മുംബൈ: ഇറാഖിലെ ബസറയ്ക്ക് സമീപം ഖോർ അൽ സുബൈർ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലെ അഡീഷണൽ ചീഫ് എൻജിനീയർ കൊല്ലപ്പെട്ടു. മുംബൈ കാന്തിവ്ലിയിൽ താമസിക്കുന്ന ദേവനന്ദൻ പ്രസാദ് സിങ് (54) ആണ് മരിച്ചത്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള 'എംടി സേഫ്‌സീ വിഷ്ണു' എന്ന കപ്പലിന് നേരെ ബുധനാഴ്ചയായിരുന്നു ആക്രമണം. To advertise here, ഫെബ്രുവരി 28-ന് ഇറാനുനേരെ യുഎസും ഇസ്രായേലും ആക്രമണം തുടങ്ങുന്നതിന് മൂന്ന് ദിവസം മുൻപാണ് ദേവനന്ദൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. 25 വർഷത്തോളം കപ്പലിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ ഏഴുവർഷമായി കരയിൽ ഡെസ്‌ക് ജോലികളിലായിരുന്നു. എന്നാൽ കമ്പനിയുമായുള്ള കരാറിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ വീണ്ടും കപ്പലിലേക്ക് അയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന ജീവനക്കാർ കടലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെ ഇറാഖ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ബസറ തുറമുഖത്തെത്തിച്ചു. 16 ഇന്ത്യക്കാരും 12 ഫിലിപ്പീൻസ് സ്വദേശികളുമുൾപ്പെടെ 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. പരിക്കേറ്റ ദേവനന്ദൻ സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കപ്പൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. Content Highlights: Indian Engineer Killed in Iraq Tanker Attack: Family Alleges Coercion Published: 14 Mar 2026, 11:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാഖിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ എൻജിനീയർ കൊല്ലപ്പെട്ടു, നിർബന്ധിച്ച് അയച്ചതെന്ന് കുടുംബം
M
MathrubhumiSource Link
about 2 months ago