അധികാരത്തിനായുള്ള തമ്മിൽത്തല്ലിനും കലാപങ്ങൾക്കുമപ്പുറം ഈ ലോകം ബാക്കിയാകുമെങ്കിൽ, ഇന്ന് മുതൽ അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കപ്പുറം നമ്മളഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും എന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? 2050 ആകുമ്പോഴേക്കും ഈ ലോകത്തിലെ പകുതിയിലധികം ജനങ്ങൾക്കും, അതായത് കണക്കുകൾ പ്രകാരം 57 ശതമാനം ജനങ്ങൾക്കും ആവശ്യത്തിന് കുടിക്കാൻ ശുദ്ധജലം ലഭിക്കാതെ വരും. 2026 ലെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 300 കോടിയോളം ജനങ്ങൾക്ക് നിലവിൽ അവരുടെ നിത്യജീവിതം മുന്നോട്ട് നയിക്കാൻ മതിയായ ശുദ്ധജലം ലഭിക്കുന്നില്ല. സമൃദ്ധമായി ശുദ്ധജലം നൽകിക്കൊണ്ടിരുന്ന ലോകത്തിന്റെ നീരുറവകൾ കഴിഞ്ഞ പത്തുവർഷത്തിനിടെ ഏഴ് ശതമാനം കുറവ് മാത്രമാണ് നമുക്ക് നൽകിയത്. എന്നാൽ നമ്മുടെ ആവശ്യം പതിന്മടങ്ങ് ഉയരുകയും ചെയ്തു. ഇന്ന് ലോകത്തിലെ ശുദ്ധജല ഉപഭോഗത്തിന്റെ 70 ശതമാനവും കാർഷികാവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. മനുഷ്യന്റെ നിലനിൽപ്പിന് പരമപ്രധാനമായ വെള്ളവും ഭക്ഷണവും നമുക്ക് ഉറപ്പാക്കണമെങ്കിൽ നാം പരമ്പരാഗതമായ ചട്ടക്കൂടുകൾ പൊളിച്ചെഴുതേണ്ടതായുണ്ട്. എന്നാൽ ശാസ്ത്രീയമായ ചുവടുകളിലൂടെയല്ലാതെ നമുക്കാ നേട്ടം കൈവരിക്കാനാകുന്നതുമല്ല. To advertise here, കാലാവസ്ഥപരമായ വെല്ലുവിളികൾ കൂടുതലായി അഭിമുഖീകരിക്കേണ്ടി വരുന്ന മിഡിലീസ്റ്റ് രാജ്യങ്ങളുടെ അവസ്ഥയാണ് ഇതുമായി ചേർത്തുവായിക്കപ്പെടേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും കുറവ് ശുദ്ധജല നീക്കിയിരിപ്പുള്ള മേഖലയിൽപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും ശുദ്ധജലത്തിന്റെ തോതും നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ പാരമ്പര്യേതര കാർഷിക രീതികളുടെ പരീക്ഷണം യു.എ.ഇ പോലുള്ള രാജ്യങ്ങൾക്ക് അനിവാര്യമാണ്. നിലവിൽ അത്തരത്തിലുള്ള പദ്ധതികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സാമൂഹിക സാഹചര്യം തന്നെയാണ് മേഖലയെ വ്യത്യസ്തമാക്കുന്നതും. ശക്തവും ദീർഘവീക്ഷണവുമുള്ള ഭരണസംവിധാനം അതിനുള്ള ചാലകശക്തികളായി വർത്തിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു നവീനമായ കാഴ്ചപ്പാടാണ് സുസ്ഥിരതയിലൂന്നിയ 'മൻഹത്ത് യങ്ങ് വാട്ടർ ഇന്നോവേറ്റർ' പദ്ധതി. ജലദൗർലഭ്യതയെന്ന വെല്ലുവിളിയെ പരിഹരിക്കാൻ വേണ്ടിയുള്ള ചുവടുവെപ്പ്. വൈദ്യുതി ഉപഭോഗമോ, കാർബൺ മാലിന്യം വലിയരീതിയിൽ പുറന്തള്ളുന്ന പ്രവർത്തന സാങ്കേതികതയോ, സാമൂഹിക സ്ഥിതിയെ വെല്ലുവിളിയിലാക്കുന്ന മറ്റ് മാലിന്യ പ്രശ്നങ്ങളോ ഒന്നും തന്നെയില്ലാതെ പ്രകൃതി എങ്ങനെയാണോ ശുദ്ധജലം ലഭ്യമാക്കുന്നത്, അതെ സാങ്കേതികതയിൽ ശുദ്ധജല ലഭ്യതയുറപ്പാക്കി കാർഷിക രംഗത്തെ പരിപോഷിപ്പിക്കുന്ന കാഴ്ചപ്പാടാണ് മൻഹത്ത് പദ്ധതിയുടെ പ്രത്യേകത. മൻഹത്തിന്റെ ആശയം വളരെ ലളിതമാണ്. ഭൂമിയുടെ, കടലിന്റെ സ്വാഭാവിക ബാഷ്പീകരണ പ്രക്രിയയെ ഒരു ചെറിയ സംവിധാനത്തിനുള്ളിലേക്ക് മാറ്റുന്നു. കാർഷികാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്ത സമുദ്രജലം അതിലേക്ക് മാറ്റുന്നു. സൂര്യപ്രകാശത്തിൽ വളരെ സ്വാഭാവികമായി അത് ചൂട് പിടിക്കുകയും ബാഷ്പീകരണം സംഭവിക്കുകയും ചെയ്യുന്നു. ലവണ മാലിന്യങ്ങൾ ബാക്കിയാക്കി ബാഷ്പീകരിച്ച ശുദ്ധജലം മഴത്തുള്ളികൾ പോലെ മറ്റൊരു പാത്രത്തിലേക്ക് പതിക്കുന്നു. അത് മൈക്രോ ഗ്രീൻ ഉത്പാദനത്തിനായി ഉപയോഗപ്പെടുത്തിയപ്പോൾ പ്രതീക്ഷ നൽകുന്ന ഫലമാണ് ലഭിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത കണ്ടെയ്നറുകളിലേക്ക് സമുദ്രജലം നിറക്കുന്നതിന് ആനുപാതികമായാണ് ശുദ്ധജലം ലഭിക്കുന്നതെങ്കിലും നിലവിൽ ഇതൊരു പരീക്ഷണ പദ്ധതിയായാണ് കണക്കാക്കുന്നത്. വിജയകരമായി പൂർത്തീകരിക്കപ്പെട്ട ആദ്യ ഘട്ടത്തിന് യു.എ.ഇയിലെ വിദ്യാർഥിസമൂഹം പങ്കാളികളായി എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. വളരെ സ്വാഭാവികമായ ഈ സാങ്കേതികതയിൽ നമുക്ക് വിത്തുകൾ മുളപ്പിക്കാമെന്ന വലിയ സന്ദേശം പുതു തലമുറയിലേക്ക് പകരാൻ മൻഹത്തിനായി. നിലവിൽ മൈക്രോ ഗ്രീനിലാണ് പരീക്ഷണമെങ്കിലും ഈ സങ്കേതത്തിന്റെ അടുത്തഘട്ടം ഭക്ഷ്യ സുരക്ഷാ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാർത്ഥികളുടെ സംഘം ഫ്ളാറ്റിലെ ബാൽക്കണിയിൽ സ്ഥാപിച്ച ഒരു സംവിധാനത്തിൽ നിന്നും ശുദ്ധജലം ഉണ്ടാക്കി ചെടികൾക്ക് വെള്ളമേകിയെന്നത് നിശബ്ദ വിപ്ലവമാണ്. സുസ്ഥിരതയിലൂന്നിയ ഓരോ ചുവടുകൾക്കും നമ്മുടെ ജീവിതവും ലോകത്തിന്റെ ഗതിയും മാറ്റിമറിക്കാനുള്ള ശക്തിയുണ്ടാകുമെന്ന സുശക്തമായ സന്ദേശമാണ് ഇത് പങ്കുവെക്കുന്നത്. യു.എ.ഇയുടെ മൻഹത്ത് പദ്ധതിയുടെ പിന്നാമ്പുറത്ത് മലയാളി സാന്നിധ്യമുണ്ടെന്നതും ശ്രദ്ധേയമാണ്. ലോകത്തെ ബാധിക്കുന്ന ഒരു വെല്ലുവിളിക്ക് പരിഹാരമാകാൻ ഒരു ചെറിയ ചുവടുവെപ്പ് തങ്ങൾക്ക് നടത്താൻ കഴിയുമെന്ന് കുട്ടികൾ ചിന്തിച്ചുതുടങ്ങുന്നയിടത്ത് നിന്നും പ്രതീക്ഷയുടെ നാമ്പുകൾ മൊട്ടിട്ടുതുടങ്ങുമെന്ന് മൻഹത്ത് ഉപ സ്ഥാപകൻ വിഷ്ണു വിജയൻ പിള്ള പറയുന്നു. മാർച്ച് 22 ലോക ജല ദിനമായി ആചരിക്കുമ്പോൾ നമ്മുടെ മുന്നിലെ ചില ആശങ്കകൾക്ക് സുസ്ഥിരതയിലൂന്നിയ പരിഹാരം തന്നെയാണ് ആവശ്യമെന്ന് തിരിച്ചറിയുകയാണ്. അതിലേക്ക് യു.എ.ഇയുടെ സംഭാവനയാണ് മൻഹത്തെന്ന് സ്ഥാപകനും ഖലീഫ യൂണിവേഴ്‌സിറ്റി കെമിക്കൽ എൻജിനീയറിങ് പ്രൊഫസറുമായ ഡോ: സായിദ് അൽ ഹസ്സൻ പറഞ്ഞു. Content Highlights: Manhat Young Water Innovator: Tackling Global Water Scarcity via Sustainability Published: 22 Mar 2026, 11:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ന് ലോക ജലദിനം. ജലദൗർലഭ്യത പരിഹരിക്കാൻ 'മൻഹത്ത് യങ്ങ് വാട്ടർ ഇന്നോവേറ്റർ' പദ്ധതി തുണയാകുമോ
M
MathrubhumiSource Link
about 2 months ago