അന്ത്യ അത്താഴ സ്മരണയിൽ പെസഹ ആചരിച്ചു To advertise here, കണ്ണൂർ : യേശു ശിഷ്യരുടെ കാൽ കഴുകി ചുംബിക്കുകയും സ്വയംബലിയായി വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ പെസഹ ആചരിച്ചു. കണ്ണൂർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബർണശ്ശേരി ഹോളിട്രിനിറ്റി കത്തീഡ്രലിൽ നടന്ന തിരുവത്താഴപുജ, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, അപ്പം മുറിക്കൽ ശുശ്രൂഷ, ദിവ്യകാരുണ്യാരാധന തുടങ്ങിയ തിരുക്കർമങ്ങളം ഉണ്ടായി. കണ്ണൂർ രുപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. ശിഷ്യരുടെ പാദക്ഷാളനത്തിലൂടെ ഈശോ കാട്ടിയത് വിനയാന്വിതമായ മാതൃകയാണെന്നും പരസ്പരം സ്നേഹവും വിനയവും ബഹുമാനവുമാണ് ക്രൈസ്തവരുടെ മുഖമുദ്രയെന്നും ബിഷപ്പ് പറഞ്ഞു. രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ, രൂപത ചാൻസലർ ഡോ. ആന്റണി കുരിശിങ്കൽ, ഫാ. ജോമോൻ ചെമ്പകശ്ശേരി, ഫാ. അബിൻരാജ്, ഫാ. ജോയ്‌സ്‌മോൻ, ഡീക്കൻ അബിൻരാജ്, ഷെബിൻ ജോർജ് എന്നിവർ സഹകാർമികരായിരുന്നു. ദുഃഖവെള്ളിയാഴ്ച ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും കുരിശിന്റെ വഴിയും നടക്കും. ബർണശ്ശേരി ഹോളിട്രിനിറ്റി കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മുന്നിന് പിഢാസഹന അനുസ്മരണ ശുശ്രുഷ, കുരിശാരാധന, കുരിശിന്റെ വഴി, നഗരി കാണിക്കൽ എന്നിവയുണ്ടാകും. കോളയാട് സെയ്ന്റ് കോർണേലിയൂസ് ദേവാലയത്തിലെ ചടങ്ങുകൾക്ക് കണ്ണൂർ രുപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. ദുഃഖവെള്ളിയാഴ്ച കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടക്കും. രാവിലെ ഒൻപതിന് തെക്കിബസാർ ഹോളിഫാമിലി പള്ളിയിൽനിന്ന് സ്റ്റേഡിയം കോർണറിലേക്ക് നടക്കുന്ന കുരിശിന്റെ വഴിക്ക് തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ നേതൃത്വം നൽകും. തലശ്ശേരി : യേശുക്രിസ്തു പൗരോഹിത്യം സ്ഥാപിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മ ആചരിക്കുന്ന പെസഹാ തിരുനാൾ ആചരണത്തിന് തലശ്ശേരി സെയ്ൻ്റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയത്തിൽ മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി. ആർച്ച് ബിഷപ്പ് വിശ്വാസികളുടെ കാൽ കഴുകി ചുംബിച്ചു. മാർ ജോർജ് വലിയമറ്റം, കത്തീഡ്രൽ വികാരി ഡോ. തോമസ് മേൽവട്ടം, തലശ്ശേരി അതിരൂപത കേന്ദ്രത്തിലെ വൈദികർ എന്നിവർ സഹകാർമികരായി.
