ടെഹ്റാൻ/ ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി കടലിടുക്ക് കടന്നത് ഇറാൻ നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ കപ്പലിന് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയത്. To advertise here, കപ്പൽ, യാത്രയിലുടനീളം ഇറാൻ നാവികസേനയുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങൾ ഇറാൻ ഉദ്യോഗസ്ഥർ ശേഖരിച്ചതായി ഇന്ത്യൻ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. ഇറാൻ നിലവിൽ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഇറാനിയൻ സമുദ്രാതിർത്തിക്കുള്ളിൽവെച്ച് കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് തിരഞ്ഞെടുത്ത കപ്പലുകളെ കടത്തിവിടുന്നതെന്നാണ് വിവരം. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയതുമുതൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയിൽ നടന്നത്. സമുദ്രത്തിൽ കുഴിബോംബുകൾ ഉണ്ടെന്ന റിപ്പോർട്ടുകളും ഇൻഷുറൻസ് തുകയിലുണ്ടായ വൻ വർധനയും കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേർഷ്യൻ കടലിൽ നങ്കൂരമിട്ട ഇന്ത്യൻ കപ്പലിന് മാർച്ച് 13-നാണ് യാത്ര തുടരാൻ അനുമതി ലഭിച്ചത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകൾ തയ്യാറാക്കിയും സിഗ്നൽ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പൽ ഈ അപകടകരമായ പാത പിന്നിട്ടത്. ഇറാനിയൻ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാൻ തീരത്തോട് ചേർന്ന് അതീവ ജാഗ്രതയോടെയാണ് കപ്പൽ നീങ്ങിയത്. ഒമാൻ ഉൾക്കടലിൽ എത്തിയപ്പോൾ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടർന്ന് കപ്പൽ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടർന്നു. നിലവിൽ 22-ഓളം ഇന്ത്യൻ കപ്പലുകൾ ഈ മേഖലയിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യൻ പതാകയുള്ള ഗ്യാസ് കാരിയറുകളുടെ സുരക്ഷിതമായ യാത്ര ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. എങ്കിലും എല്ലാ കപ്പലുകൾക്കുമായി ഒരു പൊതു കരാർ നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ഊർജ്ജ വിതരണ പാതകൾ സുരക്ഷിതമാക്കുന്നതിനായി ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ കേന്ദ്ര സർക്കാർ സജീവമായി തുടരുകയാണ്. തടസ്സപ്പെട്ടുകിടക്കുന്ന മറ്റ് ഇന്ത്യൻ കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധം തുടങ്ങിയതിന് ശേഷം കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നിരവധി നാവികർ കൊല്ലപ്പെട്ടത് മേഖലയിൽ വലിയ ഭീതി സൃഷ്ടിച്ചിരുന്നു. Content Highlights: how the Iranian Navy guided an Indian LPG tanker through the Strait of Hormuz amid Middle East tensions. Published: 21 Mar 2026, 06:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യൻ കപ്പൽ സുരക്ഷിതമായി ഹോർമുസ് കടന്നത് ഇറാൻ നാവികസേനയുടെ അകമ്പടിയോടെ
M
MathrubhumiSource Link
about 2 months ago