ചടയമംഗലം :ഇളമാട് പഞ്ചായത്തിലും ഉമ്മന്നൂർ പഞ്ചായത്തിന്റെ അതിർത്തിമേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. അതിർത്തിയിലുള്ള ഏഷ്യാഡ്, കൊപ്പള്ളിഭാഗം, ചെറുവല്ലൂർ, കൈപ്പടക്കുന്ന് എന്നിവിടങ്ങളിലാണ് കുടിവെള്ളം കിട്ടാതെ ആളുകൾ വലയുന്നത്. കൊച്ചുകുന്നുംപുറം, വേങ്ങൂർ, പാറങ്കോട് ഭാഗങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. പ്രദേശത്തെ വയലുകളും തോടുകളും വരണ്ടു. പരിചരണമില്ലാത്തതിനാൽ കുളങ്ങൾ കാടുമൂടി. കെട്ടിടനിർമാണം, വിവാഹം എന്നിവ ജലക്ഷാമത്തെത്തുടർന്ന് മുടങ്ങുന്ന അവസ്ഥയാണ്. പഞ്ചായത്തുകൾ ടാങ്കറിൽ ജലം എത്തിക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. ജപ്പാൻ കുടിവെള്ളപദ്ധതിയിൽ ദിവസവും വെള്ളം ലഭിക്കാത്തതും സ്ഥിതി വഷളാക്കുന്നു. To advertise here, അതിനിടെ പൊതുചിറകളും കുളങ്ങളും വൃത്തിഹീനമായി നാശത്തിന്റെ വക്കിലെത്തിയിട്ടും പുനരുദ്ധാരണം നടത്തുന്നില്ല. തേവന്നൂർ ക്ഷേത്രത്തിന്റെ താഴെയുള്ള ചിറ, ചെറുവല്ലൂർ ചിറ എന്നിവ വൃത്തിയാക്കി കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി :ഇളമാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റ് റഷീദാബീവിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ ടി. ഗിരിജകുമാരി, ആമിനാ റമീസ്, ഷൈലാ മനോജ്, വാർഡ് പ്രതിനിധിമാരായ സന്ദീപ് അർക്കന്നൂർ, ഗിരിജാ ഉണ്ണി, ബിജുമോൻ, റീജാ തോമസ്, ലിജോയ് ചെറുവക്കൽ, അഭീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പൈപ്പ്‌ലൈനുകളുടെ തകരാറുകൾ കാരണം പല സ്ഥലങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി അധികൃതരെ ബോധ്യപ്പെടുത്തി. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലും മറ്റു മേഖലകളിലും ജലവിതരണം പൂർണമായും തടസ്സപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി.

ഇളമാട് പഞ്ചായത്തിൽ കുടിനീരിന് നെട്ടോട്ടം; കുളങ്ങളും കിണറുകളും വറ്റി
M
MathrubhumiSource Link
17 days ago