തിരുവനന്തപുരം : ലോകത്ത് നിലനിൽക്കുന്ന യുദ്ധത്തിന്റെ സാഹചര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും സമാധാനക്കരാർ രൂപപ്പെടുത്താൻ ലോകരാഷ്ട്രങ്ങൾക്കു സാധ്യമാവണമെന്നതാണ് ഈദ് ദിനത്തിലെ പ്രാർഥനയെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. പാളയത്തു നടന്ന ഈദ് ഗാഹിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. To advertise here, ഇറാനെ അങ്ങോട്ടുപോയി ആക്രമിച്ചതിനാൽ അവരുടെ ഉപാധികൾകൂടി സാധ്യമാവുന്ന രീതിയിൽ സമാധാനക്കരാറിലേക്കെത്തിയാൽ അത് ലോകത്തിനു വലിയ ആശ്വാസമാകും. ശാന്തിയുടെയും സമാധാനത്തിന്റെയും വെളിച്ചം നൽകലാണ് ഈദുൽ ഫിത്തറിന്റെ സമകാലിക ദൗത്യം. ഇറാനിലെ ആത്മീയനേതാക്കൾക്കു പുറമേ, നിരപരാധികളായ കുഞ്ഞുങ്ങളടക്കം ധാരാളം മനുഷ്യരുടെ ജീവനുകളാണ് യുദ്ധത്തിൽ നഷ്ടപ്പെട്ടത്. ലോകസമാധാനത്തിനും യുദ്ധവിരാമത്തിനുമായുള്ള പ്രാർഥനകളാണ് ഈദ് ദിനത്തിൽ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉയരേണ്ടത്. സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ മനുഷ്യനെ പൈശാചികവികാരങ്ങളിലേക്കു നയിക്കുന്ന സമകാലിക സാഹചര്യത്തിൽ ആത്മീയബോധത്തിലൂടെ മാത്രമേ ശരിയായ സംസ്‌കരണം നേടിയെടുക്കാൻ മനുഷ്യനു സാധ്യമാകൂ. ജാതി, മത വ്യത്യാസങ്ങൾക്കതീതമായ സാഹോദര്യം ശക്തിപ്പെടുത്താനും കുടുംബ, അയൽപക്ക ബന്ധങ്ങൾക്കു കരുത്തുനൽകാനുമുള്ള അവസരമായി പെരുന്നാൾദിനം മാറണം. വെറുപ്പും വിദ്വേഷവും പടർന്നു പന്തലിക്കുമ്പോൾ തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്ന ഖുർആനിലെ ആഹ്വാനമാണ് നാം മുറുകെപ്പിടിക്കേണ്ടത്. വെറുപ്പിനെ സ്‌നേഹംകൊണ്ട് പ്രതിരോധിച്ചാൽ ശത്രുവിനെ മിത്രമാക്കി മാറ്റാൻ കഴിയുമെന്നാണ് ഖുർആൻ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം : സിറ്റി ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഈദ് ഗാഹിന് മൗലവി ഇ.കെ.സുജാദ്, പുത്തരിക്കണ്ടം മൈതാനത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാഹിന് മുജാഹിദ് ബാലുശ്ശേരി എന്നിവർ നേതൃത്വം നൽകി. സ്നേഹവും സൗഹാർദവും എന്ന ഇസ്‌ലാമിന്റെ തനതായ ശൈലികൊണ്ട് ലോകത്തെയും രാജ്യത്തെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിക്കാൻ കഴിയുമെന്നും മുജാഹിദ് ബാലുശ്ശേരി പറഞ്ഞു. കെ.എൻ.എം. ജില്ലാ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നബീൽ അഹമ്മദ് സലാഹി, പരുത്തികുഴി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പരുത്തിക്കുഴി ബൈപ്പാസിൽ നടന്ന ചടങ്ങിൽ ഹാഫീസ് അനസ് മൗലവി അൽഖാസിമി എന്നിവർ ഈദ് സന്ദേശം നൽകി. കെ.എൻ.എം. മസ്ജിദ് റഹ്മാൻ ഈദ്ഹാഗ് കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാൾ നമസ്‌കാരവും ഈദ് സന്ദേശവും അമ്പലത്തറ കൊർദോവ സ്കൂളിന് സമീപമുള്ള അമിഗോസ് മൈതാനിയിൽ നടന്നു. മസ്ജിദ് റഹ്മാൻ ചീഫ് ഇമാമും കെ.എൻ.എം. ജില്ലാ സെക്രട്ടറിയുമായ മൗലവി അൽഅമീൻ ബീമാപള്ളി നേതൃത്വം നൽകി. എല്ലായിടത്തും സ്ത്രീകൾക്ക് പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.

ഇറാന്റെ ഉപാധികൾകൂടി അംഗീകരിക്കുന്ന സമാധാനക്കരാർ സാധ്യമാകണം- പാളയം ഇമാം
M
MathrubhumiSource Link
about 2 months ago