ഇന്ന് വലിയ വിളക്ക്

ഇന്ന് വലിയ വിളക്ക്

M
MathrubhumiSource Link
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവം To advertise here, സ്വർണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് നാന്തകം എഴുന്നള്ളിക്കും കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ വലിയ വിളക്ക് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച ചെറിയ വിളക്ക് നാളിൽ രാവിലത്തെ കാഴ്ചശീവേലിക്ക് നീലേശ്വരം നന്ദകുമാർ നേതൃത്വം നൽകി. തുടർന്ന് അവകാശവരവും കോമത്ത് പോക്ക്‌ ചടങ്ങും നടന്നു. വൈകീട്ട് പാണ്ടിമേളസമേതമായിരുന്നു കാഴ്ചശീവേലി. മേളത്തിന് പഴുവിൽ രഘു മാരാർ നേതൃത്വം നൽകി. തുടർന്ന് ശുകപുരം ദിലീപ്, ശുകപുരം രഞ്ജിത്ത് എന്നിവരുടെ ഇരട്ടത്തായമ്പക താളവിസ്മയം തീർത്തു. വ്യാഴാഴ്ച വലിയ വിളക്കാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആചാരാനുഷ്ഠാനവരവുകളും ആഘോഷവരവുകളും ക്ഷേത്രത്തിലെത്തുന്നത് വലിയ വിളക്ക് ദിവസമാണ്. രാവിലത്തെ കാഴ്ചശീവേലിക്ക് കലാനിലയം ഉദയം നമ്പൂതിരി നേതൃത്വം നൽകും. തുടർന്ന് മന്ദമംഗലത്തുനിന്നുള്ള ഇളനീർക്കുലവരവും വസൂരിമാലവരവും ക്ഷേത്രത്തിലെത്തും. വൈകീട്ട് മൂന്നുമുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇളനീർക്കുലവരവുകൾ, തണ്ടാന്റെ അരങ്ങോലവരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധംവരവ്‌, മറ്റ് അവകാശവരവുകൾ എന്നിവ ക്ഷേത്രാങ്കണത്തിലെത്തും. വൈകീട്ട് കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് നേതൃത്വം നൽകും. തുടർന്ന് ഇൻസ്ട്രുമെന്റൽ ലൈവ്. രാത്രി 11 മണിക്കുശേഷം ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പാണ്. സ്വർണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിക്കും. ഒന്നാംപന്തിമേളം പ്രമാണം ശുകപുരം ദിലീപും രണ്ടാം പന്തിമേളപ്രമാണം കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുമാണ്. വാദ്യകലാകാരന്മാരായ കല്ലൂർ ജയൻ, ശിവപുരം രഞ്ജിത്ത്, പനമണ്ണ മനോഹരൻ, വിനയൻ കൊയിലാണ്ടി, കല്ലുവഴി പ്രകാശൻ, കലാമണ്ഡലം രതീഷ്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയൻ, നിഖിൽ കൊളപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മേളത്തിൽ 150 കലാകാരന്മാർ അണിനിരക്കും. പുലർച്ചെ വാളകംകൂടൽ. വെള്ളിയാഴ്ചയാണ് കാളിയാട്ടം. രാവിലെ ദേവസങ്കീർത്തനം ഭജൻസ്, വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശവരവുകളും ക്ഷേത്രസന്നിധിയിലെത്തും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ്. സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകൾക്കുശേഷം നീലേശ്വരം പ്രവീൺ പിഷാരടിയുടെ നേതൃത്വത്തിൽ മേളം. തുടർന്ന് ക്ഷേത്രം കിഴക്കേനടയിലൂടെ പിഷാരികാവിലമ്മ ഊരുചുറ്റാനിറങ്ങും. നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റി തിരിച്ച്‌ പാലച്ചുവടിലെത്തും. തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനുശേഷം ക്ഷേത്രത്തിലെത്തി കൃഷ്ണപക്ഷ ദ്വിതീയതയും ചോതി നക്ഷത്രവുംകൂടിയ രാത്രി 11.30-നും 12 മണിക്കുമിടയിലുള്ള മുഹൂർത്തത്തിൽ വാളകം കൂടും. ദേശീയപാതയിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസമായ ഏപ്രിൽ രണ്ടിനും കാളിയാട്ടനാളായ മൂന്നിനും ദേശീയപാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കുപോകുന്ന വലിയവാഹനങ്ങൾ കൈനാട്ടി-കുറ്റ്യാടി വഴി അല്ലെങ്കിൽ പയ്യോളിയിൽനിന്നും പേരാമ്പ്ര റോഡ് വഴി ഉള്ളിയേരി, അത്തോളി വഴി കോഴിക്കോട് ഭാഗത്തേക്കുപോകണം. വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കുവരുന്ന ചെറിയവാഹനങ്ങൾ നന്തിയിൽനിന്നും പുതിയ ബൈപ്പാസ് വഴി ചെങ്ങോട്ടുകാവിലെത്തി ഹൈവേയിൽ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്കുപോകുന്ന വലിയ വാഹനങ്ങൾ പൂളാടിക്കുന്ന്, ഉള്ളിയേരി വഴി അല്ലെങ്കിൽ കൊയിലാണ്ടി ആർ.ഒ.ബി. ജങ്‌ഷനിൽനിന്നും റെയിൽവേ ഓവർബ്രിഡ്ജ് കയറി വലത്തോട്ടുതിരിഞ്ഞ് ഉള്ളിയേരി, പേരാമ്പ്ര വഴി പോകണം. അരിക്കുളം, മുത്താമ്പി, അഞ്ചാംപീടിക വഴിയും പയ്യോളി ഭാഗത്തേക്ക് പോകാം. കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്കുപോകുന്ന ചെറിയവാഹനങ്ങൾ ചെങ്ങോട്ടുകാവിൽനിന്ന്‌ പുതിയ ബൈപ്പാസ് വഴി നന്തി എത്തി നാഷണൽ ഹൈവേയിൽ പ്രവേശിക്കാം. വടകര ഭാഗത്തുനിന്നും കൊയിലാണ്ടിക്ക് വരുന്ന ഹ്രസ്വദൂരബസുകൾ പാലക്കുളത്തിനടുത്ത് നിർത്തി ആളുകളെ ഇറക്കി തിരിച്ചുപോകേണ്ടതാണ്. കൊയിലാണ്ടി ഭാഗത്തുനിന്നും വടകര ഭാഗത്തേക്കുവരുന്ന ലോക്കൽബസുകൾ കൊല്ലം പെട്രോൾ പമ്പിൽ നിർത്തി ആളെ ഇറക്കി തിരിച്ചുപോകേണ്ടതാണെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ന് വലിയ വിളക്ക് — Mathrubhumi | Boolokam | Boolokam