സ്പോർട്സ് ഡെസ്ക് Last Updated: 28 Apr 2026, 11:55 am IST വൈഭവ് സൂര്യവംശി | X.com/ @ImTanujSingh ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്ത് വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ പുതുചരിത്രമെഴുതിയ വർഷമായിരുന്നു കഴിഞ്ഞുപോയത്. ഇന്ത്യൻ അണ്ടർ-19 ടീമിനായും ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായും സമാനതകളില്ലാത്ത പ്രകടനമാണ് വൈഭവ് കാഴചവെച്ചത്. വെടിക്കെട്ട് ബാറ്റുകൊണ്ട് ഈ കൗമാരക്കാരൻ കളിക്കുന്ന ടൂർണമെന്റുകളിലെല്ലാം നിറഞ്ഞുനിന്നു. ശനിയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിലും മിന്നിക്കാനൊരുങ്ങുകയാണ് കൗമാരതാരം. To advertise here, വൈഭവിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യൻ സീനിയർ ടീമിൽ കളിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആരാധകരും മുൻ താരങ്ങളുമെല്ലാം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ വൈഭവിന്റെ പ്രായം ഇതിന് സാങ്കേതിക തടസ്സം സൃഷ്ടിച്ചു. എന്നാൽ ഇനിമുതൽ ആ തടസ്സമില്ല. കാരണം വെള്ളിയാഴ്ച വൈഭവിന്റെ 15-ാം പിറന്നാളാണ്. അതോടെ ഇനി താരത്തെ ഇന്ത്യൻ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല. സീനിയർ ടീമിൽ കളിക്കുന്ന താരങ്ങളുടെ പ്രായം സംബന്ധിച്ച് ഐസിസി ചട്ടങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. 2020 നവംബറിൽ പുറത്തിറക്കിയ ഐസിസി ചട്ടപ്രകാരം സീനിയർ തലത്തിൽ കളിക്കണമെങ്കിൽ താരങ്ങൾക്ക് കുറഞ്ഞ പക്ഷം 15 വയസ്സെങ്കിലും തികയണം. അതാണ് ആരാധകരുടെയും മറ്റും ആവശ്യം പോലെ കൗമാരക്കാരനെ സീനിയർ തലത്തിലേക്ക് പരിഗണിക്കാൻ സാധിക്കാതിരുന്നത്. 15 വയസ്സ് തികയും മുൻപ് കളിപ്പിക്കണമെങ്കിൽ ഐസിസിയിൽ നിന്ന് പ്രത്യേക ഇളവ് ലഭിക്കേണ്ടതായുണ്ട്. എന്നാൽ ഇനി ആ തടസ്സമില്ല വെള്ളിയാഴ്ചയോടെ വൈഭവിന് 15 തികഞ്ഞു. 2011 മാർച്ച് 27 നാണ് വൈഭവിന്റെ ജന്മദിനം. ഈ വർഷം താരത്തെ സീനിയർ ടീമിൽ കാണാനാകുമെന്നാണ് ഒട്ടുമിക്ക ആരാധകരുടെയും പ്രതീക്ഷ. ലോകോത്തരതാരങ്ങൾ ഏറ്റുമുട്ടുന്ന ഐപിഎല്ലിൽ വിസ്മയിപ്പിച്ചാണ് വൈഭവ് 2025 തുടങ്ങിയത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരക്കാരനായാണ് രാജസ്ഥാൻ റോയൽസിനായി വൈഭവ് ഓപ്പൺ ചെയ്തത്. ആദ്യ പന്ത് തന്നെ അതിർത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഐപിഎല്ലിലും, അണ്ടർ-19 ഏഷ്യാകപ്പിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം സെഞ്ചുറി നേടി റെക്കോഡിട്ടു. രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം (പിഎംആർബിപി) നേടിയാണ് വൈഭവിന്റെ 2025 അവസാനിച്ചത്. 2026 ലും മിന്നിക്കാനാണ് ലക്ഷ്യം. ഐപിഎല്ലിനായി വൈഭവ് തയ്യാറായിക്കഴിഞ്ഞു. നേരത്തേ ഐപിഎല്ലിലെ ഏതെങ്കിലും റെക്കോർഡ് തകർക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകർക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡ് ഇതുവരെ ആരും തകർത്തിട്ടില്ല. 158 റൺസെടുത്ത മുൻ കിവീസ് നായകൻ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ രണ്ടാമത്. ഐപിഎല്ലിലെ പ്രഥമ മത്സരത്തിലാണ് കൊൽക്കത്തയ്ക്കായി മക്കല്ലം 158 റൺസെടുത്തത്. Content Highlights: Vaibhav Suryavanshi officially turns 15, meeting ICC age criteria for senior international cricket., The young prodigy has dominated domestic tournaments and U-19 cricket with record-breaking performances., He aims to break Chris Gayle's IPL record of 175 runs., Awarded the Pradhan Mantri Rashtriya Bal Puraskar for his outstanding sporting achievements. Published: 27 Mar 2026, 08:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്നാണ് പിറന്നാൾ ! ഇനി വൈഭവിന് ഏത് നിമിഷവും ഇന്ത്യയുടെ സീനിയർ ടീമിൽ കളിക്കാം
M
MathrubhumiSource Link
about 1 month ago