ഇഴഞ്ഞിഴഞ്ഞ് കനോലി തൂക്കുപാല നിർമാണം

ഇഴഞ്ഞിഴഞ്ഞ് കനോലി തൂക്കുപാല നിർമാണം

2.35 കോടി രൂപയുടെ തൂക്കുപാലം നിർമിക്കാൻ രണ്ടു ജോലിക്കാർ To advertise here, നിലമ്പൂർ : 2.35 കോടി രൂപ ചെലവിൽ നിലമ്പൂർ കനോലി പ്ലോട്ടിലേക്ക് പോകാനുള്ള തൂക്കുപാലം നിർമാണത്തിന് ദിവസവും എത്തുന്നത് രണ്ടു തൊഴിലാളികൾ മാത്രം. ഒരു മാസത്തോളമായി നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്. വർഷങ്ങൾക്കു മുൻപ് പൂർത്തീകരിക്കേണ്ടിയിരുന്ന തൂക്കുപാലത്തിന്റെ നിർമാണം 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് കരാർ കമ്പനി ഇപ്പോഴും നൽകുന്ന ഉറപ്പ്. 2018-ലും 2019-ലുമുണ്ടായ പ്രളയത്തിലാണ് ചാലിയാർ പുഴയ്ക്കു കുറുകേ നിലമ്പൂർ വടപുറം പാലത്തിനു സമീപം കനോലി കടവിൽ ഉണ്ടായിരുന്ന തൂക്കുപാലം പൂർണമായി ഒഴുകിപ്പോയത്. ഇതോടെ ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായി. വനംവകുപ്പിന്റെ കീഴിലാണ് ഈ ടൂറിസം കേന്ദ്രം. ലോകത്തിലെ തന്നെ മനുഷ്യനിർമിതമായ ഏറ്റവും വലിയ തേക്ക് ഉൾപ്പെടുന്ന തോട്ടം സ്ഥിതി ചെയ്യുന്നത് കനോലി പ്ലോട്ടിലാണ്. 2019-ൽ പൂർണമായി ഒലിച്ചുപോയ തൂക്കുപാലമാണ് ഏഴുവർഷമായിട്ടും നോക്കുകുത്തിയായി നിൽക്കുന്നത്. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ 'സിൽക്കി'നാണ് തൂക്കുപാലത്തിന്റെ നിർമാണച്ചുമതല. 2024-ലെ കരാർപ്രകാരം 2.35 കോടി രൂപ അടങ്കലിലാണ് പുനർനിർമാണം. 150 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലുമാണ് തൂക്കുപാല നിർമാണം. സിൽക്ക് തന്നെയാണ് പ്രളയത്തിൽ ഒലിച്ചുപോയ തൂക്കുപാലവും നിർമിച്ചിരുന്നത്. ആദ്യത്തെ തൂക്കുപാലത്തേക്കാൾ രണ്ടുമീറ്റർ കൂടി അധികം ഉയരത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം. തൂക്കുപാലം നിർമ്മാണം എന്നു തീരുമെന്ന ചോദ്യത്തിന് വനംവകുപ്പിന് വ്യക്തമായ മറുപടിയില്ല. തൂക്കുപാലം പോയശേഷം ഇടയ്ക്കിടെ വേനൽക്കാലത്ത് ജങ്കാർ സർവീസ് ഉണ്ടായിരുന്നതു മാത്രമാണ് വിനോദസഞ്ചാരികൾക്ക് അൽപ്പം ആശ്വാസമായത്. ഇക്കുറി ജങ്കാർ സർവീസിന് കരാർവെക്കാൻ തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ പെട്ടെന്നാണ്‌ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതും കരാറിന് തടസ്സമായതും. അതിനാൽ ഇക്കുറി ജങ്കാർ സർവീസും ഉണ്ടാവില്ല. തൂക്കുപാലം യാഥാർഥ്യമാവാത്തതിനാൽ ഓരോ വർഷവും വനംവകുപ്പിന് വിനോദയിനത്തിൽ ലഭിക്കേണ്ട തുകയിൽ ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാറിന്റെ ഇടപെടലിലാണ് തൂക്കുപാല നിർമാണം ഇപ്പോൾ നടക്കുന്നത്. ജൂണിന് മുൻപ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇക്കുറിയും സീസണിൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയില്ല. ഒരാളിൽനിന്ന് ഇപ്പോഴും 40 രൂപയാണ് വനംവകുപ്പ് വാങ്ങുന്നത്. എന്നാൽ അവർക്ക് കനോലി പ്ലോട്ടിലേക്ക് പോകാൻ കഴിയുകയുമില്ല. കൂടുതൽ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ തൂക്കുപാല നിർമാണം വേഗത്തിലാക്കിയാൽ മാത്രമേ അടുത്ത വേനൽക്കാലത്തെങ്കിലും സഞ്ചാരികൾക്ക് പ്രയോജനമുണ്ടാകൂ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇഴഞ്ഞിഴഞ്ഞ് കനോലി തൂക്കുപാല നിർമാണം — Mathrubhumi | Boolokam | Boolokam