ദക്ഷിണാഫ്രിക്കയിൽ നിന്ന് നാല് ചീറ്റകൾ ബന്നാർഘട്ടയിലെത്തി To advertise here, ബെംഗളൂരു : രാജ്യത്ത് വംശനാശം നേരിട്ട വന്യജീവിയായ ചീറ്റപ്പുലികളിൽ നാലെണ്ണംകൂടി ഇന്ത്യക്ക് സ്വന്തമായി. ദക്ഷിണാഫ്രിക്കയിലെ ഇൻഡുന പ്രിമേറ്റ് ആൻഡ് പാരറ്റ് പാർക്കിൽനിന്ന് നാല് ചീറ്റപ്പുലികൾ ബെംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിൽ പുതിയ അതിഥികളായെത്തി. മൃഗശാലകൾ തമ്മിൽ വന്യമൃഗങ്ങളെ കൈമാറുന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ട് ആൺപുലിയും രണ്ടു പെൺപുലിയും ബന്നാർഘട്ടയിലെത്തിയത്. ഇവയുടെ കടന്നുവരവ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ തിരിച്ചുപിടിക്കാനുള്ള പദ്ധതിയിലെ പുതിയ കാൽവെപ്പായി. കരയിൽ ഏറ്റവുംവേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള സസ്തനികളെന്നുപേരുള്ള ഈ പുലികളെ ഇനി ബന്നാർഘട്ടയിലെത്തുന്ന സന്ദർശകർക്ക് നേരിൽക്കാണാം. ശനിയാഴ്ച പുലർച്ചെ ഒന്നേകാലോടെ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ചീറ്റപ്പുലികളെ വനംമന്ത്രി ഈശ്വർ ഖാൻഡ്രെ സ്വീകരിച്ചു. വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നേരിട്ടെത്തിയാണ് മന്ത്രി ഇവയെ സ്വീകരിച്ചത്. ചീറ്റകളെ 30 ദിവസം ക്വാറന്റീനിൽ നിരീക്ഷിക്കാനും ഇവയ്ക്ക് നിശ്ചിത ഭക്ഷണക്രമങ്ങൾ ഏർപ്പെടുത്താനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകാൻ നിർദേശിച്ചു. നാല് ചീറ്റകളുടെയും ആരോഗ്യപരിശോധനയ്ക്കുശേഷം മൃഗശാലാ അധികൃതർ ക്വാറന്റീൻ സംവിധാനത്തിൽ പ്രവേശിപ്പിച്ചു. ക്വാറന്റീൻ വാസത്തിനുശേഷം ചീറ്റകളെ സന്ദർശകർക്ക് കാണാൻ അവസരമൊരുക്കും. Published: 19 Apr 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
