദേശം തുടങ്ങുന്നത് പാകിസ്താൻ-എം.കെ. സ്റ്റാലിൻ സിന്ദാബാദ് എന്നു പറഞ്ഞുകൊണ്ടാണ്. രണ്ടു സന്ദേശത്തിലെയും വിലാസങ്ങൾ വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. പരസ്പരബന്ധമില്ലാതെയാണ് ഇതിൽ വാചകങ്ങൾ എഴുതിയിട്ടുള്ളത്. വ്യാജ ബോംബുഭീഷണി വർധിക്കുന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1100 വ്യാജസന്ദേശങ്ങൾ അയച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ അറസ്റ്റിലായ മൈസൂരു സ്വദേശിയുമായി ബന്ധമുള്ളവരാണോ വ്യാജ ബോംബുഭീഷണിക്ക് പുറകിലുള്ളതെന്നും അന്വേഷിക്കുന്നുണ്ട്.

ഇത്തവണ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിനുനേരേ
M
MathrubhumiSource Link
about 1 month ago