പാങ്ങ് (മലപ്പുറം) : ചിരിച്ചുകളിച്ച്, ഒരുമിച്ചു യാത്രപോയവർ ഒരുപാടുപേരെ കരയിച്ചുകൊണ്ട് തിരിച്ചെത്തി. പാങ്ങ് ഹയർസെക്കൻഡറി സ്കൂൾമുറ്റത്തൊരുക്കിയ പന്തലിൽ, ഒൻപത് മൊബൈൽ മോർച്ചറികളിലായി ഒന്നരമണിക്കൂറോളം അവർ ഒരുമിച്ചുകിടന്നു. പിന്നെ ഓരോരുത്തരായി ഓരോവഴിക്ക് യാത്രയായി, അന്ത്യയാത്ര. To advertise here, വെള്ളിയാഴ്ച വൈകീട്ട് വാൽപ്പാറ ചുരത്തിൽ ട്രാവലർ മറിഞ്ഞ് മരിച്ച, പാങ്ങ് ഗവ.എൽ.പി.സ്കൂളിലെ അഞ്ച് അധ്യാപകരും പാചകക്കാരിയും ഉൾപ്പെടെ ഒൻപതുപേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് രാവിലെ ഒൻപതുമണിയോടെയാണ് പൊതുദർശനത്തിന് പാങ്ങ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിലെത്തിച്ചത്. വിനോദയാത്രാവാഹനത്തിൽ ആഘോഷമായി പോയവർ ആംബുലൻസുകളിൽ ചേതനയില്ലാതെ തിരിച്ചെത്തുന്ന കാഴ്ച ഹൃദയം പിളർത്തുന്നതായിരുന്നു. രാവിലെ ആറുമണിമുതൽതന്നെ സ്കൂളിലേക്ക് ജനങ്ങളൊഴുകിയെത്തി. വഴിയോരങ്ങളിൽ നാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികമാരെ അവസാനമായി കാണാൻ കാത്തുനിന്നു. ഒരുനാട്ടിൻപുറത്തെ എൽ.പി. സ്കൂൾ അധ്യാപകർ നാട്ടുകാർക്ക് ആരായിരുന്നെന്ന് വിളിച്ചുപറയുന്നതായി നിലയ്ക്കാത്ത ജനപ്രവാഹം. എട്ടുമണിയോടെ സ്കൂൾമൈതാനം നിറഞ്ഞു. രണ്ടുകിലോമീറ്ററോളം നടന്ന് കത്തുന്ന വെയിൽ കൂസാതെ സ്ത്രീകളും കുട്ടികളും പ്രിയപ്പെട്ടവരെ കാണാൻ പന്തലിൽ വരിനിന്നു. ആദ്യം പന്തലിലെത്തിച്ചത് അധ്യാപികയായ ആശയുടെ മൃതദേഹമാണ്. പിന്നെ ഹിഷാം, കളത്തിൽത്തൊടി റുഖിയ, കരുമത്തൊടി മജീദ്, ആലുങ്ങൽ സുഹ്‌റ, വിളഞ്ഞിപ്പുലാൻ ഷക്കീല, പാങ്ങ് സ്വദേശി സാജിത, പരുത്തിയിൽ അജിത, വരുപറമ്പൻ റംല.. അങ്ങനെ എല്ലാവരുമെത്തി. ഒന്നരമണിക്കൂറോളം അവർ തങ്ങളുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അന്ത്യദർശനമേകി. പിന്നെ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വന്തംവീടുകളിലേക്ക്. സുഹ്‌റയെയും മകൻ ഹിഷാമിനെയും കിഴക്കൻപാങ്ങ് ജുമാമസ്ജിദ് കബർസ്ഥാനിലാണ് കബറടക്കിയത്. റുഖിയയെയും മജീദിനെയും മാട്ടാത്ത് ജുമാമസ്ജിദ് കബർസ്ഥാനിലും ഷക്കീല, സാജിത, റംല എന്നിവരെ പാങ്ങ് വലിയ ജുമാമസ്ജിദ് കബർസ്ഥാനിലും കബറടക്കി. ആശയെ കൊളത്തൂരിലെ വീട്ടിൽ സംസ്കരിച്ചു. പ്രഥമാധ്യാപിക പി. അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തായിരുന്നു. ഇഷയ്ക്കൊപ്പം ഇനിയില്ല ഉമ്മയും കുഞ്ഞനുജനും അടുത്തദിവസം കീം പരീക്ഷ എഴുതുന്നതിന്റെ ടെൻഷനിലായിരുന്നു ഇഷ. അതിനിടയിൽ കുഞ്ഞനുജൻ ഹിഷാം വന്ന് ഉമ്മയ്ക്കൊപ്പം ടൂറിനിറങ്ങുന്നതു പറഞ്ഞപ്പോൾ സന്തോഷമായി. അവർ തിരിച്ചുവരുമ്പോൾ എന്തെങ്കിലും സമ്മാനം കൊണ്ടുവരുമല്ലോ. പക്ഷേ, മണിക്കൂറുകൾക്കുശേഷം അവരെത്തിയത് മരണത്തിന്റെ ഇരുട്ടുമായിട്ടായിരുന്നു. വാൽപ്പാറ അപകടത്തിൽ ഇഷയുടെ ഉമ്മ, വി.പി. ഫാത്തിമ സുഹറയ്ക്കും ഏകസഹോദരൻ മുഹമ്മദ് ഹിഷാമിനും (13) ജീവൻ നഷ്ടമായി. ശനിയാഴ്ച ആലുങ്ങൽ ഹൗസിൽ ഇവരുടെ ചേതനയറ്റ ദേഹമെത്തുമ്പോൾ തോരാത്ത കണ്ണീരുമായി വീട്ടിൽ ബാക്കിയായത് മൂന്നുപേർ. ഫാത്തിമ സുഹറയുടെ ഭർത്താവ് കുഞ്ഞുമുഹമ്മദ് ആലുങ്ങൽ, കുഞ്ഞുമുഹമ്മദിന്റെ ബാപ്പ മൂസ പിന്നെ ഇഷയും. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ അധ്യാപകനാണ് കുഞ്ഞുമുഹമ്മദ്. മറക്കില്ല, ഹിഷാമിനെ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്. സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഹിഷാം. ‘‘മറക്കാനാവില്ല മിടുക്കനായ ഹിഷാമിനെ...’’ -ഐ.കെ.ടി.എച്ച്. സ്കൂൾ പ്രഥമാധ്യാപകൻ മധുകൃഷ്ണ പറഞ്ഞു. ശനിയാഴ്ച സ്കൂളിൽ ക്ലാസ് പി.ടി.എ.ആയിരുന്നു. മകന്റെ മാർക്ക്‌ലിസ്റ്റ് കാണാൻ കുഞ്ഞുമുഹമ്മദ് എത്തുമെന്നു പറഞ്ഞ ദിവസം. പഠിക്കാൻ ഏറെ മിടുക്കുള്ള ഹിഷാം വാർഷികപ്പരീക്ഷയ്ക്ക് 90 ശതമാനം മാർക്കു നേടിയിരുന്നു. നല്ലൊരു ഫുട്‌ബോൾ കളിക്കാരനുമാണ്. സ്കൂളിലെ ടീമിൽ അവൻ ‘ആക്ടീവ്’ ആണ്-മധുകൃഷ്ണയ്ക്ക് അവനെയോർക്കുമ്പോൾ കണ്ണുനിറയുന്നു. സ്കൂളിനെ വീടുപോലെ നോക്കിയ പ്രഥമാധ്യാപിക പാങ്ങ് ജി.എൽ.പി. സ്കൂളിനെ വീടുപോലെയും വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെയും പരിപാലിച്ച പ്രഥമാധ്യാപിക അജിത ടീച്ചർ ഇനി കണ്ണീരോർമ്മ. പുലാമന്തോൾ പാലൂരിലെ വീട്ടിൽ ശനിയാഴ്ച പൊതുദർശനത്തിന് നാടൊന്നായി ഒഴുകിയെത്തി. കാൺപുർ ഐ.ഐ.ടി. ഗവേഷണ വിദ്യാർഥിയായ മൂത്ത മകൾ അഭിരാമി വൈകീട്ട് അഞ്ചുമണിയോടെയാണ് എത്തിയത്. അനിയത്തി അവന്തികയെ ചേർത്തുപിടിച്ച് അഭിരാമി പൊട്ടിക്കരഞ്ഞു. ഭർത്താവ് റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥൻ ശിവരഘു മക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായനായിനിന്നു. രാത്രിയോടെ ഷൊർണൂർ ശാന്തിതീരത്തായിരുന്നു സംസ്കാരച്ചടങ്ങ്. സ്കൂളിന്റെ വികസനപ്രവർത്തനത്തിനെല്ലാം ചുക്കാൻപിടിച്ച പ്രിയസുഹൃത്തിനെയോർത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു സഹപ്രവർത്തകർ സ്കൂൾ ബസ് നവീകരണത്തിന് ഫണ്ട് തികയാതെവന്നപ്പോൾ നാട്ടിലുടനീളം ‘പായസ ചലഞ്ച്’ സംഘടിപ്പിച്ച് ധനസമാഹരണത്തിന് അജിത മുന്നിട്ടിറങ്ങിയിരുന്നു. കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് എത്തിക്കാൻ കോർണർ പി.ടി.എ. യോഗങ്ങളും ബഹുജനസമ്പർക്ക പരിപാടികളും സംഘടിപ്പിക്കാനും ടീച്ചർ മനസ്സുവെച്ചു. ഇതുവഴി സ്കൂളിലെ വിദ്യാർഥിപ്രവേശനം കുത്തനെ ഉയർന്നു. അടുത്തവർഷം വിരമിക്കാനിരിക്കേ, പരമാവധി കാര്യങ്ങൾ സ്കൂളിനുവേണ്ടി ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹം. പ്രഥമാധ്യാപിക പുലാമന്തോൾ പാലൂർ പരുത്തിയിൽ അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിക്കുമ്പോൾ പ്രാർഥനയോടെനിൽക്കുന്ന മക്കളായ അവന്തികയും അഭിരാമിയും. ആശ ഇനി വേദനയൊടുങ്ങാത്ത ഓർമ്മ ക്ലാസ്‌മുറികളിലും വേദികളിലും കുട്ടികൾക്കൊപ്പം ആടിയും പാടിയും ‘പോസിറ്റീവ് എനർജി’പകർന്നുനൽകിയ അധ്യാപികയായ ആശ ഇനി ഓർമ്മ. ഇക്കഴിഞ്ഞ നാലിന് സ്കൂളിൽ വാർഷികാഘോഷം നടന്നപ്പോൾ കുട്ടികളുടെ കലാപരിപാടികൾ കൊഴുപ്പിക്കാൻ തുടക്കംമുതൽ ഒടുക്കംവരെ ആശ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി രണ്ടാംക്ലാസിലെ കൊച്ചുകുട്ടികൾ നൃത്തംചെയ്യുന്നതിനിടെ ‘എന്റെ കുട്ടികൾക്കൊപ്പം എനിക്കും കളിക്കണ’മെന്ന് പറഞ്ഞാണ് സദസ്സിൽനിന്നെണീറ്റ് ആശ സ്റ്റേജിൽക്കയറി കളിച്ചത്. അന്നെടുത്ത ഫോട്ടോ ‘വിത്ത് മൈ ടൈം’ എന്ന അടിക്കുറിപ്പോടെ അവർ പോസ്റ്റ്ചെയ്തിരുന്നു. ആശ വാനിൽ ഇരുന്നു പാടുന്നതിന്റെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോഴും നൊമ്പരമായി പ്രചരിക്കുന്നുണ്ട്. പത്തുവർഷമായി പാങ്ങ് ഗവ.എൽ.പി. സ്കൂളിലാണ് ജോലിചെയ്യുന്നത്. കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) മങ്കട ഉപജില്ലാ കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗവുമാണ്. ഭർത്താവ്: ജിതേഷ്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന പരേതനായ റിട്ട. എസ്.ഐ. ചന്ദ്രനാണ് അച്ഛൻ. അമ്മ: ചന്ദ്രമതി. മക്കൾ: ഐശ്വര്യ, അക്ഷര, അശ്വദ്. പൊതുദർശനത്തിനുവെച്ചശേഷം ശനിയാഴ്ച ഉച്ചയ്ക്ക് കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിനുസമീപമുള്ള ആശയുടെ വീടായ ‘കൂമുള്ളിക്കള’ത്തിൽ സംസ്കരിച്ചു. ആ സ്നേഹവീട്ടിൽ ഇനി ഖദീജ മാത്രം മി ല്ലുംപടിയിലെ ഇറക്കത്തിലെ ചെരുവിലുള്ള പുത്തൻവീട് ശനിയാഴ്ച കണ്ണീരോടെ വീട്ടുകാരെ കാത്തിരുന്നു. എന്നും ചിരിയോടെ വീടണയാറുള്ള ഗൃഹനാഥനും ഗൃഹനാഥയും എവിടെ...? പാങ്ങ് ഗവ.എൽ.പി. സ്കൂളിലെ മജീദ് മാഷും ഭാര്യ റുഖിയയും ഇനി ജീവനോടെ സ്വന്തം വീട്ടിലെത്തില്ലെന്ന് എങ്ങനെ വിശ്വസിക്കും! മാഷിന്റെ സഹോദരിയും കാഴ്ചപരിമിതയുമായ ഖദീജ വീടിനകത്ത് അലമുറയിട്ടുകരയുമ്പോൾ കണ്ടുനിന്നവർക്ക് സങ്കടം അടക്കിപ്പിടിക്കാനായില്ല. ഇനി ആ പുതിയ വീട്ടിൽ ഖദീജ മാത്രം ഒറ്റയ്ക്ക്... കാഴ്ചപരിമിതിയുണ്ടായിരുന്ന മജീദ് പുതിയവീട് നിർമിച്ച് താമസം മാറിയത് ഫെബ്രുവരി 17-നാണ്. പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുംമുൻപാണ് മജീദിനെ മരണം കവർന്നെടുത്തത്. താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന ഭാര്യ റുഖിയ (കുഞ്ഞാൾ) മരണത്തിലും കൈപിടിച്ച് കൂടെനടന്നു. മജീദിന് സഹായമായാണ് റുഖിയയും വിനോദയാത്രയ്ക്ക് പോയത്. എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയിരുന്ന, പ്രിയപ്പെട്ട അധ്യാപകനായിരുന്നു മജീദ്. ഏഴു സഹോദരിമാർക്കുള്ള ഏക സഹോദരൻ. ഫാത്തിമ, മൈമൂന, സക്കീന, റാബിയ, ഹൗവ്വ ഉമ്മ, ഫസീല എന്നിവരാണ് മറ്റ് സഹോദരിമാർ. ഇതിൽ റാബിയക്കും ജന്മനാ കാഴ്ചപരിമിതയുണ്ട്. വടക്കുംപാങ്ങ് യു.പി. സ്‌കൂളിലെ ടീച്ചറായ റാബിയയ്ക്ക് മുൻപ് താമസിച്ചിരുന്ന പഴയവീട് നൽകിയതും മജീദ് തന്നെ. ശനിയാഴ്ച രാവിലെ പത്തരയോടെ ഇരുവരുടെയും മൃതദേഹങ്ങൾ പാങ്ങ് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വീട്ടിലെത്തിച്ചു. ഉറ്റവരും നാട്ടുകാരും അവസാനമായി ഒരുനോക്ക് കണ്ട് 11.15-ഓടെ സമീപത്തെ ത്വാഹാ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. ഇരുവർക്കും കബറൊരുക്കിയതും അടുത്തടുത്തായാണ്. എന്നും പരസ്പരം താങ്ങായിനിന്ന ഇരുവരും ഇവിടെയും കൈപിടിച്ച് ചേർന്ന് കിടക്കുംപോലെ...

ഇഷയ്ക്ക് സമ്മാനങ്ങളില്ല, ഉമ്മയും അനിയനും ഇനി തിരികെവരില്ല: കുട്ടികൾക്കൊപ്പം ആടിപ്പാടാൻ ആശയുമില്ല
M
MathrubhumiSource Link
21 days ago