കോട്ടയം : ‘അപ്രോച്ച് റോഡില്ല. പരിപ്പ് തൊള്ളായിരം പാലം വന്നിട്ടും ഒരു കാര്യമില്ലെന്ന’ അവസ്ഥയിലായ നാട്ടുകാർക്കിത് ആശ്വാസകാലം. അയ്മനം പഞ്ചായത്തിൽ 26-വർഷമായി നിർമാണം നിലച്ചുപോയ പരിപ്പ്-തൊള്ളായിരം പാലം പൊളിച്ചു അനുബന്ധറോഡ് നിർമിക്കുന്നു. To advertise here, പരിപ്പ്-തൊള്ളായിരം റോഡിന്റെ പുനർനിർമാണ ഭാഗമായാണ് പാലം പൊളിച്ചത്. ഉയരംകൂടിയ പാലം പൊളിച്ചുമാറ്റി റോഡിനനുസൃതമായി ഉയരം കുറഞ്ഞ പാലം നിർമിക്കുകയാണ്. നാല് മീറ്റർ പൊക്കമുണ്ടായിരുന്ന പാലത്തിന്റെ പൊക്കം പാതിയായി കുറയ്ക്കും. റോഡ് മണ്ണടിച്ച് വീതികൂട്ടലും പുരോഗമിക്കുകയാണ്. പാലം പുനർനിർമിച്ച് റോഡ് ഉയർത്തി പൂർണമായി കൊരുപ്പുകട്ടകൾ പാകും. പി.എം. ജി.എസ്.വൈ.യിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതി പൂർത്തിയാക്കാൻ 7.08 കോടി രൂപ അനുവദിച്ചിരുന്നു. പരിപ്പ് മുതൽ തൊള്ളായിരം വരെയുള്ള 2.719 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. പാലം നിർമിച്ചത് 2001-ൽ അയ്മനം പഞ്ചായത്തിലെ പരിപ്പിൽനിന്ന് തൊള്ളായിരം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമാണം ആരംഭിച്ചത്. 600-ലേറെ കുടുംബങ്ങൾക്കു പ്രയോജനപ്പെടുംവിധം പാടശേഖരങ്ങൾക്കു സമീപത്തു കൂടിയാണു റോഡ് നിർമിച്ചത്. ഇതിൽ 2000-ൽ പൂർത്തിയാക്കിയ പാലമാണ് അനുബന്ധറോഡ് നിർമിക്കാതെ ആകാശത്തു പൊങ്ങിനിന്നത്. അന്നത്തെ എം.പി. സുരേഷ് കുറുപ്പിന്റെ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ മുടക്കി പാലം പൂർത്തിയാക്കിയെങ്കിലും അനുബന്ധറോഡ് നിർമിക്കാതെ വന്നതോടെ ഇത്രയും കാലം പാലം കടക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. പാലത്തിന് ഉയരം കൂടുതലെന്നാണ് പൊതുമരാമത്തുവകുപ്പിന്റെ കണ്ടെത്തൽ. അനുബന്ധറോഡ് നിർമാണത്തിനു പലതവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. മണ്ണ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ഉൾപ്പെടെ പല പ്രശ്നങ്ങളാണ് കരാറുകാർ തടസ്സമായി പറഞ്ഞത്. പാലം നിൽക്കുന്ന സ്ഥലത്തു മുട്ടിട്ട് താത്കാലിക റോഡ് ഒരുക്കിയാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. കവണാറ്റിൻകര വരെ പരിപ്പ്-തൊള്ളായിരം റോഡ് അവസാനിക്കുന്ന സ്ഥലത്തെ മാഞ്ചിറയിലുള്ള പാലം വാഹനം പോകുംവിധം പുനർനിർമിച്ചാൽ കുമരകം-ചേർത്തല റോഡിൽ കവണാറ്റിൻകര വരെ എത്താനുള്ള വഴി തുറന്നുകിട്ടും. അതിനാൽ അവിടത്തെ പാലവും റോഡും പി.എം.ജി.എസ്.വൈ. രണ്ടാം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കണമെന്ന് എം.പി. ഫ്രാൻസിസ് ജോർജിന് കത്ത് നൽകി. -ജെയ്േമാൻ കരീമഠം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂർ. കാർഷിക ആവശ്യങ്ങൾ വേഗമാകും കൃഷിക്കാർക്ക് അനായാസം യാത്രചെയ്യാനും കാർഷിക ആവശ്യങ്ങൾ വേഗം നിറവേറ്റാനുംകഴിയും. കോട്ടയം-കുമരകം റോഡിന്റെ ബൈപ്പാസായി റോഡ് വരുന്നതോടെ കുമരകത്ത് അനായാസം എത്തിച്ചേരാം. വരന്പനികംപോലെ ഒറ്റപ്പെട്ട സ്ഥലങ്ങൾക്ക് കൂടുതൽ ഗുണംചെയ്യും -മനോജ് കരീമഠം, പ്രദേശവാസി.
