മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ അധികൃതർ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് നിരന്തരം സംസാരിക്കുമ്പോഴും, അതിന്റെ യഥാർത്ഥ കാരണങ്ങളും വിശദാംശങ്ങളും രക്ഷിതാക്കൾക്ക് വ്യക്തമാക്കണമെന്ന് യുണൈറ്റഡ് പാരന്റ്‌സ് പാനൽ (UPP) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർഷിക ജനറൽ ബോഡി യോഗങ്ങളിൽ പോലും ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് സ്കൂൾ ചെയർമാൻ തയ്യാറാകാത്തത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് യു.പി.പി നേതാക്കൾ പറഞ്ഞു. To advertise here, സാമ്പത്തിക സുതാര്യതയും ഫീസും റിഫ ക്യാമ്പസുമായി ബന്ധപ്പെട്ട ബാങ്ക് വായ്പകൾ 2026 മാർച്ചോടെ അവസാനിക്കുമെന്ന് കഴിഞ്ഞ പൊതുയോഗത്തിൽ അറിയിച്ചിരുന്നു. അങ്ങനെയെങ്കിൽ, വായ്പ തിരിച്ചടവിനായി എന്ന പേരിൽ ഏപ്രിൽ മുതൽ വീണ്ടും ഇൻഫ്രാസ്ട്രക്ചർ ഫീസ് രക്ഷിതാക്കളിൽ നിന്ന് ഈടാക്കുന്നത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണം. കൂടാതെ, മെഗാ ഫെയറിലൂടെ മുൻപ് ഒരു ലക്ഷം ദിനാറിലധികം സമാഹരിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ വെറും 40,000 ദിനാർ മാത്രമാണ് ലഭിച്ചത്. ഇത് നിലവിലെ കമ്മിറ്റിയുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വിദ്യാർഥികളോടുള്ള സമീപനം ജി.സി.സിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാർച്ചിലെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർത്ഥനയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വെറും 20 ദിനാർ മാത്രം ഫീസ് കുടിശ്ശികയുള്ള കുട്ടികളെപ്പോലും ഓൺലൈൻ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തുന്ന നടപടി പ്രതിഷേധാർഹമാണ്. രണ്ട് മാസം വരെയുള്ള ഫീസ് കുടിശ്ശികയ്ക്ക് ക്ലാസുകളിൽ വിലക്കേർപ്പെടുത്തരുത് എന്ന മുൻ തീരുമാനത്തിന് വിരുദ്ധമായാണ് സ്കൂളിന്റെ ഇപ്പോഴത്തെ പോക്ക്. കൂടാതെ, ഫീസ് കുടിശ്ശികയുള്ളവർക്ക് ഓൺലൈൻ പേയ്മെന്റ് സൗകര്യം നിഷേധിക്കുന്നത് സുതാര്യത നഷ്ടപ്പെടുത്തുന്നതായും രക്ഷിതാക്കൾ പരാതിപ്പെടുന്നു. മറ്റ് പ്രധാന പരാതികൾ: ബാഹ്യ ഇടപെടലുകൾ: രക്ഷിതാക്കളല്ലാത്തവരുടെ അമിതമായ ഇടപെടലുകൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും തകർക്കാനിടയാക്കും. പാഠപുസ്തകങ്ങൾ: അധ്യയന വർഷാരംഭത്തിൽ സ്കൂളിൽ പാഠപുസ്തകങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ ഇതേ പുസ്തകങ്ങൾ പുറത്ത് സ്വകാര്യ വിതരണക്കാരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് സംശയാസ്പദമാണ്. ഓഫ്‌ലൈൻ ക്ലാസുകൾ: ഏപ്രിൽ 19 മുതൽ സയൻസ്, പ്രാക്ടിക്കൽ വിദ്യാർഥികൾക്ക് മറ്റ് സ്‌കൂളുകളിലേതുപോലെ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കണം. അനർഹർക്ക് ഇളവുകൾ: അർഹരായവരെ മറികടന്ന് സ്വാധീനമുള്ളവർക്ക് ഫീസ് ഇളവുകൾ നൽകുന്നത് രക്ഷിതാക്കൾക്കിടയിൽ പരാതികൾക്കിടയാക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്‌മണൻ, നേതാക്കളായ എഫ്.എം. ഫൈസൽ, ഹാരിസ് പഴയങ്ങാടി, ജാവേദ് പാഷ, ഡോ. ശ്രീദേവി, ചന്ദ്രബോസ്, മൻഷീർ, സുനീഷ് സുശീലൻ, അനസ് റഹീം എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ സ്‌കൂളിലെ സാമ്പത്തിക പ്രതിസന്ധി: സുതാര്യത ഉറപ്പാക്കണമെന്ന് യുണൈറ്റഡ് പാരന്റ്‌സ് പാനൽ
M
MathrubhumiSource Link
21 days ago