ബെംഗളൂരു : ദാവണഗെരെ സൗത്തിലും ബാഗൽകോട്ടും രണ്ടാഴ്ചയിലധികം നീണ്ടുനിന്ന പൊടിപാറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചൊവ്വാഴ്ച വൈകീട്ട് കൊട്ടിക്കലാശത്തോടെ തിരശ്ശീലവീണു. രണ്ടു മണ്ഡലങ്ങളിലും ബുധനാഴ്ച നിശ്ശബ്ദ പ്രചാരണം. വ്യാഴാഴ്ച വോട്ടർമാർ പോളിങ് ബൂത്തിലെത്തി ജനവിധി രേഖപ്പെടുത്തും. To advertise here, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റു മന്ത്രിമാർ എന്നിവരും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, പ്രതിപക്ഷനേതാവ് ആർ. അശോക, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തകരുടെ ആവേശമുയർത്താനെത്തി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനക്ഷാമം രൂക്ഷമായതുൾപ്പെടെയുള്ള വിഷയങ്ങൾ പ്രചാരണങ്ങളിൽ കോൺഗ്രസ് ഉയർത്തി. സംസ്ഥാന സർക്കാർ നടപ്പാക്കിയ അഞ്ചിന വാഗ്ദാനപദ്ധതികൾ ഉയർത്തിയാണ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസിനുവേണ്ടി വോട്ടുതേടിയത്. സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടാനായിരുന്നു ബി.ജെ.പി. നേതാക്കൾ ശ്രമിച്ചത്. ചൊവ്വാഴ്ച ദാവണഗെരെ സൗത്തിലെ പ്രവർത്തകരിൽ ആവേശം വിതറി മുൻ ക്രിക്കറ്റ് താരവും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ എത്തി. തുറന്ന വാഹനത്തിൽ അദ്ദേഹം നടത്തിയ റോഡ് ഷോ ആവേശകരമായിരുന്നു. അദ്ദേഹത്തിന്റെ ആരാധകർ റോഡ് ഷോയ്ക്ക് തിങ്ങിനിറഞ്ഞു. ഡി.കെ. ശിവകുമാറും അദ്ദേഹത്തെ അനുഗമിച്ചു. സ്ഥാനാർഥി സമർഥ് ശാമനൂർ, ലോക്‌സഭാംഗം പ്രഭാ മല്ലികാർജുൻ എന്നിവർ ഒപ്പംചേർന്നു. സിറ്റിങ് സീറ്റുകൾ നിലനിർത്താനുള്ള പ്രയത്നത്തിലാണ് രണ്ടിടത്തും കോൺഗ്രസ്. മന്ത്രി എസ്.എസ്. മല്ലികാർജുന്റെ മകനും അന്തരിച്ച മുതിർന്ന എം.എൽ.എ. ശാമനൂർ ശിവശങ്കരപ്പയുടെ കൊച്ചുമകനുമാണ് ദാവണഗെരെ സൗത്തിലെ കോൺഗ്രസ് സ്ഥാനാർഥി സമർഥ്. ശ്രീനിവാസ് ടി. ദാസകാരിയപ്പയെയാണ് ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. അന്തരിച്ച മുൻ എം.എൽ.എ. എച്ച്.വൈ. മേട്ടിയുടെ മകൻ ഉമേഷ് മേട്ടിയെയാണ് ബാഗൽകോട്ട് നിലനിർത്താൻ കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. വീരഭദ്രയ്യ ചരന്ദിമത്താണ് ബി.ജെ.പി. സ്ഥാനാർഥി. രണ്ടിടത്തും കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ.മാരുടെ നിര്യാണമാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. Published: 08 Apr 2026, 01:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉപതിരഞ്ഞെടുപ്പ്: പൊടിപാറിയ പ്രചാരണപ്പോരിന് കൊട്ടിക്കലാശം
M
MathrubhumiSource Link
about 1 month ago