ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് പകരമായി ഇന്ത്യ ഇറാന്റെ മൂന്ന് കപ്പലുകൾ പിടിച്ചെടുത്തെന്നും അവ വിട്ടയക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ഇറാനും ചർച്ച നടത്തിയെന്നുമുള്ള വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. ഈ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. ഈ കപ്പലുകൾ ഇറാന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന വാദവും സർക്കാർ നിഷേധിച്ചു. To advertise here, ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധിക്കിടയിൽ, ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്ക് പകരമായി, പിടിച്ചെടുത്ത മൂന്ന് ടാങ്കർ കപ്പലുകൾ വിട്ടയക്കാൻ ഇറാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായി നേരത്തെ റോയിട്ടേഴ്‌സ് (Reuters) റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ സ്ഥാനപതി തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഈ വിഷയം ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ടാണ് അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് ഇന്ത്യ ഇപ്പോൾ തള്ളിയിരിക്കുന്നത്. 'ഈ റിപ്പോർട്ട് അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെയും ഇറാന്റെയും അധികൃതർ തമ്മിൽ ഇത്തരമൊരു ചർച്ചയും നടന്നിട്ടില്ല. അതുമാത്രമല്ല, ഈ മൂന്ന് കപ്പലുകളും ഇറാന്റെ ഉടമസ്ഥതയിലുള്ളതല്ല.' കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി. ഫെബ്രുവരിയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മൂന്ന് എണ്ണ ടാങ്കറുകൾ ഇന്ത്യൻ തീരദേശ അധികൃതർ പിടിച്ചെടുത്തിരുന്നു. മുംബൈ തീരത്തുവെച്ച് തടഞ്ഞ ഈ കപ്പലുകൾക്ക് നിയമവിരുദ്ധ എണ്ണക്കച്ചവടത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായാണ് കപ്പലുകൾ പിടിച്ചെടുത്തത്. സ്റ്റെല്ലാർ റൂബി (Stellar Ruby), അസ്ഫാൽറ്റ് സ്റ്റാർ (Asphalt Star), അൽ ജഫ്‌സിയ (Al Jafzia) എന്നീ 'ഷാഡോ ഫ്‌ളീറ്റ്' കപ്പലുകളാണ് ഫെബ്രുവരി ആറിന് ഇന്ത്യ പിടിച്ചെടുത്തത്. ടെഹ്റാനെ ആക്രമിക്കാൻ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം ചില നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രയേലും അമേരിക്കയും സൃഷ്ടിച്ച അരക്ഷിതാവസ്ഥ കാരണം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇതുവഴി കപ്പലുകളെ കടന്നുപോകാൻ അനുവദിക്കൂ എന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ സായുധസേന ഈ പാത നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിനെതിരായ സൈനിക നടപടികൾക്കായി ഈ പാത ഉപയോഗിക്കുന്നത് തടയുമെന്നും അവർ കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാനം മുതൽ ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതു മുതൽ, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ടതുൾപ്പെടെ മേഖലയിലുടനീളം ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. Content Highlights: Indian government officially labels the Iran tanker swap report as baseless. Clarification that the three seized vessels are not Iranian-owned. Contextual background on the February seizure of 'shadow fleet' tankers. Iran's stance on monitoring the Strait of Hormuz amidst regional tensions. Published: 17 Mar 2026, 08:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കണമെങ്കിൽ ഇറാന്റെ 3 കപ്പലുകൾ വിട്ടുനൽകണമെന്ന വാർത്ത തള്ളി ഇന്ത്യ
M
MathrubhumiSource Link
about 2 months ago