News Desk Last Updated: 15 March 2026, 04:47 AM IST ഹോര്‍മുസ് കടലിടുക്കിലൂടെപോകുന്ന എണ്ണക്കപ്പലുകളെ ആക്രമിക്കുന്നത് ഇറാന്‍ നിര്‍ത്തിയില്ലെങ്കില്‍ ഖാര്‍ഗിലെ എണ്ണശുദ്ധീകരണ, സംഭരണസംവിധാനങ്ങള്‍ ചാരമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ഫുജൈറയിലെ എണ്ണക്കയറ്റുമതി ടെർമിനലിന്റെ ഭാഗത്തുനിന്ന് കറുത്ത പുകയുയരുന്നു. ദുബായ്: ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി ടെർമിനലായ ഖാർഗ് ദ്വീപിലെ സൈനികസംവിധാനങ്ങൾ പൂർണമായി ഇല്ലാതാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെപോകുന്ന എണ്ണക്കപ്പലുകളെ ആക്രമിക്കുന്നത് ഇറാൻ നിർത്തിയില്ലെങ്കിൽ ഖാർഗിലെ എണ്ണശുദ്ധീകരണ, സംഭരണസംവിധാനങ്ങൾ ചാരമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇസ്രയേലും യു.എസും ചേർന്ന് ഇറാനോടു നടത്തുന്ന യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കേയാണ് ആഗോള ഇന്ധനപ്രതിസന്ധി പൂർവാധികം പരുങ്ങലിലാക്കുന്ന ട്രംപിന്റെ നടപടി. To advertise here, എന്നാൽ, ഭീഷണി വകവെക്കാതെ ഇറാൻ യു.എ.ഇ.യിലെ യു.എസിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. യു.എ.ഇ.യുടെ പ്രതിരോധമിസൈലേറ്റ് ചിന്നിച്ചിതറിയ ഇറാൻ ഡ്രോണിന്റെ കഷണംവീണ് ഫുജൈറയിലെ അസംസ്‌കൃത എണ്ണക്കയറ്റുമതി ടെർമിനലിന് തീപിടിച്ചു. ഇതേത്തുടർന്ന് ഇവിടത്തെ ചില ശാലകളിൽനിന്നുള്ള കയറ്റുമതി യു.എ.ഇ. തത്കാലത്തേക്ക് നിർത്തിവെച്ചു. റുവൈസ് എണ്ണ ശുദ്ധീകരണശാല അടച്ചു. ഖാർഗ് ദ്വീപിൽ വെള്ളിയാഴ്ച രാത്രി യു.എസ്. നടത്തിയ ആക്രമണത്തിനുപിന്നാലെ, യു.എ.ഇ.യെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പുനൽകിയിരുന്നു. സ്വന്തം പരമാധികാരം സംരക്ഷിക്കാനുള്ള ഇറാന്റെ അവകാശം കണക്കിലെടുത്ത് യു.എ.ഇ.യിൽ യു.എസിന് താത്പര്യമുള്ള തുറമുഖങ്ങൾ, കപ്പൽത്തുറകൾ, സൈനികതാവളങ്ങൾ എന്നിവ ആക്രമിക്കുമെന്നായിരുന്നു ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) മുന്നറിയിപ്പ്. ഖാർഗ് ദ്വീപിൽ 90-ലേറെ ഇടങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് യു.എസ്. പറഞ്ഞു. ആക്രമണത്തിൽ എണ്ണയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്ക് കേടുപറ്റിയില്ലെന്നും ഖാർഗ് ദ്വീപിൽനിന്നുള്ള കയറ്റുമതി പതിവുപോലെ തുടർന്നെന്നും ഇറാൻ വാർത്താ ഏജൻസിയായ 'ഫാർസ്' പറഞ്ഞു. രണ്ടു കപ്പലുകൾ ഇവിടെനിന്ന് എണ്ണകയറ്റി. വ്യോമപ്രതിരോധ സംവിധാനം, നാവികത്താവളം, വിമാനത്താവള നിയന്ത്രണഗോപുരം, കടലിൽ എണ്ണഖനനം ചെയ്യുന്ന കമ്പനികളിലൊന്നിന്റെ ഹെലികോപ്റ്ററിടുന്ന സ്ഥലം എന്നിവയാണ് യു.എസ്. ആക്രമിച്ചതെന്നും 'ഫാർസ്' പറഞ്ഞു. യു.എ.ഇ.യിലേക്ക് ശനിയാഴ്ച ഇറാൻ ഒൻപതു ബാലിസ്റ്റിക് മിസൈലും 33 ഡ്രോണും അയച്ചെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു. ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയശേഷം 294 ബാലിസ്റ്റിക് മിസൈലും 15 ക്രൂസ് മിസൈലും 1600 ഡ്രോണും ഇറാനിൽനിന്ന് യു.എ.ഇ.യിലെത്തിയെന്നും പറഞ്ഞു. അതേസമയം, കീഴടങ്ങലിന്റെ ഒരു സൂചനയും നൽകാതെ, കൂടുതൽ നശീകരണശേഷിയുള്ള മിസൈലുകൾ ആക്രമണത്തിനുപയോഗിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് യു.എസ്. നാവികസേനാക്കപ്പലുകൾ ഉടൻ അകമ്പടിനൽകുമെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. മറ്റു രാജ്യങ്ങളും ഇവിടേക്ക് യുദ്ധക്കപ്പലുകൾ അയക്കുമെന്നും അവകാശപ്പെട്ടു. എന്നാൽ, രാജ്യങ്ങളുടെ പേരുപറഞ്ഞില്ല. ഐ.ജി.ആർ.സി.ക്കു നിയന്ത്രണമുള്ള ഹോർമുസ്, യുദ്ധം ആരംഭിച്ചതോടെ ഇറാൻ അടയ്ക്കുകയും ഇതുവഴി പോകാൻശ്രമിക്കുന്ന, ഇസ്രയേൽ, യു.എസ്. ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. അതിനിടെ, റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനായി ഇന്ത്യയെ പീഡിപ്പിച്ച യു.എസ്., ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിട്ടപ്പോൾ അവിടെനിന്ന് എണ്ണ ഇറക്കുമതിചെയ്യാൻ ലോകത്തോടു കെഞ്ചുകയാണെന്ന് ഇറാൻ പരിഹസിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് വെള്ളിയാഴ്ച 'എക്‌സി'ൽ ഇങ്ങനെ കുറിച്ചത്. റഷ്യയിൽനിന്ന് എണ്ണവാങ്ങാൻ യു.എസ്. ഇന്ത്യക്ക് 30 ദിവസത്തെ ഇളവു നൽകിയിരുന്നു. Content Highlights: US strikes on Iran's Kharg Island infrastructure., Retaliatory Iranian drone and missile attacks on UAE oil facilities., Global oil supply chain disruption due to conflict in the Strait of Hormuz., Escalating rhetoric between US and Iranian leadership., Impact on international energy markets and diplomatic relations. Published: 15 Mar 2026, 04:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാന്റെ എണ്ണകേന്ദ്രമായ ഖാർഗിൽ ബോംബിട്ട് യുഎസ്; സൈനിക സംവിധാനങ്ങൾ ഇല്ലാതാക്കിയെന്ന് ട്രംപ്
M
MathrubhumiSource Link
about 2 months ago