ഇവർ എൽ.ഡി.എഫ്. സ്ഥാനാർഥികൾ

ഇവർ എൽ.ഡി.എഫ്. സ്ഥാനാർഥികൾ

M
MathrubhumiSource Link
കൊല്ലം: ജില്ലയിൽ 10 നിയമസഭാമണ്ഡലങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുന്നത്തൂരിൽ മാത്രമാണ് ഔദ്യോഗിക തീരുമാനമാകാത്തത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ്‌കുമാർ എന്നിവർ ഇത്തവണയും മത്സരിക്കും. To advertise here, കൊല്ലം - എസ്. ജയമോഹൻ (സി.പി.എം.) സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു. കേന്ദ്ര കമ്മിറ്റി അംഗവുമായ എസ്. ജയമോഹൻ പാർട്ടിയുടെ ജില്ലയിലെ മുതിർന്ന നേതാവാണ്. ജില്ലാപഞ്ചായത്ത്‌ മുൻ പ്രസിഡന്റും കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമാണ്. അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ്‌ പൊതുപ്രവർത്തനരംഗത്തേക്കു വരുന്നത്. 12 വർഷം സി.പി.എം. പുനലൂർ ഏരിയ സെക്രട്ടറിയായിരുന്നു. 2005 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: വൈശാഖ്, വിവേക്. കൊട്ടാരക്കര – കെ.എൻ. ബാലഗോപാൽ (സി.പി.എം.) കൊട്ടാരക്കരയിലെ സിറ്റിങ്‌ എം.എൽ.എ.യും സംസ്ഥാന ധനമന്ത്രിയുമായ ബാലഗോപാൽ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമാണ്. വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1998 മുതൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്‌. 2003-ൽ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും 2015-ൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയുമായി. 2006 മുതൽ 2010 വരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. 2010 മുതൽ 2016 വരെ രാജ്യസഭാംഗമായി. കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനാണ്‌. 62-കാരനായ കെ.എൻ. ബാലഗോപാൽ എം.കോം., എൽഎൽ.എം. ബിരുദധാരിയാണ്‌. കോളേജ് അധ്യാപിക ആശാ പ്രഭാകരനാണ്‌ ഭാര്യ. മക്കൾ: കല്യാണി, ശ്രീഹരി. പത്തനാപുരം – കെ.ബി. ഗണേഷ്‌കുമാർ (കേരള കോൺഗ്രസ്-ബി) 2001 മുതൽ പത്തനാപുരത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന കെ.ബി. ഗണേഷ്‌കുമാർ, എ.കെ. ആന്റണി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു. 2011-ൽ ഉമ്മൻചാണ്ടി സർക്കാരിൽ വനം, കായികം, സിനിമ വകുപ്പുകളുടെ മന്ത്രിയായി. 2023-ൽ രണ്ടാം പിണറായി സർക്കാരിൽ വീണ്ടും ഗതാഗതമന്ത്രിയായി. മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകനാണ്. കെ.ജി. ജോർജിന്റെ ‘ഇരകൾ’ സിനിമയിൽ നായകവേഷംചെയ്ത് 19-ാംവയസ്സിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം മുന്നൂറോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. താരസംഘടന ‘അമ്മ’യുടെയും സീരിയൽ ആർട്ടിസ്റ്റുകളുടെ സംഘടനയായ ‘ആത്മ’യുടെയും മുൻനിരക്കാരൻ, എലിഫെന്റ്‌ ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ, നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. ചടയമംഗലം – ജെ. ചിഞ്ചുറാണി (സി.പി.ഐ.) ചടയമംഗലത്തെ നിലവിലെ എം.എൽ.എയും സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രിയുമാണ്. 1964-നുശേഷം സി.പി.ഐ.യിൽനിന്ന് കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ വനിത. വിദ്യാർഥിയായിരിക്കെ എ.ഐ.എസ്‌.എഫിലും മഹിളാസംഘത്തിലും പിന്നീട്‌ സി.പി.ഐ.യിലും സജീവമായി. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ. അഖിലേന്ത്യാ കൗൺസിൽ അംഗം, സി. അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. ഇരവിപുരം പഞ്ചായത്തിലെ പ്രായം കുറഞ്ഞ അംഗമായാണ്‌ ആദ്യ തിരഞ്ഞെടുപ്പുജയം. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സൺ തുടങ്ങിയ ചുമതലകളും വഹിച്ചു. 2021-ൽ 13,678 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. ഭർത്താവ് ഡി. സുകേശൻ സി.പി.ഐ. നേതാവും ലൈബ്രറി കൗൺസിൽ ജില്ലാ മുൻ സെക്രട്ടറിയുമാണ്‌. മക്കൾ: നന്ദു സുകേശൻ, നന്ദന റാണി. ചവറ – സുജിത്‌ വിജയൻപിള്ള (സി.പി.എം. സ്വതന്ത്രൻ) ചവറ അരവിന്ദ് മെഡിക്കൽ സെന്ററിൽ ഇ.എൻ.ടി. വിഭാഗം സർജനായിരിക്കെ, 2021-ൽ ചവറയിൽ മത്സരിച്ച് നിയമസഭയിൽ എത്തി. എം.എൽ.എ. ആയിരുന്ന പിതാവ്‌ എൻ. വിജയൻപിള്ളയുടെ മരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യം മത്സരിച്ചത്. കേരള ആരോഗ്യ സർവകലാശാല സെനറ്റ്, കേരള സർവകലാശാല സെനറ്റ് അംഗവും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട് പദ്ധതി കോഡിനേറ്റർ, കൊല്ലം ജില്ലാ ഹ്യൂമൻ റിസോഴ്സസ് ഡിവലപ്‌മെന്റ്‌ സഹകരണസംഘം പ്രസിഡന്റ്‌, വിജയൻപിള്ള ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി, വി.എൻ.പി. ഗ്രൂപ്പ് ട്രസ്റ്റി, നിയമസഭ ഹൗസ്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മടപ്പള്ളി വിജയശ്രീയിൽ എൽ. സുമാദേവിയാണ്‌ അമ്മ. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് പതോളജി വിഭാഗം പ്രൊഫസർ ഡോ. പാർവതിപ്പിള്ളയാണ് ഭാര്യ. മകൻ: ഋഷികേശ് നാരായണൻ. ഇരവിപുരം – എം. നൗഷാദ് (സി.പി.എം.) ഇരവിപുരത്തെ സിറ്റിങ് എം.എൽ.എ., സി.പി.എം. ജില്ലാ കമ്മിറ്റി അംഗം. 1984-1985ൽ ഫാത്തിമ കോളേജിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി. 1986-1987ൽ കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. 1995-ൽ വടക്കേവിള പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2005-ൽ മണക്കാട് ഡിവിഷനിൽനിന്നു വിജയിച്ച് കൊല്ലം കോർപ്പറേഷനിൽ. രണ്ടുതവണ കോർപ്പറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ. 2014-2015ൽ ഡെപ്യൂട്ടി മേയറായി. വീണ്ടും സ്ഥിരംസമിതി അധ്യക്ഷന്റെ ചുമതല വഹിച്ചു. 2016-ൽ ഇരവിപുരത്തുനിന്ന്‌ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലും വിജയം ആവർത്തിച്ചു. 2022 മുതൽ 2026 വരെ സംസ്ഥാന വഖഫ് ബോർഡ് ഡയറക്ടർ. പരേതരായ മുഹമ്മദ് ഹനീഫയുടെയും ഖദീജാബീവിയുടേയും മകൻ. ഭാര്യ: ബിന്നി നൗഷാദ് (അക്കൗണ്ടന്റ്, വടക്കേവിള സർവീസ് സഹകരണ ബാങ്ക്). മക്കൾ: ഷാരൂൺ എം. നൗഷാദ്, ഇർഫാൻ എം. നൗഷാദ്. കരുനാഗപ്പള്ളി – എം.എസ്. താര (സി.പി.ഐ.) സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം. സി.പി.ഐ.യുടെ ആദ്യത്തെ വനിതാ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി നേതൃത്വത്തിലേക്ക് ഉയർന്നു. സ്കൂൾപഠനകാലംമുതൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവം. 1999 മുതൽ കരുനാഗപ്പള്ളിയിൽ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങി. നിലവിൽ ഐ.എ.എൽ. (ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ്) ദേശീയ വൈസ് പ്രസിഡന്റ്. കേരള മഹിളാസംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്നു. 2017 മുതൽ 22 വരെ സംസ്ഥാന വനിതാ കമ്മിഷൻ അംഗം. കരുനാഗപ്പള്ളി അർബൻ ബാങ്ക് ചെയർമാനായും ആദ്യകാല ഗ്രന്ഥശാലയായ പന്നിശ്ശേരി സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. മരുതൂർകുളങ്ങര തെക്ക് കണിയാംപറമ്പിൽ, ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും കരുനാഗപ്പള്ളി മുൻ എം.എൽ.എ.യുമായ ബി.എം. ഷെരീഫിന്റെയും ഗേൾസ് ഹൈസ്കൂൾ മുൻ അധ്യാപിക നൂർജഹാന്റെയും മകൾ. പ്രവാസിയായിരുന്ന ദൗലത്ത് ഖാനാണ് ഭർത്താവ്. മകൻ: ദുലാർ. പുനലൂർ – സി. അജയപ്രസാദ് (സി.പി.ഐ.) സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗവും. എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗം, ഓയിൽപാം ഇന്ത്യ ഡയറക്ടർ ബോർഡ് അംഗം, പുനലൂർ താലൂക്ക് സമാജം ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മണ്ഡലത്തിൽ ഏറെയുള്ള തോട്ടം തൊഴിലാളികൾക്ക് സുപരിചിതൻ. ആർ.പി.എൽ. വർക്കേഴ്സ് യൂണിയന്റെയും തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെയും ജനറൽ സെക്രട്ടറി. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ആലഞ്ചേരി പ്രസാദ് ഭവനിൽ ചെല്ലപ്പൻപിള്ളയുടെയും സരസ്വതിയമ്മയുടെയും അഞ്ച്‌ മക്കളിൽ മൂത്ത മകൻ. ഭാര്യ: ശ്രീലത (അധ്യാപിക, സി.പി.എച്ച്.എസ്.എസ്., കടയ്ക്കൽ). മക്കൾ: ആദിത്യൻ, അഭിനന്ദൻ. കുണ്ടറ – എസ്.എൽ. സജികുമാർ (സി.പി.എം.) സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം. എസ്.എഫ്.ഐ.യിലൂടെ പൊതുപ്രവർത്തനരംഗത്ത്. പെരിനാട് ലോക്കൽ സെക്രട്ടറിയായും 10 വർഷം സി.പി.എം. കുണ്ടറ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. 2005 കാലഘട്ടത്തിൽ പെരിനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. 2010–15ൽ ജില്ലാപഞ്ചായത്ത്‌ അംഗവും സ്ഥിരംസമിതി അധ്യക്ഷനുമായി. കയർഫെഡ് ചെയർമാനായിരിക്കെ 2012–13ൽ രാജ്യത്തെ മികച്ച അപ്പെക്സ് സ്ഥാപനത്തിനുള്ള ദേശീയ പുരസ്കാരം നേടി. അച്ഛൻ: കെ.പി. ലോറൻസ് (തയ്യൽ തൊഴിലാളി നേതാവ്). അമ്മ: എൽസി (കയർ തൊഴിലാളി). ഭാര്യ: പി. ആനി (ജൂനിയർ സൂപ്രണ്ട്, എം.എ. ഡിവിഷൻ). മക്കൾ: അമൽദേവ്, സോയ. ചാത്തന്നൂർ – ആർ. രാജേന്ദ്രൻ (സി.പി.ഐ.). സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും കൊട്ടാരക്കര അർബൻ ബാങ്ക് ഭരണസമിതി അംഗവുമാണ്. കരീപ്ര പഞ്ചായത്ത്‌ മുൻ പ്രസിഡന്റാണ്. കൊല്ലം കോടതിയിൽ അഭിഭാഷകൻ. കേരള പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സംസ്ഥാന മുൻ വൈസ് പ്രസിഡന്റുമാണ്‌. എ.ഐ.എസ്.എഫിലൂടെ പൊതുപ്രവർത്തനരംഗത്ത്. 1980-ൽ എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറിയായി. സി.പി.ഐ. കൊട്ടാരക്കര താലൂക്ക് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. സി.പി.ഐ.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജനസേവാദൾ (പി.എസ്.സി.) സംസ്ഥാന ചുമതലക്കാരനാണ്. ഭാര്യ: റീമ (കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ എക്സിക്യുട്ടീവ് എൻജിനിയർ). മക്കൾ: ഡോ. കാവ്യ പ്രശോഭ്. റാം കാളിദാസ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇവർ എൽ.ഡി.എഫ്. സ്ഥാനാർഥികൾ — Mathrubhumi | Boolokam | Boolokam