കളനാട് റെയിൽവേ ഹാൾട്ടിന്റെ നിലനില്പും To advertise here, കാഞ്ഞങ്ങാട്: ഈ യന്ത്രം കിട്ടിയില്ലായിരുന്നെങ്കിൽ ബിന്ദുവും മകൾ ഐശ്വര്യയും കളനാട് ഹാൾട്ട് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വില്പന എന്നന്നേക്കുമായി നിർത്തുമായിരുന്നു. ടിക്കറ്റ് ലഭ്യമാകുന്നില്ലെങ്കിൽ യാത്രക്കാരും ഇതുവഴി തീവണ്ടി കയറാൻ വരില്ല. തീവണ്ടികൾ നിർത്തുന്നത് പതിയെ ഇല്ലാതാകും. അതോടെ ഈ സ്റ്റേഷൻ ഓർമ്മയാകും. 52,500 രൂപയുടെ യന്ത്രം കിട്ടിയതോടെ ബിന്ദു ടിക്കറ്റ് വില്പന കൂടുതൽ സക്രിയമാക്കി. യാത്രക്കാർക്കും സൗകര്യമായി. റോട്ടറി ഡിസ്ട്രിക്ട് ആണ് ഈയൊരു സഹായം നൽകിയത്. രാവിലെ 6.50 നും 9.25 നും മംഗളൂരുവിലേക്ക് പോകുന്ന പാസഞ്ചർ തീവണ്ടിയും വൈകീട്ട് ആറിന് കണ്ണൂരിലേക്ക് പോകുന്ന പാസഞ്ചറുമാണ് ഇവിടെ നിർത്തുന്നത്. കളനാട്, മേൽപ്പറമ്പ്, ദേളി, കോളിയടുക്കം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്കാണ് കളനാട് ഹാൾട്ട് സ്റ്റേഷൻ ഉപയോഗപ്പെടുന്നത്. കീഴൂരിലാണ് ബിന്ദുവും കുടുംബവും താമസിക്കുന്നത്. ഇവരുടെ ഭർത്താവ് കെ. രവിയാണ് രണ്ടരപ്പതിറ്റണ്ടിലേറെക്കാലം ഇവിടെ ടിക്കറ്റ് നൽകിയിരുന്നത്. പിന്നീടത് ബിന്ദു ഏറ്റെടുത്തു. ഇപ്പോൾ ബിന്ദുവും മകൾ ഐശ്വര്യയുമാണ് ടിക്കറ്റ് വില്പന നടത്തുന്നത്. രാവിലെ ആറു മുതൽ പത്തു മണിവരെയും വൈകീട്ട് അഞ്ചു മുതൽ ആറു വരെയുമാണ് വില്പന. മുൻപ് കാർഡ് ടിക്കറ്റായിരുന്നു. പിന്നീടത് പ്രിന്റ് കടലാസായി. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് വാങ്ങിക്കൊണ്ടുവന്നാണ് ഇത്രയും കാലം ടിക്കറ്റ് വിറ്റത്. ഒരു മാസത്തെ ടിക്കറ്റ് ഒരുമിച്ചെടുക്കും. ഒരു മാസം രണ്ടായിരമോ മൂവായിരമോ രൂപയേ കമ്മിഷനായി കിട്ടാറുള്ളൂവെന്ന് ബിന്ദു പറഞ്ഞു. വാങ്ങിക്കൊണ്ടു വരുന്ന ടിക്കറ്റ് ഏതാണോ അതുമാത്രമല്ലേ കൊടുക്കാനാകൂ. ചില സ്‌റ്റേഷനിലേക്കുള്ള ടിക്കറ്റ് സ്‌റ്റോക്ക് തീർന്നാൽ അതുമാത്രമായി എടുക്കാൻ പോകാറില്ല. പലപ്പോഴും ആവശ്യമായ സ്‌റ്റേഷനിലേക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ആളുകൾ കൂടുതലും സീസൺ ടിക്കറ്റ് എടുത്തുതുടങ്ങി. അതും വരുമാനത്തെ കുറച്ചു -ബിന്ദു പറഞ്ഞു. പ്രിന്റ് യന്ത്രം വന്നതോടെ ബ്ലൂടൂത്ത് വഴി മൊബൈൽ കണക്ടാക്കിയാണ് ടിക്കറ്റ് വില്പന. അതിനാൽ, ഏത് സ്ഥലത്തേക്കും കണക്‌ഷൻ ട്രെയിനിനും ടിക്കറ്റ് നൽകാം. ബിന്ദുവിന്റെ സാമ്പത്തികസ്ഥിതിയറിയാവുന്ന മുൻ കമേഴ്‌സ്യൽ ഇൻസ്‌പെക്ടർ ടി.ടി.മുബഷീറും കാഞ്ഞങ്ങാട്ടെ റെയിൽവേ ഉദ്യോഗസ്ഥ ബിന്ദുമരങ്ങാട്ടും നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം.വി.മോഹൻദാസ് മേനോന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇദ്ദേഹവും നിയുക്ത ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോഡിനേറ്റർ യതീഷ്‌പ്രഭുവും നിയുക്ത അസി. ഗവർണർ സത്യനാഥ് ഷേണായും ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവലിന്റെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചു. പെട്ടെന്ന്് തീരുമാനമെടുക്കാനും എ.ടി.എസ്.(അൺറിസർവേഡ് ടിക്കറ്റ് സിസ്റ്റം) വാങ്ങിനല്കാനും റോട്ടറി ഡിസ്ട്രിക്ട് തയ്യാറാകുകയും ചെയ്തു.

ഈ ടിക്കറ്റ് യന്ത്രം കാത്തത് ബിന്ദുവിന്റെ ജീവിതം
M
MathrubhumiSource Link
18 days ago