പാശ്ചാത്യ-അമേരിക്കൻ ആധിപത്യത്തിന് ബദൽ എന്ന നിലയിൽ ഇറാൻ, യു.എ.ഇ., ഈജിപ്റ്റ്, ഇന്തൊനേഷ്യ എന്നിവരെ ഉൾപ്പെടുത്തി ശക്തിപ്പെടുത്തിയ ബ്രിക്സിന് ഇത് പ്രതിസന്ധിക്കാലമാണ്. റിയോ ഡി ജനൈറോയിൽ നടന്ന പതിനേഴാമത് വാർഷിക ബ്രിക്സ് ഉച്ചകോടിയിൽ ലോക നേതാക്കൾ | Photo: Silvia Izquierdo/ AP ലോകരാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി വളരാൻ ശ്രമിക്കുന്ന ‘ബ്രിക്സ്’ (BRICS) ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര വേദിയിൽ പാശ്ചാത്യേതര ശക്തികളുടെ കരുത്തുറ്റ ശബ്ദമായി സ്വയം അടയാളപ്പെടുത്തിയ ‘ബ്രിക്സ്’ അതിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ്. അമേരിക്കൻ- പാശ്ചാത്യ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഒരു ലോകക്രമം സ്വപ്നം കാണുന്ന ‘ബ്രിക്സ്’ രാജ്യങ്ങൾക്ക്, പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുമ്പോൾ ഒരു ഏകീകൃത നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രസ്താവനകൾക്കപ്പുറം ഒന്നും ചെയ്യാൻ കൂട്ടായ്മക്കോ അതിന്റെ അംഗരാജ്യങ്ങൾക്കോ സാധിച്ചിട്ടുമില്ല. To advertise here, ലോകത്തിന് ബദൽ നേതൃത്വം നൽകാൻ തങ്ങൾ പ്രാപ്തരാണോ എന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകേണ്ട ബാധ്യത ഈ കൂട്ടായ്മയ്ക്കുണ്ട്. 2024-ൽ ഇറാന്റെയും ചില അറബ് രാജ്യങ്ങളുടെയും കടന്നുവരവോടെ ‘ബ്രിക്സ്’ വിപുലപ്പെട്ടെങ്കിലും ഈ അംഗബലം സഖ്യത്തിനുള്ളിലെ ആഭ്യന്തരഭിന്നത വർധിപ്പിക്കുന്നു. ഇസ്രയേലിന്റെ സൈനിക ഇടപെടലുകളും ഇറാന്റെ തിരിച്ചടികളും മേഖലയെ അസ്ഥിരപ്പെടുത്തുമ്പോൾ, വെറുമൊരു സാമ്പത്തിക കൂട്ടായ്മ എന്നതിനപ്പുറം നയതന്ത്രതലത്തിൽ നിർണ്ണായകമായ ഇടപെടൽ നടത്താൻ ബ്രിക്സിന് സാധിക്കുമോ? അംഗരാജ്യങ്ങളുടെ പരസ്പരവിരുദ്ധമായ താത്പര്യങ്ങളും യുഎസുമായുള്ള തന്ത്രപരമായ ബന്ധങ്ങളും ഈ പരീക്ഷണകാലത്ത് ബ്രിക്സിനെ എവിടെ എത്തിക്കും? മസൂദ് പെസഷ്കിയാൻ ഇറാന്റെ പ്രതീക്ഷയും ബ്രിക്സിന്റെ മൗനവും പാശ്ചാത്യ-അമേരിക്കൻ ആധിപത്യത്തിന് ബദൽ എന്ന നിലയിൽ ഇറാൻ, യു.എ.ഇ., ഈജിപ്റ്റ്, ഇന്തൊനേഷ്യ എന്നിവരെ ഉൾപ്പെടുത്തി ശക്തിപ്പെടുത്തിയ ബ്രിക്സിന് ഇത് പ്രതിസന്ധിക്കാലമാണ്. യുദ്ധത്തിൽ ‘ബ്രിക്സ്’ രാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇറാൻ സമ്മർദം ശക്തമാക്കിയിരുന്നു. യുദ്ധത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. 2024-ൽ കൂട്ടായ്മയിൽ അംഗമായ ഇറാൻ, തങ്ങൾക്കെതിരെയുള്ള യുഎസ്-ഇസ്രയേൽ നീക്കത്തെ സഖ്യം ഒറ്റക്കെട്ടായി ശക്തമായ ഭാഷയിൽ അപലപിക്കാൻ തയ്യാറാകണമെന്നാണ് ആഗ്രഹിക്കുന്നത്. മേഖലയിലെ സമാധാനം നിലനിർത്തുന്നതിൽ ‘ബ്രിക്സ്’ കൂടുതൽ സജീവമായ പങ്കുവഹിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. വിഷയത്തിൽ ഇടപെടാൻ അംഗരാജ്യങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ട്. എന്നാൽ, ഈ രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതകളും വ്യത്യസ്ത താത്പര്യങ്ങളും സഖ്യത്തിന്റെ പരിമിതികൾ വെളിപ്പെടുത്തുന്നതാണ്. നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരമുണ്ടാകാൻ അമേരിക്കയും ഇസ്രയേലും തങ്ങളുടെ സൈനികനീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിൽ സഖ്യം കൂടുതൽ ശക്തമായ പങ്ക് വഹിക്കണമെന്നും ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, അക്രമങ്ങൾ അവസാനിപ്പിക്കാനും ആഗോള-പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും സഖ്യം സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ ഇടപെടലുകൾ ഇല്ലാതെ സമാധാനം ഉറപ്പാക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രാദേശിക സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. കൂട്ടായ്മയുടെ വിശ്വാസ്യത നിലനിർത്താൻ കൃത്യമായ നടപടി വേണമെന്ന ഇറാന്റെ ആവശ്യം നിലവിൽ നേതൃസ്ഥാനത്തുള്ള ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ബ്രിക്സിലെ അംഗമായ ഇറാൻ ആക്രമിക്കപ്പെടുമ്പോൾ സഖ്യത്തിന് നിസ്സംഗത പുലർത്താനാവില്ല. നേരിട്ട് ഇടപെടുന്നത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധത്തെയും ബാധിക്കുകയും ചെയ്യും. ആരുടെയും പക്ഷംപിടിക്കാതെ സംയമനം പാലിക്കാനും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുമാണ് ഇന്ത്യ ഇതുവരെ ശ്രമം നടത്തിയത്. ഇറാന്റെയോ അമേരിക്കൻ-ഇസ്രയേൽ സഖ്യത്തിന്റെയോ പക്ഷംചേരാതെ തന്ത്രപരമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, ഇറാനുമായുള്ള സമീപകാല ചർച്ചകളിൽ വിഷയം ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അംഗരാജ്യങ്ങൾക്കിടയിലെ വിള്ളലുകൾ ‘ബ്രിക്സ്’ മൗനം പാലിക്കുമ്പോഴും അഗങ്ങളിൽ ചിലർ ഇറാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാപക അംഗങ്ങളായ ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന എന്നിവരാണ് ഇറാന് പിന്തുണ അറിയിച്ചും യുദ്ധത്തെ അപലപിച്ചും രംഗത്തെത്തിയത്. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്കായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ആക്രമണങ്ങളെ ശക്തമായി വിമർശിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനികനീക്കങ്ങളെ ചൈനയും അപലപിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കെയാണ് ഈ ആക്രമണമെന്നും അവർ ചൂണ്ടിക്കാട്ടി. സുരക്ഷാ ആശങ്കകൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയുണ്ടായ ഈ നീക്കം ദൗർഭാഗ്യകരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പക്ഷേ, സഖ്യം ഒന്നാകെ യുദ്ധത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. മാത്രമല്ല, സാമ്പത്തിക കൂട്ടായ്മ എന്ന നിലയിൽനിന്ന് രാഷ്ട്രീയശക്തിയായി മാറാൻ ശ്രമിക്കുന്ന ബ്രിക്സിന്, ഈ യുദ്ധത്തിൽ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല. അംഗങ്ങൾക്കിടയിലെ താത്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളാണ് പ്രധാന വെല്ലുവിളി. പ്രശ്നത്തിൽ അറബ് രാജ്യങ്ങളുടെ നിലപാടും നിർണായകമാണ്. പുതിയ അംഗമായ യു.എ.ഇ. ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രാദേശിക സ്വാധീനത്തിൽ ആശങ്കകളുണ്ട്. അമേരിക്കയുമായുള്ള തങ്ങളുടെ പ്രതിരോധ ബന്ധം തകർക്കാനും ആഗ്രഹിക്കുന്നില്ല. മാത്രമല്ല, യുദ്ധത്തിൽ ഇറാൻ യു.എ.ഇയെ ലക്ഷ്യം വെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ സഖ്യം വികസിച്ചുവെങ്കിലും അംഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ യുദ്ധകാലത്ത് പ്രകടമാണ്. സുരക്ഷാ കാര്യങ്ങളിൽ ട്രംപ് ഭരണകൂടത്തോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ യുഎസ്-ഇസ്രയേൽ നീക്കങ്ങൾക്കെതിരെ ഒരു സംയുക്ത സൈനികനീക്കം അസാധ്യമാണ്. ഇത് സഖ്യത്തിന്റെ പരിമിതികളെയാണ് വിളിച്ചു പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും | Photo: PTI (File) ഇന്ത്യയുടെ നയതന്ത്ര പ്രതിസന്ധി! ‘ബ്രിക്സ്’ സ്ഥാപകാംഗങ്ങളിൽ ഇറാനെതിരായ ആക്രമണങ്ങളെ പരസ്യമായി അപലപിക്കാത്ത ഏക രാജ്യം ഇന്ത്യയാണ്. നിലവിൽ കൂട്ടായ്മയുടെ അധ്യക്ഷപദവി അലങ്കരിക്കുന്ന ഇന്ത്യ, വിഷയത്തിൽ അസാധാരണമായ മൗനമാണ് പാലിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനേയി കൊല്ലപ്പെട്ട ടെഹ്‌റാൻ ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ പ്രതികരിച്ചത്. സമാധാന ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്ന പക്ഷത്താണ് തങ്ങളെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം മേഖലയുടെ സുസ്ഥിരതയെ ബാധിക്കുമെന്നും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഗൾഫ് രാഷ്ട്രത്തലവന്മാരുമായി സംസാരിക്കുകയും അവർക്കെതിരായ ആക്രമണങ്ങളെ വിമർശിക്കുകയും ചെയ്തു. എന്നാൽ, ഈ പരാമർശങ്ങളിലൊന്നും ഇറാന്റെ പേര് അദ്ദേഹം എടുത്തുപറഞ്ഞില്ല. ഇസ്രയേൽ-യുഎസ് ആക്രമണങ്ങളെയും ഖമനേയിയുടെ വധത്തെയും നേരിട്ട് അപലപിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയെ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുൻപ് മോദി ഇസ്രയേൽ സന്ദർശിച്ചതും അവിടെ പാർലമെന്റ് അഭിസംബോധന ചെയ്തതും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സന്ദർശനത്തിന്റെ സമയം പരിശോധിക്കുമ്പോൾ ഇറാന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ഇന്ത്യ നൽകിയ 'നിശബ്ദ അംഗീകാരമായി' ഇതിനെ കാണേണ്ടി വരുമെന്നും പാർട്ടി വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ ബ്രിക്സിനുള്ളിൽ ഏറ്റവും വലിയ നയതന്ത്ര വെല്ലുവിളി നേരിടുന്നത് ഇന്ത്യയാണ്. ഇസ്രയേലുമായും ഇറാനുമായും ഒരേപോലെ മികച്ച ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്ക് ഏതെങ്കിലും ഒരു പക്ഷം ചേരുന്നത് പ്രായോഗികമല്ല. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളികളിലൊരാണ് ഇസ്രയേൽ. മറുവശത്ത് ചബഹാർ തുറമുഖം വഴി മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് ഇറാൻ. യു.എ.ഇയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തമാണ്. ഈ മൂന്ന് താൽപ്പര്യങ്ങളെയും ഒരുപോലെ സംരക്ഷിക്കുക എന്നത് ഇന്ത്യയ്ക്ക് കടുത്തപരീക്ഷയാണ്. സമാധാന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, അമേരിക്കയെ പിണക്കാതെയുള്ള നയതന്ത്ര നീക്കത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ബ്രിക്സ് ഉച്ചകോടിയിൽ നേതാക്കൾ പരിമിതികളിൽ ‘ബ്രിക്സ്’ ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളുടെ ഒരു സഖ്യമല്ല ‘ബ്രിക്സ്’. മറിച്ച്, വ്യാപാരം, വികസനം, സാമ്പത്തിക സഹകരണം, ബഹുരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിപുലമായ അജണ്ടകളുള്ള അയഞ്ഞ കൂട്ടായ്മ മാത്രമാണിത്. അത് തന്നെയാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പോരായ്മയും. അംഗരാജ്യങ്ങളുടെ എണ്ണം വർധിപ്പിച്ചത് കൂട്ടായ്മയ്ക്കുള്ളിലെ ഭിന്നതകൾ രൂക്ഷമാക്കി. കൂട്ടായ്മ വിപുലീകരിക്കപ്പെട്ടതോടെ കൂടുതൽ രാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ വിദേശനയങ്ങൾ ഏകോപിപ്പിക്കുക എന്നത് പ്രയാസകരമായി മാറി. ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിൽ പോലും അംഗരാജ്യങ്ങൾക്കിടയിൽ സമവായമില്ലാത്തത് ഇതിന് തെളിവാണ്. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും സംഘർഷത്തിൽ നേരിട്ട് കക്ഷികളായതിനാൽ, ബ്രിക്സ് എന്ന വേദിയെ ഒരു മധ്യസ്ഥനായി കാണാൻ ലോകരാജ്യങ്ങൾക്കും പ്രയാസമുണ്ട്. കൂട്ടായ്മയിൽ ഇറാൻ വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ കൂട്ടായ്മയുടെ ഭാഗത്തുനിന്ന് പ്രതികരണത്തിന് സാധ്യതയില്ല. ഇറാന്റെ നീക്കങ്ങളിൽ ജാഗ്രത പുലർത്തുന്ന ഗൾഫ് രാജ്യങ്ങളുടെ സാന്നിധ്യവും അമേരിക്കയെ എതിർക്കുന്ന നിലപാട് സ്വീകരിക്കാൻ മറ്റ് പല അംഗരാജ്യങ്ങളും മടികാണിക്കുന്നതും ഈ സാഹചര്യത്തിൽ കൂട്ടായ്മയ്ക്ക് വലിയ പരിമിതികളുണ്ട്. മാത്രമല്ല, സംവാദങ്ങൾക്കുള്ള ഒരു വേദിയെന്ന നിലയിൽ ബ്രിക്സിന് വലിയ സാധ്യതകളുണ്ടെങ്കിലും, നിലവിലെ വിഷയത്തിൽ ഒരു സംയുക്ത പ്രസ്താവന ഇറക്കുന്നതുപോലും അപ്രായോഗികമാണ്. കൂട്ടായ്മയെ സംബന്ധിച്ച് ഇറാൻ-ഇസ്രയേൽ യുദ്ധം വെറുമൊരു പ്രാദേശിക യുദ്ധമല്ല. ഇത് അമേരിക്കയുടെ നേതൃത്വത്തിലുള്ള പഴയ ലോകക്രമവും ‘ബ്രിക്സ്’ പ്രതിനിധാനം ചെയ്യുന്ന പുതിയ ലോകക്രമവും തമ്മിലുള്ള മാറ്റുരയ്ക്കലാണ്. അതിനാലാണ് പശ്ചിമേഷ്യയിലെ സംഘർഷം ‘ബ്രിക്സ്’ എന്ന ആഗോള കൂട്ടായ്മയുടെ പ്രസക്തി അളക്കുന്ന നിർണായകഘട്ടം കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിന് ബദലായി ഒരു പുതിയ ലോകക്രമം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ബ്രിക്സിന്, സ്വന്തം അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ കഴിയുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ‘ബ്രിക്സ്’ രാജ്യങ്ങൾക്ക് കൂട്ടായ്മയിൽ ഒപ്പമുള്ള ഇറാനെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, ആഗോളതലത്തിൽ സഖ്യത്തിന്റെ പ്രാധാന്യത്തെ തന്നെ ചോദ്യം ചെയ്യപ്പെടും. മറിച്ച് നയതന്ത്രപരമായി ട്രംപിനെ പിന്തിരിപ്പിക്കാൻ അവർക്ക് കഴിഞ്ഞാൽ, അത് അമേരിക്കൻ ഏകധ്രുവ ലോകത്തിന്റെ അന്ത്യമായിരിക്കും.

ഇറാന്റെ സമ്മർദവും ഇന്ത്യയുടെ മൗനവും സഖ്യത്തിലെ വിള്ളലും; യുദ്ധം ബ്രിക്സിന് അഗ്നിപരീക്ഷയോ?
M
MathrubhumiSource Link
about 2 months ago