ഇറാനെ സഹായിക്കാൻ റഷ്യ, ഡ്രോണുകൾ രഹസ്യമായി നൽകും; ഒപ്പം രഹസ്യവിവരങ്ങളും സാറ്റലൈറ്റ് ഡാറ്റയും

ഇറാനെ സഹായിക്കാൻ റഷ്യ, ഡ്രോണുകൾ രഹസ്യമായി നൽകും; ഒപ്പം രഹസ്യവിവരങ്ങളും സാറ്റലൈറ്റ് ഡാറ്റയും

M
MathrubhumiSource Link
ടെഹ്റാൻ: റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഡ്രോൺ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ മാർച്ച് മാസം ആദ്യം തുടങ്ങിയ ചരക്ക് നീക്കം മാസാവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ വാർത്തകൾ വ്യാജമാണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ഇറാനിയൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾക്കാണ് റഷ്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകദേശം 13 ടൺ മരുന്നുകൾ ഇതിനോടകം തന്നെ അസർബൈജാൻ വഴി ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, എന്നാൽ ആയുധങ്ങൾ കൈമാറുന്നതിനൊപ്പം തന്നെ ഇറാനുമായുള്ള ഇന്റലിജൻസ് സഹകരണവും റഷ്യ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, ടാർഗെറ്റിങ് ഡാറ്റ, വിപുലമായ ഇന്റലിജൻസ് പിന്തുണ എന്നിവ റഷ്യ ഇതിനോടകം തന്നെ ഇറാനു നൽകിക്കഴിഞ്ഞു. ഇറാന്റെ പോരാട്ടവീര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇറാനിലെ രാഷ്ട്രീയ സാഹചര്യം സ്ഥിരപ്പെടുത്താനും റഷ്യയുടെ ഈ പിന്തുണ സഹായിക്കുമെന്ന് മുതിർന്ന പാശ്ചാത്യ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പശ്ചിമേഷ്യയിൽ തങ്ങളുടെ പ്രധാന യുദ്ധതന്ത്രമായി ഇറാൻ കാണുന്ന വൺ-വേ അറ്റാക്ക് ഡ്രോണുകളുടെ ഉത്പാദനത്തിലും റഷ്യ വലിയ സഹായമാണ് നൽകുന്നത്. ഇറാനിയൻ ഡിസൈനുകളെ അടിസ്ഥാനമാക്കി 2023 മുതൽ റഷ്യ സ്വന്തമായി ഡ്രോണുകൾ നിർമ്മിച്ചു വരികയായിരുന്നു. നിലവിൽ ഇറാൻ നിർമ്മിക്കുന്ന ഡ്രോണുകളേക്കാൾ സാങ്കേതികമായി ഏറെ മുന്നിലുള്ള സംവിധാനങ്ങളാണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. ഡ്രോണുകളുടെ എൻജിനുകളിലും നാവിഗേഷൻ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയ റഷ്യ, ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശത്രുക്കളുടെ സിഗ്നൽ ജാമിംഗുകളെ പ്രതിരോധിക്കാനുള്ള കഴിവും ഈ പുതിയ ഡ്രോണുകൾക്കുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡ്രോണുകൾ ലഭിക്കുന്നതിനേക്കാൾ, തങ്ങളുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിലാണ് താല്പര്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജെറാൻ-2 പോലുള്ള അത്യാധുനിക റഷ്യൻ ഡ്രോണുകൾ സ്വന്തമാക്കി അവ റിവേഴ്സ് എൻജിനീയറിങ് വഴി പഠിക്കാനും ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം, അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം സാങ്കേതിക സഹായങ്ങൾക്കായി ഇറാൻ റഷ്യയെ സമീപിച്ചത്. ഡ്രോണുകൾക്ക് പുറമെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാൻ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 500 വെർബ ലോഞ്ച് യൂണിറ്റുകളും 2,500 മിസൈലുകളും മൂന്ന് വർഷത്തിനുള്ളിൽ കൈമാറാൻ ഇരുരാജ്യങ്ങളും കഴിഞ്ഞ ഡിസംബറിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഏറ്റവും നൂതനമായ എസ്-400 വ്യോമപ്രതിരോധ സംവിധാനം നൽകണമെന്ന ഇറാന്റെ ആവശ്യം റഷ്യ തള്ളിക്കളഞ്ഞു. ഈ സംവിധാനം നൽകുന്നത് അമേരിക്കയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന ഭയമാണ് റഷ്യയെ ഇതിൽ നിന്നും പിന്നോട്ട് നയിച്ചത്. റഷ്യയും ഇറാനും തമ്മിലുള്ള ഈ സൈനിക ഇടപാടുകൾ തടയാൻ ഇസ്രയേലും ശ്രമിക്കുന്നുണ്ട്. കാസ്പിയൻ കടൽ വഴി റഷ്യയെയും ഇറാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാത കഴിഞ്ഞ ആഴ്ച ഇസ്രയേൽ ലക്ഷ്യം വെച്ചിരുന്നു. കഴിഞ്ഞ വർഷം ഇറാനും റഷ്യയും തമ്മിൽ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ പ്രതിരോധ കാര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  Content Highlights: Discover the latest intelligence on Russia's military shipments to Iran, including drones and defense technology. Published: 26 Mar 2026, 05:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനെ സഹായിക്കാൻ റഷ്യ, ഡ്രോണുകൾ രഹസ്യമായി നൽകും; ഒപ്പം രഹസ്… | Boolokam