കുലുക്കല്ലൂർ-പ്രഭാപുരം-തത്തനംപുള്ളി റോഡ് To advertise here, നിർമാണം തുടങ്ങിയിട്ട് ഒന്നരവർഷം കൊപ്പം : ഒന്നരവർഷം മുൻപ് തുടങ്ങിയ റോഡ് നിർമാണം പൂർത്തിയാവാൻ കാത്തിരിക്കയാണ് കുലുക്കല്ലൂർ പഞ്ചായത്തില പ്രഭാപുരം-തത്തനംപുള്ളി-പപ്പടപ്പടി പ്രദേശത്തുകാർ. മൂന്ന് കിലോമീറ്ററോളം വരുന്ന പ്രഭാപുരം-വലിയപറമ്പ്-തത്തനംപുള്ളി-പപ്പടപ്പടി സ്‌നേഹപുരം റോഡുനിർമാണമാണ് പാതിവഴിയിൽ നിലച്ചത്. ഇതോടൊപ്പം നിർമാണം തുടങ്ങിയ വിളയൂർ-ചുണ്ടമ്പറ്റ റോഡിന്റെ നവീകരണം ഇതിനകം പൂർത്തിയാവുകയും ചെയ്തു. പാടേ തകർന്നുകിടന്നിരുന്ന റോഡിലൂടെയുള്ള വാഹനയാത്ര അതി സാഹസികമായിരുന്നു. മഴപെയ്താൽ ചളിക്കുളമായി മാറിയിരുന്ന റോഡിലെ ചളിവെള്ളത്തിൽ കുളിച്ചുള്ള പ്രതിഷേധപരിപാടികളും നാട്ടുകാർ ഇവിടെ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി ഗ്രാമീൺ സഡക്‌യോജന പദ്ധതിപ്രകാരം മൂന്ന് കിലോമീറ്ററോളംവരുന്ന റോഡ് നവീകരിക്കാൻ തീരുമാനമായത്. പല കാരണങ്ങൾമൂലം പ്രവൃത്തി തുടങ്ങാൻ വൈകി. ഓവുപാല നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിനകം പൂർത്തിയായെങ്കെിലും പല സാങ്കേതിക പ്രശ്‌നങ്ങളും തുടർപ്രവൃത്തികളെ ബാധിച്ചു. ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ഇനി നടത്താനുള്ളത്. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ ജലവിഭവവകുപ്പ് ഒന്നരക്കിലോമീറ്ററോളം റോഡ് പൊളിച്ചിട്ടുണ്ട്. ഇതിന്റെ പുനർനിർമാണം നടന്നിട്ടില്ല. ജലവിഭവ വകുപ്പിന്റെ പ്രവൃത്തികൾ നടത്താതെ ടാറിങ് നടത്താനാവില്ലെന്ന നിലപാടിലാണ് കരാറുകാരൻ. ഫണ്ടിന്റെ അപര്യാപ്തതമൂലമാണ് ജലവിഭവവകുപ്പിന്റെ പ്രവൃത്തികൾ നടക്കാത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് വീണ്ടും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികളുടെ യോഗവും ചേർന്നു. പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനം. റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള യോഗം അടുത്ത ദിവസം പാലക്കാട്ട് ചേരുന്നുണ്ടെന്നും വിഷയം യോഗത്തിൽ അവതരിപ്പിക്കുമെന്നും കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി അറിയിച്ചു. Published: 23 Apr 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
