ന്യൂസ് ഡെസ്ക് Last Updated: 30 Apr 2026, 11:08 am IST കരുതലോടെ നീങ്ങണമെന്ന് പ്രധാനമന്ത്രി പ്രതീകാത്മക ചിത്രം | Photo: ANI ന്യൂഡൽഹി: ലോകത്തിലെ ഇന്ധന-വാതക ആവശ്യങ്ങളുടെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടച്ചിട്ടതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭീതി ആവശ്യമില്ലെന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് മതിയായ കരുതൽ ശേഖരമുണ്ടെന്ന് കന്പനികൾ പ്രസ്താവനയിൽ വ്യക്തമാക്കി. To advertise here, രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ കമ്പനികൾ സംയുക്തമായി അറിയിച്ചു. ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും കമ്പനികൾ വ്യക്തമാക്കി. രാജ്യത്തെ പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും പതിവുപോലെ ഇന്ധനം ഉപയോഗിക്കാമെന്നും എച്ച്പിസിഎൽ അറിയിച്ചു. അതേസമയം, പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ ആഗോള സാഹചര്യം അതീവ ഗൗരവകരമാണെന്ന് മുന്നറിയിപ്പ് നൽകി. യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോള ഊർജ്ജ വിതരണത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. എണ്ണ, ഗ്യാസ്, വളം തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ വഹിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തെത്തുടർന്ന് ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സർക്കാർ നിഷേധിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെങ്കിലും പ്രകൃതി വിഭവങ്ങൾ മിതമായും ശ്രദ്ധയോടെയും ഉപയോഗിക്കാൻ പൗരന്മാർ തയ്യാറാകണമെന്ന് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനൊന്ന് വർഷമായി സ്വീകരിച്ച ദീർഘവീക്ഷണമുള്ള തീരുമാനങ്ങൾ ഇത്തരം വലിയ പ്രതിസന്ധികളെ നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കാണ് പരമപ്രധാനമായ സ്ഥാനമെന്നും പ്രതിരോധ നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Indian oil companies confirm fuel reserves are sufficient amid global supply concerns. Published: 25 Mar 2026, 02:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ധനക്ഷാമം വെറും കിംവദന്തി, പരിഭ്രാന്തി വേണ്ട- എണ്ണക്കമ്പനികൾ
M
MathrubhumiSource Link
about 2 months ago