ഇരിങ്ങാലക്കുട : 24 മണിക്കൂറും പരിപാടികളുമായി കൂടൽമാണിക്യം ഉത്സവം. ഉത്സവം തുടങ്ങിയുള്ള ആദ്യ ഞായറാഴ്ച രാവിലെ നടന്ന ശീവേലിയെഴുന്നള്ളിപ്പിനും രാത്രിയിൽ കലാപരിപാടികൾ കാണാനും ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്. രാവിലെ നടന്ന ശീവേലിക്ക് ചൈത്രം അച്ചു തിടമ്പേറ്റി. പല്ലാട്ട് ബ്രഹ്മദത്തനും കുട്ടൻകുളങ്ങര അർജുനനും ഇരുവശത്തുമായി നിരന്നു. വിളക്കെഴുന്നള്ളിപ്പിന് മച്ചാട് ജയറാം തിടമ്പേറ്റി. To advertise here, രാവിലെ നടന്ന ശീവേലിക്കും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനും ചെറുശ്ശേരി കുട്ടൻമാരാർ പ്രാമാണ്യം വഹിച്ചു. രാവിലത്തെ ശീവേലി അവസാനിച്ചാൽ കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, അതിനു പിന്നാലെ സ്പെഷ്യൽ പന്തലിലും പുറത്ത് സംഗമം വേദിയിലുമായി വിവിധ കലാപരിപാടികൾ, ക്ഷേത്രകലകൾ, വിളക്കെഴുന്നള്ളിപ്പ്, പടിഞ്ഞാറേ നടപ്പുരയിൽ മേളമവസാനിച്ച് തീർഥക്കരയിൽ ചെമ്പട തുടങ്ങുന്നതിനു മുൻപേ സ്പെഷ്യൽ പന്തലിൽ കഥകളി എന്നിങ്ങനെയാണ് പരിപാടികൾ. പുലർച്ചെ ക്ഷേത്രത്തിനകത്ത് ബ്രഹ്മകലശപൂജ, ബ്രാഹ്മണിപ്പാട്ട്, സോപാനസംഗീതം, മാതൃക്കൽ ദർശനം, പുറത്തേക്കെഴുന്നള്ളിപ്പ്, വീണ്ടും ശീവേലി എന്നിവയും നടക്കും. ക്ഷേത്രമതിൽക്കെട്ടിനകത്ത് ചെറുസംഘങ്ങളായി ഇരിക്കാനും കലാപരിപാടികൾ കാണാനും വിളക്കെഴുന്നള്ളിപ്പ് ആസ്വദിക്കാനും ജനത്തിരക്കേറെയാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പറന്നുപോയ അകത്തെ സ്റ്റേജിനു മുന്നിലെ പന്തലിനു പകരം താത്‌കാലിക ഷീറ്റുകൊണ്ടുള്ള പന്തലിട്ട് കലാപരിപാടികൾ ഞായറാഴ്ച ആരംഭിച്ചു. ആറാം ഉത്സവ ദിവസമായ തിങ്കളാഴ്ച രാവിലെ 8.30-നുള്ള ശീവേലിക്കും രാത്രി 9.30-നുള്ള വിളക്കെഴുന്നള്ളിപ്പിനും പെരുവനം പ്രകാശൻമാരാർ പ്രാമാണികനാകും. പ്രൗഢിയോടെ വിളക്കാചാരം ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വിളക്കാചാരചടങ്ങ് ശ്രദ്ധേയമാകുന്നു. കൊടിപ്പുറത്ത് വിളക്കുമുതൽ എട്ടുദിവസവും നടക്കുന്ന വിളക്കാഘോഷത്തിലെ സവിശേഷ ചടങ്ങാണ് വിളക്കാചാരം. വിളക്കിനായി പുറത്തേക്ക് എഴുന്നള്ളിയ ദേവൻ ആനകളുടെ അകമ്പടിയോടെ ആചാരപ്രകാരമുള്ള നാല് പ്രദക്ഷിണം കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണത്തിലാണ് ഈ ചടങ്ങ്. കൂത്തമ്പലത്തിന്റേയും ക്ഷേത്രക്കെട്ടിന്റേയും തെക്കുഭാഗത്തായി പ്രത്യേക വാദ്യമേളങ്ങളോടെയാണ് ഇത് നടത്തുന്നത്. ശേഷം എഴുന്നള്ളിപ്പ് പ്രദക്ഷിണം കഴിഞ്ഞ് ഒരു പഞ്ചവാദ്യ പ്രദക്ഷിണവും രണ്ട് നാഗസ്വരമേള പ്രദക്ഷിണവും പൂർത്തിയാകുന്നതോടെ വിളക്കാഘോഷം അവസാനിക്കും. ക്ഷേത്രത്തിൽ ഇന്ന് : ശീവേലി 8.30, വിളക്കെഴുന്നള്ളിപ്പ് 9.30. പുറത്തെ വേദിയിൽ തിരുവാതിരക്കളി 1.00, ഭരതനാട്യം 4.00, ഭക്തിഗാനമേള 4.30, ശാസ്ത്രീയ നൃത്തം 5.30, ഭരതനാട്യം 6.30, ശാസ്ത്രീയ നൃത്തം 7.00, ഭരതനാട്യം 8.00, നൃത്തശില്പം 8.30, ശാസ്ത്രീയ നൃത്തം 9.00, ഭക്തിഗാനസുധ 10.00. അകത്തെ വേദിയിൽ തിരുവാതിരക്കളി 1.00, സംഗീതക്കച്ചേരി 1.45, ഹരികഥ 2.30, ശാസ്ത്രീയ നൃത്തം 3.30, മോഹിനിയാട്ടം 4.30, സോപാന സംഗീതം 5.30, കുച്ചിപ്പുഡി യക്ഷഗാനം 6.30, സംഗീതക്കച്ചേരി 8.30, കഥകളി കുചേലവൃത്തം, സീതാസ്വയംവരം, കിരാതം 12.00

