ഫണ്ടനുവദിച്ച് വർഷങ്ങളായിട്ടും പണി തുടങ്ങിയില്ല To advertise here, എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ ഗ്രാമീണറോഡുകളിൽ പ്രധാനപ്പെട്ട റോഡാണ് ചേകന്നൂർ റോഡ്. ചേകന്നൂർ, മൂതൂർ, കവുപ്ര, ആനക്കര തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പോകാനുള്ള സ്വകാര്യബസുകൾ സർവീസ് നടത്തുന്ന ഈ റോഡിൽ പക്ഷേ, ഇപ്പോൾ വാഹനങ്ങളുടെയും ജനങ്ങളുടെയും ദുരിതയാത്രയാണ്.തകർന്നടിഞ്ഞ് കുണ്ടും കുഴിയും മെറ്റലും നിറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്കുപോലും സഞ്ചരിക്കാനാകാത്തതാണു പ്രശ്‌നം. നേരത്തേ കേന്ദ്രഫണ്ടുപയോഗിച്ച് ഏതാനും വർഷം മുൻപ് പുതുക്കിപ്പണിത റോഡാണിത്. വട്ടംകുളം, എടപ്പാൾ മേഖലകളിലുള്ളവർക്ക് ഈ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കുമെല്ലാം പോകാനുള്ള മാർഗമാണിത്. ജില്ലാ അതിർത്തിയിൽ നിരവധി വിദ്യാർഥികൾ പഠിക്കുന്ന ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഡയറ്റ് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഇതിലൂടെയാണ് പോകുക. സംസ്ഥാനപാതയിൽ കണ്ടനകത്തുനിന്ന് എളുപ്പത്തിൽ വട്ടംകുളത്തെത്താനും ഈ റോഡ് ജനങ്ങൾക്ക് ഉപകാരമുള്ളതാണ്. റോഡിൽനിന്ന് തിരിഞ്ഞാണ് കാന്തള്ളൂർ വഴി പോട്ടൂരിലേക്കും മറ്റും പോകേണ്ടത്. വട്ടംകുളത്തുനിന്ന് അത്യാവശ്യകാര്യങ്ങൾക്ക് ഓട്ടോറിക്ഷ വിളിച്ചാണ് ജനങ്ങൾ പ്രദേശങ്ങളിലേക്കു പോകുന്നത്. എന്നാൽ കുറച്ചുകാലമായി ഓട്ടോറിക്ഷക്കാർക്കും ഇതിലൂടെയുള്ള യാത്ര സുഖകരമല്ലാത്തതിനാൽ പലരും വരാൻ മടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിലെ ഗർത്തങ്ങളിൽ വീണ് ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ അപകടത്തിൽപ്പെട്ട് പലർക്കും ഇതിനകംതന്നെ പരിക്കേറ്റു. പണം അനുവദിച്ചിട്ട് മൂന്നുവർഷം റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനായി നാട്ടുകാരുടെ പ്രതിഷേധത്തെghതുടർന്ന് 3.1 കിേലോമീറ്റർ നവീകരിക്കാൻ കെ.ടി. ജലീൽ എം.എൽ.എ. മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ പണിയാരംഭിച്ചിട്ടില്ല. രണ്ടരവർഷം മുൻപാണ് പണം അനുവദിച്ചതെങ്കിലും റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമായതല്ലാതെ അതില്ലാതാക്കാൻ ഒരു നടപടിയുമുണ്ടായില്ല. റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കാനുള്ളതാണ് പണി തുടങ്ങാൻ താമസത്തിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. പ്രതിഷേധവുമായി മനുഷ്യാവകാശ സംരക്ഷണസമിതി ചേകന്നൂർ-വട്ടംകുളം റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധവുമായി കേരള മനുഷ്യാവകാശ സംരക്ഷണസമിതി രംഗത്തിറങ്ങി. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കളക്ടർ എന്നിവർക്കെല്ലാം നിവേദനം നൽകിയ സമിതി ജനകീയപ്രക്ഷോഭം ആരംഭിക്കാനും ആലോചിക്കുന്നതായി അഡ്വ. കബീർ കാരിയാട്ട്, കെ.പി. അബ്ദുൾറഷീദ്, വി.പി. അബ്ദുൾഗഫൂർ എന്നിവർ പറഞ്ഞു. സാധാരണക്കാരുടെ പ്രയാസം കാണണം റോഡ് തകർന്നതുമൂലം സാധാരണക്കാരായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അനുഭവിക്കുന്ന പ്രയാസം അധികാരികൾ കാണണം. എത്രയുംപെട്ടെന്ന് റോഡുപണി ആരംഭിക്കണം. അഡ്വ. കബീർ കാരിയാട്ട്, കാരിയാട്ട് ഹൗസ് തൈക്കാട്, വട്ടംകുളം റോഡുപണി ഉടൻ ആരംഭിക്കും റോഡ് നിർമാണത്തിലുണ്ടായിരുന്ന സാങ്കേതികപ്രയാസങ്ങൾ തീർന്നിട്ടുണ്ട്. റോഡിന്റെ ലെവൽസ് എടുത്തിട്ടുണ്ട്. ഇനി നിശ്ചിതദിവസം കഴിഞ്ഞാൽ മാത്രമേ ജോലി ആരംഭിക്കാനാകൂ. അതുകഴിഞ്ഞാൽ റോഡ് നിർമാണം തുടങ്ങും. കെ.ടി. ജലീൽ എം.എൽ.എ.
