നെടുങ്കണ്ടം: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എം. മണിയോട് കേവലം 1109 വോട്ടിന്റെ തോൽവി. പത്തുവർഷത്തിനിപ്പുറം 20,021 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേനാപതി വേണുവിന് കാലം താലത്തിൽ െവച്ചുനീട്ടിയതാണ് ഈ വിജയം. വോട്ടെണ്ണലിന് തലേന്നുവരെ 8000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സേനാപതി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഫലം വന്നപ്പോൾ കാൽനൂറ്റാണ്ട് ഇടതുകോട്ടയായി നിലകൊണ്ട ഉടുമ്പൻചോല മണ്ഡലം സേനാപതിയുടെ രഥചക്രം ഉഴുതുമറിച്ചു. To advertise here, 2021-ൽ എം.എം. മണി 38,305 വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് ഇത്തരമൊരു അട്ടിമറി എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നൽകിയ ആത്മവിശ്വാസത്തിൽ മണ്ഡലം സുരക്ഷിതമാണെന്ന് കരുതിയ ഇടതുപക്ഷത്തിന് സേനാപതി വേണുവിന്റെ ജനകീയതയും പ്രവർത്തനശൈലിയും വെല്ലുവിളിയായി. ഒപ്പം, ഭരണവിരുദ്ധവികാരവും ഭൂമിസംബന്ധമായ പ്രശ്നങ്ങളും നിർമാണനിരോധനങ്ങളും വോട്ടിൽ പ്രതിഫലിച്ചു. എന്നാൽ, ഉടുമ്പൻചോല ഇടതുകോട്ടയാണെന്ന് സേനാപതി സമ്മതിക്കില്ല. 1987 മുതൽ 2001 വരെ യു.ഡി.എഫ്. എം.എൽ.എ.മാർമാത്രം ജയിച്ചിരുന്നതാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 15,000 വോട്ടിെന്റവരെ ഭൂരിപക്ഷം ഉണ്ടായിട്ടുണ്ടെന്നും, തദ്ദേശതിരഞ്ഞെടുപ്പിലും 3000 വോട്ടിന്റെ ഭൂരിപക്ഷം നേടിയെന്നും സേനാപതി ഫലപ്രഖ്യാപനത്തിനുശേഷം പറഞ്ഞു. താരമാക്കിയത് ഹിന്ദി പ്രസംഗം :‘എ.ഐ.സി.സി. ഓഫീസ് മേം ഝാഡുമാര്നേവാലേ ചായ് ലേനാ വാല...’ (എ.ഐ.സി.സി. ഓഫീസിലെ തൂപ്പുകാർക്കും ചായകൊണ്ടുവരുന്നവർക്കും സീറ്റ് നല്കാനാവില്ല). 2009 ഫെബ്രുവരിയിൽ സോണിയാഗാന്ധിമുതലുള്ള കോൺഗ്രസ് ദേശീയനേതാക്കൾ അണിനിരന്ന വേദിയിൽ മലയാളിയായ ഒരു ബ്ലോക്ക് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു. കോൺഗ്രസ് നേതാക്കളെല്ലാം സോണിയയുടെയുംമറ്റും സ്തുതിപാഠകരായിമാറിയ വേദിയിലാണ് സേനാപതി വേണു കത്തിക്കയറിയത്. 2009-ലെ തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുപ്പായം തുന്നിയിരുന്ന ടോം വടക്കനെ ഉന്നംവെച്ചായിരുന്നു വേണുവിന്റെ പരാമർശം. ഈ ഒറ്റപ്രസംഗത്തോടെ സേനാപതിയുടെ തലവര മാറി. ചാനൽചർച്ചകളിലടക്കം സേനാപതി നിറഞ്ഞു. മികച്ച പ്രഭാഷകനായ ഇദ്ദേഹം കേരളത്തിലുടനീളം നിറസാന്നിധ്യമായി. പതിനയ്യായിരത്തിലധികം യോഗങ്ങളിൽ പ്രസംഗിച്ചു. ശ്രീനാരായണദർശനങ്ങളിൽ പാണ്ഡിത്യമുള്ള വേണു ഒട്ടേറെ വേദികളിൽ പ്രഭാഷണവും നടത്തിയിട്ടുണ്ട്. മലയാളത്തിനുപുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലും പ്രാവീണ്യമുണ്ട്. കെ.പി.സി.സി. മീഡിയ വക്താവുകൂടിയായ വേണു, തുടർച്ചയായി 12.5 മണിക്കൂർ പ്രസംഗം നടത്തി റെക്കോഡ് നേടിയിട്ടുണ്ട്
