ഇനിയും ഞങ്ങളെ ചതിക്കരുത്...

ഇനിയും ഞങ്ങളെ ചതിക്കരുത്...

ഇടമലക്കുടിയിലെ റേഷൻ വിതരണാവകാശം വിട്ടുനൽകണമെന്ന് മുതുവാൻ സമുദായ സംഘടന To advertise here, മറയൂർ : ഇടമലക്കുടിയിലെ റേഷൻ വിതരണാവകാശം ഇടമലക്കുടിക്കാർക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായി മുതുവാർ ആദിവാസി സമുദായ സംഘടന രംഗത്ത്. കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും ഉള്ള യുവതീയുവാക്കൾ ഉന്നതികളിലുണ്ടെന്നും അവരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ച് റേഷൻ വിതരണം നടത്താനുള്ള അവകാശം വിട്ടുതരണമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് എം. പാൽ രാജ്, സെക്രട്ടറി വി.സേതുറാം എന്നിവർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഉന്നതികളിൽ സംഘടനയുടെ നേതൃത്വത്തിൽ ഊരുകൂട്ടം കൂടി ചർച്ച നടന്നുവരുകയാണെന്നും ഇവർ പറഞ്ഞു. മുതുവാൻ സൊസൈറ്റി എന്ന പേരിൽ രജിസ്‌ട്രേഷൻ ഉള്ള സംഘടന കുടികളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നിലവിലെ ഗിരിജൻ സൊസൈറ്റിയിലുള്ള വിശ്വാസം കുടിക്കാർക്ക് നഷ്ടപ്പെട്ടുവെന്നും റേഷൻ വിതരണം പൂർണമായും കുടിക്കാരുടെ നിയന്ത്രണത്തിൽ നല്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനായി ഉന്നതതല ഉദ്യോഗസ്ഥർക്ക് നിവേദനം സമർപ്പിക്കുവാനൊരുങ്ങുകയാണ്. 2026 ഫെബ്രുവരി മുതൽ ഇടമലക്കുടി പഞ്ചായത്തിലെ വിവിധ ഉന്നതികളിൽ വിതരണം ചെയ്യേണ്ട 64 ടൺ റേഷനരി വിതരണം ചെയ്യാതെ മറിച്ചുവിറ്റതിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണ്. ഇടമലക്കുടി ഗിരിജൻ സർവീസ് സഹകരണ സംഘത്തിനാണ് റേഷൻ കടകളുടെ ലൈസൻസുള്ളത്. സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നീ ഉന്നതികളിലാണ് രണ്ട്‌ റേഷൻകടകൾ പ്രവർത്തിക്കുന്നത്. ഫെബ്രുവരി മുതൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലായെന്ന് ആരോപിച്ച് ജനപ്രതിനിധികളും കുടിക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ റേഷനിങ് ഇൻസ്‌പെക്ടർമാർ ഉന്നതികളിലെത്തി നടത്തിയ പരിശോധനയിലാണ് 64 മെട്രിക് ടൺ അരിയും പഞ്ചസാര അടക്കമുള്ള സാധനങ്ങളും സ്റ്റോക്കിലില്ല എന്ന് കണ്ടെത്തിയത്. റേഷൻ സാധനങ്ങളുടെ സ്റ്റോക്കിന്റെയും വിതരണം ചെയ്തതിന്റെയും യാതൊരു രേഖകളും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സിവിൽ സപ്ളൈസ്, റവന്യൂ, പോലീസ്, സഹകരണസംഘം വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണ്. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്‌സൺ ജിനു സക്കറിയ ഉമ്മൻ ഉന്നതികളിൽ നേരിട്ടെത്തി ക്രമക്കേട് പരിശോധിച്ചു. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്ന നിർദേശം സർക്കാരിന് സമർപ്പിച്ചു. രണ്ട്‌ റേഷൻ കടകളുടെ നിലവിലെ ലൈസൻസുകൾ റദ്ദാക്കി പെട്ടിമുടി റേഷൻ കടയ്ക്ക് അധിക ചുമതലയും നല്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനിയും ഞങ്ങളെ ചതിക്കരുത്... — Mathrubhumi | Boolokam | Boolokam