ആണവോർജ മേഖലയിൽ സുപ്രധാന നേട്ടം To advertise here, ചെന്നൈ : ആണവോർജ മേഖലയിൽ കുതിപ്പിന് വഴിയൊരുക്കിക്കൊണ്ട് തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യ തദ്ദേശീയമായി നിർമിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (പി.എഫ്.ബി.ആർ.) ക്രിട്ടിക്കൽ അവസ്ഥ കൈവരിച്ചു. സുരക്ഷിതവും സുസ്ഥിരവുമായി ആണവ വിഘടനത്തിലെ ശൃംഖലാ പ്രവർത്തനത്തിലൂടെ ഊർജോത്പാദനത്തിന് ആണവ റിയാക്ടർ സജ്ജമാകുന്ന അവസ്ഥയെയാണ് ‘ക്രിട്ടിക്കാലിറ്റി’ എന്നു പറയുന്നത്. സുരക്ഷിതമായ ഊർജോത്പാദനത്തിന് തൊട്ടുമുൻപുള്ള ഘട്ടമാണിത്. മതിയായ സുരക്ഷാ പരിശോധനകളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതോടെ ഇവിടെനിന്ന് വൈദ്യുതോത്പാദനം ആരംഭിക്കാനാവും. ഉപയോഗിക്കുന്നതിനേക്കാൾ ഇന്ധനം നിർമിക്കപ്പെട്ടുകൊണ്ടേയിരിക്കും എന്നതാണ് രണ്ടാം തലമുറയിൽപ്പെട്ട പി.എഫ്.ഇ.ആർ. റിയാക്ടറുകളുടെ സവിശേഷത. ഇവിടെനിന്ന് വൈദ്യുതോത്പാദനം ആരംഭിക്കുന്നതോടെ റഷ്യയ്ക്കുശേഷം വാണിജ്യാടിസ്ഥാനത്തിൽ പി.എഫ്.ഇ.ആർ. പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ആണവോർജ വകുപ്പിനു കീഴിലുള്ള ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റമിക് റിസർച്ച് (ഐ.ജി.സി.എ.ആർ.) രൂപകല്പന ചെയ്ത് ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡാണ് (ഭാവിനി) റിയാക്ടർ നിർമിച്ചത്. 2003-ലാണ് ഇതിന്റെ നിർമാണത്തിന് അനുമതി നൽകിയത്. 200-ലധികം സ്ഥാപനങ്ങൾ ഇതുമായി സഹകരിച്ചു. ആണവോർജ കമ്മിഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തിയുടെയും ഐ.ജി.സി.എ.ആർ. ഡയറക്ടർ ശ്രീകുമാർ ജി. പിള്ളയുടെയും സാന്നിധ്യത്തിലാണ് പി.എഫ്.ഇ.ആർ. ക്രിട്ടിക്കാലിറ്റി കൈവരിച്ചത്. മിശ്രിത യുറേനിയം-പ്ലൂട്ടോണിയം ഓക്‌സൈഡാണ് പി.എഫ്.ഇ.ആറിലെ ഇന്ധനം. ആവരണമായി യുറേനിയം-238 ഉപയോഗിക്കും. അണുവിഘടനം വഴിയുണ്ടാവുന്ന ന്യൂട്രോണിനെ ഈ ആവരണം ആഗിരണം ചെയ്യുമ്പോൾ അത് പ്ലൂട്ടോണിയം-239 ആയി മാറും. അതിനെ വീണ്ടും ഇന്ധനമാക്കാമെന്നതുകൊണ്ടാണ് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ലഭിക്കുന്നത്. ദ്രവീകൃത സോഡിയമാണ് ശീതീകരണിയായി ഉപയോഗിക്കുന്നത്. ഭാവിയിൽ തോറിയം-232 ഇന്ധനമായി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്പന. ഖനജലം ശീതീകരണിയായി ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ് ഇന്ത്യയുടെ ഒന്നാംതലമുറ ആണവ നിലയങ്ങൾ. തോറിയം ഇന്ധനമായി പ്രവർത്തിക്കുന്നവയാണ് ഭാവിയിലെ മൂന്നാംതലമുറ റിയാക്ടറുകൾ. രണ്ടിനുമിടയിലാണ് പി.എഫ്.ഇ.ആറിന്റെ സ്ഥാനം. നിലവിലുള്ള റിയാക്ടറുകളിൽനിന്നുള്ള പ്ലൂട്ടോണിയം ഇതിൽ ഉപയോഗിക്കാം. പരിമിതമായ യുറേനിയം ശേഖരത്തിനു പകരം ഇന്ത്യയുടെ തോറിയം ശേഖരം ഭാവിയിൽ ഉപയോഗപ്പെടുത്താനാവും. ഊർജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനക്ഷമമാകുന്നു
M
MathrubhumiSource Link
about 1 month ago