മലയാള സാഹിത്യ ഭൂമികയിൽ ചെറുകഥകളുടെ പെരുമഴ പെയ്യിച്ച ഉണ്ണികൃഷ്ണൻ പുതൂർ, ഗുരുവായൂരിന്റെ സ്വന്തം കഥാകാരനായിരുന്നു. മഷിയുണങ്ങാത്ത പൊൻപേനയും ക്ഷീണിക്കാത്ത മനീഷയുമായി അദ്ദേഹം ഏഴു പതിറ്റാണ്ടോളം സാഹിത്യസപര്യയിൽ മുഴുകി. ജീവിതഗന്ധിയായ രചനകളിലൂടെ ജനമസ്സിലേക്കു കടന്നുചെന്ന വ്യത്യസ്തനായ ഒരെഴുത്തുകാരനായിരുന്നു പുതൂർ. 2014 ഏപ്രിൽ 2 ന്, 81-ആം വയസ്സിൽ സാഹിത്യരംഗത്ത് വലിയൊരു ശൂന്യതയാവശേഷിപ്പിച്ച് അദ്ദേഹം നമ്മെ വിട്ടുപോയി. To advertise here, പ്രശസ്തനായ കഥാകൃത്തും നോവലിസ്റ്റും ജീവചരിത്രകാരനും കവിയുമെല്ലാമായിരുന്നു പുതൂർ. സോഷ്യലിസ്റ്റ് ചിന്തകൻ, രാഷ്ട്രീയക്കാരൻ, സാമൂഹ്യപ്രവർത്തകൻ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ പലനിലകളിലും അദ്ദേഹം മലയാളികൾക്ക് പരിചിതനായിരുന്നു. കഥകളേയും നോവലുകളേയും അഴിമതിക്കും അധർമ്മത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിനുള്ള ആയുധമായി അദ്ദേഹം ഉപയോഗപ്പെടുത്തി. 38 കഥാസമാഹാരങ്ങളും 17 നോവലുകളും ഉൾപ്പെടെ 61 പുസ്തകങ്ങളുടെ രചയിതാവാണ് പുതൂർ. 700-ലേറെ കഥകളാണ് ഭാവനാസമ്പന്നമായ അദ്ദേഹത്തിന്റെ തൂലികയിലൂടെ കൈരളിക്ക് ലഭിച്ചത്. ഇത്രയേറെ ചെറുകഥകളെഴുതിയ ഒരാൾ ലോകസാഹിത്യചരിത്രത്തിൽത്തന്നെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹരമായ കരയുന്ന കാൽപ്പാടുകൾ പുറത്തുവന്നത്. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ, എം.ടിയുടെ അവതാരികയോടെ രണ്ടാമത്തെ കഥാസമാഹരമായ കെട്ടുപിണഞ്ഞ ജീവിതബന്ധം വെളിച്ചംകണ്ടു. 'കഥയെഴുതുന്നതിനു കഴിവുള്ള ഒരൊന്നാംതരം തൂലിക ഉണ്ണികൃഷ്ണനു സ്വന്തമായുണ്ട്' എന്ന് ആ അവതാരികയിൽ എം.ടി. ഒരു ദീർഘദർശനംപോലെ കുറിച്ചിട്ടു. അത് പിന്നീട് അർത്ഥവത്താകുന്ന വിസ്മയമാണ് മലയാളം കണ്ടത്. കഷ്ടപ്പാടിലൂടെയും ഭൂരിതങ്ങളിലൂടെയുമാണ് പുതൂരിന്റെ ബാല്യകൗമാരങ്ങൾ കടന്നുപോയത്. അപ്പോഴും എഴുത്തുകാരനാകണമെന്ന അദമ്യമായ മോഹം അദ്ദേഹം ഉപേക്ഷിച്ചില്ല. എതിർപ്പുകളേയും പ്രതിബന്ധങ്ങളേയും അദ്ദേഹം അവഗണിച്ചു മുന്നേറി. സ്വന്തം പുസ്തകങ്ങൾ തലയിലേറ്റി ഉത്സവപ്പറമ്പുകളിലും വീടുകളിലും കൊണ്ടുനടന്ന് വിറ്റിട്ടാണ് അദ്ദേഹം ജീവിതച്ചിലവിനുള്ള കാശുണ്ടാക്കിയത്. ഗുരുവായൂർ ദേവസ്വത്തിൽ ജീവനക്കാരനായതോടെയാണ് സ്ഥിരമായൊരു വരുമാനമാർഗമുണ്ടായത്. ധിക്കാരവും പിടിവാശിയും കൂസലില്ലായ്മയുമെല്ലാം കൂടിക്കലർന്നതായിരുന്നു പുതൂരിന്റെ വ്യക്തിത്വം. ആ പരുക്കൻ മട്ട്, ബാല്യകാല ചുറ്റുപാടുകളും ജീവിതത്തിൽ നേരിടേണ്ടിവന്ന അവഗണനകളും യൗവനക്കാലത്തെ അനിയന്ത്രിതമായ കൂട്ടുകെട്ടുകളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയതാവാം. ഉള്ളിന്റെയുള്ളിൽ തനി പച്ച മനുഷ്യനായിരുന്നു പുതൂർ. സഹജീവി സ്‌നേഹവും ഈശ്വരഭക്തിയും സഹനുഭൂതിയുമെല്ലാമുള്ള ഒരു ശുദ്ധഹൃദയൻ. അനീതിക്കെതിരെ ഉള്ളിൽ ആളിക്കത്തിയ ധർമ്മരോഷം അദ്ദേഹത്തെ വ്യത്യസ്തനാക്കിത്തീർത്തു. അത് എഴുത്തിലും പ്രകടമായിരുന്നു. വസ്തുതകൾ തുറന്നുപറയുമ്പോൾ ഭാഷയുടെ സൗന്ദര്യം മങ്ങുന്നതായും മൂർച്ച ഏറുന്നതായും അനുഭവപ്പെടുമല്ലോ. അതിനെ അശ്ലീലമെന്നും ആഭാസമെന്നും വ്യാഖ്യാനിച്ച് ചില നിരൂപകന്മാർ പുതൂരിന്റെ വളർച്ചയെ പ്രതിരോധിക്കാൻ ശ്രമിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം എഴുത്തിലെ സത്യസന്ധതകൊണ്ടും നിഷ്‌കളങ്കതകൊണ്ടും പുതൂർ നിഷ്പ്രഭമാക്കി. അതാണ് പുതൂരിന്റെ ഇച്ഛാശക്തി. കാറ്റും കോളും നിലയ്ക്കാത്ത സമുദ്രംപോലെ പ്രക്ഷുബ്ധമാണ് പുതൂരിന്റെ നോവലുകളിലെ ജീവിതസന്ത്രാസങ്ങൾ. അനുഭവങ്ങളുടെ കനൽവഴികളിലൂടെ സർഗാത്മകമായി സഞ്ചരിച്ച ഒരു പ്രതിഭയുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു ആ ജീവിതം. എഴുത്ത് അദ്ദേഹത്തിനു ലഹരിയായിരുന്നു. അതിൽ അദ്ദേഹം ആമരണം അഭിരമിക്കുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്രവും ചുറ്റുപാടുമായിരുന്നു അദ്ദേഹത്തിന്റെ മിക്ക രചനകളുടെയും പശ്ചാത്തലം. അവിടെനിന്ന് അസംസ്‌കൃത പദാർത്ഥങ്ങൾ സ്വീകരിച്ചാണ് അദ്ദേഹം കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളെയും മെനഞ്ഞെടുത്തത്. മിക്ക രചനകളിലും അദ്ദേഹം സ്വയം കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ധർമചക്രമെന്ന അവസാന നോവൽ, വിഷയത്തിന്റെ പുതുമകൊണ്ടും അവതരണരീതികൊണ്ടും വ്യത്യസ്തവും ശ്രദ്ധേയവുമാണ്. ജൈനമതേതിഹാസത്തെ ആധാരമാക്കിയുള്ളതാണ് ആ നോവൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണത് വായനക്കാരിലെത്തിയത്. കഥയല്ല, ജീവിതംതന്നെ എന്ന ആത്മകഥ മാതൃഭൂമി ബുക്‌സ് പുസ്തകമാക്കി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, പത്മപ്രഭ പുരസ്‌കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ പുതൂരിനെ തേടിയെത്തിയിട്ടുണ്ട്. ഒന്നുമില്ലായ്മയിൽനിന്ന്, സ്വപ്രയത്‌നത്തിലൂടെ ഉയർന്ന് സാഹിത്യലോകം കീഴടക്കിയ പുതൂരിന്റെ ജീവിതം, എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു പാഠവും പ്രചോദനവുമാണ്. Content Highlights: Prolific author of over 700 short stories and 17 novels., Renowned for depicting life around the Guruvayur temple., Overcame extreme poverty to become a celebrated literary figure., Award-winning writer recognized by the Kerala Sahitya Akademi., Advocate for social justice through creative writing. Published: 01 Apr 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉണ്ണികൃഷ്ണൻ പുതൂർ; അനുഭവങ്ങളുടെ കനൽവഴികളിലൂടെ സർഗാത്മകമായി സഞ്ചരിച്ച പ്രതിഭ
M
MathrubhumiSource Link
about 1 month ago