മീനച്ചിലാറ്റിലേക്ക് മാലിന്യം തള്ളുന്നത് പിടികൂടി To advertise here, ഈരാറ്റുപേട്ട : വൃത്തിയുള്ള നഗരം, എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടിവെച്ച് ഈരാറ്റുപേട്ട നഗരസഭ. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമൂഴി വാക്കാപറമ്പിൽ നഗരസഭാധ്യക്ഷൻ വി.പി. നാസർ നിർവഹിച്ചു. പൊതുവിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി, അവ ശാസ്ത്രീയമായി പുനരുപയോഗത്തിന് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷ റൈന നൗഫൽ, വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷ ബീമാ നാസർ, കൗൺസിലർമാരായ രസ്‌ന ഹസീർ, ഇ.എം. സവാദ്, ഗ്രീൻ സിറ്റി മാനേജർ ടി. രാജൻ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള കാംപെയ്‌ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മീനച്ചിലാറ്റിലേക്ക് ശൗചാലയ മാലിന്യവും കോഴിക്കടയുടെ മാലിന്യവും തള്ളുന്നത് പിടികൂടി. സ്വകാര്യ ബസ്‌സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടങ്ങളിൽനിന്നാണ് കക്കൂസ് മാലിന്യവും കോഴിക്കടയിൽനിന്നുള്ള മാലിന്യവും തള്ളുന്നത് കണ്ടെത്തിയത്. നഗരസഭാ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് മാലിന്യം ആറ്റിലേക്ക് തള്ളുന്നത് പിടികൂടിയത്. മാലിന്യം തള്ളിയവർക്കെതിരേ തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമകളോട് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ ശരിയായ സംവിധാനം ഒരുക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ കെട്ടിട ഉടമകൾക്കെതിരേ എടുക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു. Published: 18 Apr 2026, 03:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
