താങ്ങാനാവാത്ത ഡീസൽവില കാരണം കഴിഞ്ഞ ഏഴ് ദിവസമായി ഒരുബോട്ടുപോലും കടലിൽ ഇറക്കിയിട്ടില്ലെന്ന് ബോട്ട് ഉടമകൾ To advertise here, മുംബൈ : ഒരു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന ഇറാൻ യുദ്ധത്തിൽ എൽ.പി.ജി. ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയതോടെ മുംബൈയിലെയും ഗോവയിലെയും മത്സ്യബന്ധന പ്രവർത്തനങ്ങൾ നിശ്ചലം. ബോട്ടുകൾ ദിവസങ്ങളായി തീരത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഗോവയിൽ ട്രോളറുകളിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും നങ്കൂരമിട്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മുംബൈയിലെ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് കോലി സമൂഹം, തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഡീസലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് 14-15 ദിവസത്തെ യാത്രയ്ക്ക് ഏകദേശം 2,000 മുതൽ 3,000 ലിറ്റർ ഡീസൽ വേണം. അതേസമയം ഇടത്തരം ബോട്ടുകൾക്ക് 7-8 ദിവസത്തെ യാത്രയ്ക്ക് 700 മുതൽ 1,000 ലിറ്റർ വരെ ഡീസൽ ആവശ്യമാണ്. ചെറിയ ബോട്ടുകൾപോലും ഒരുദിവസത്തെ യാത്രയ്ക്ക് 20 മുതൽ 50 ലിറ്റർ വരെ ഉപയോഗിക്കുന്നുവെന്ന് അഖിൽ മഹാരാഷ്ട്ര മച്ചിമാർകൃതിസമിതിയുടെ പ്രസിഡന്റ് ദേവേന്ദ്ര ടണ്ടൽ പറയുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ഇന്ധനവില നിശ്ചയിക്കുന്നത്. താങ്ങാനാവാത്ത ഡീസൽവില കാരണം കഴിഞ്ഞ ഏഴ് ദിവസമായി ഒരുബോട്ടുപോലും കടലിൽ ഇറക്കിയിട്ടില്ലെന്ന് മാഹിം കോളിവാഡയിൽനിന്നുള്ള ബോട്ട് ഉടമ ദിലീപ് താരെ പറയുന്നു. തൊഴിലാളികൾക്ക് വേതനംനൽകാൻ കഴിയുന്നില്ലെന്നും നിലവിലെ സാഹചര്യം അത് ഏറെ ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്നും താരെ പറഞ്ഞു. ജീവനക്കാർ ഭക്ഷണം പാചകത്തിനായി എൽ.പി.ജി. സിലിൻഡറുകളെയാണ് ആശ്രയിക്കുന്നത്. നാലഞ്ച് പേരടങ്ങുന്ന ഒരു ചെറിയ ട്രോളറിന്, മത്സ്യബന്ധനത്തിന് നാലുദിവസം വേണ്ടിവരും. ഇതിലെ ജീവനക്കാർക്ക് ഭക്ഷണം പാകംചെയ്യാൻ രണ്ട് സിലിൻഡറുകൾ ആവശ്യമാണ്. വലിയ ബോട്ടുകളിൽ ഏകദേശം 30-40 പേരുടെ ഒരു വലിയ സംഘം ഉണ്ടാകും. ഒരു മത്സ്യബന്ധനയാത്ര രണ്ടാഴ്ച നീണ്ടുനിൽക്കും. അതിനാൽ സിലിൻഡറുകൾക്കുള്ള ആവശ്യം കൂടുതലാണ്. നിലവിൽ ബോട്ടുകളുടെ യാത്രകൾ കുറയുകയും മത്സ്യലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ മത്സ്യവില കുതിച്ചുയരുമെന്നാണ് കരുതുന്നത്. 2026-ലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് 3.65 ലക്ഷം ആളുകൾ പണിയെടുക്കുന്നു. അതിൽ 23,000 പേർ മുംബൈയിൽനിന്നുള്ളവരാണ്. സംസ്ഥാനത്തിനുള്ളിൽ, ഈ വ്യവസായത്തിന് 9,121 കോടി രൂപയുടെ വാർഷിക വിറ്റുവരവുണ്ട്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റ പ്രകാരം, 2024-ൽ പിടിച്ചെടുത്ത സമുദ്രമത്സ്യങ്ങളുടെ ആകെ അളവ് 3.10 ലക്ഷം ടൺ ആയിരുന്നു. ഇതിൽ 60 മുതൽ 70 ശതമാനംവരെ സംസ്ഥാനത്തിനുള്ളിൽ വിൽക്കുന്നു. 10മുതൽ 20 ശതമാനംവരെ കയറ്റുമതി ചെയ്യപ്പെടുന്നു. ഏപ്രിൽ, മേയ് മാസങ്ങൾ സാധാരണയായി മീൻപിടിത്തക്കാർക്ക് സീസൺ മാസങ്ങളാണ്. ജൂൺ ഒന്നു മുതൽ ജൂലായ് 31 വരെ ട്രോളിങ് നിരോധനമാണ്. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ വേനൽക്കാലത്ത് ശേഖരിക്കുന്ന മത്സ്യബന്ധന സ്റ്റോക്കിനെ ആശ്രയിച്ചാണ് ഉപജീവനം കഴിക്കുന്നത്.

ഇന്ധനക്ഷാമം: ബോട്ടുകൾ കരയിൽ; ഉപജീവനമാർഗം മുടങ്ങി മീൻപിടിത്തക്കാർ
M
MathrubhumiSource Link
about 1 month ago