ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ To advertise here, ഉപ്പുതറ : ഒരുമാസത്തിനുള്ളിൽ രണ്ട് ഡോക്ടർമാർ സ്ഥലംമാറിപ്പോയി. പകരം ആരും എത്തിയുമില്ല. ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി.) പ്രവർത്തനം വീണ്ടും അവതാളത്തിലായി. പീഡിയാട്രീഷ്യനും ഫിസിഷ്യനുമാണ് സ്ഥലം മാറിപ്പോയിരിക്കുന്നത്. കുട്ടികളുടെ ചികിത്സ ഇതോടെ നിലച്ച അവസ്ഥയാണ്. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന ഒരു ഡോക്ടർ ഇതിനിടെ രാജിവെച്ച് പോയിരുന്നു. രണ്ട് സ്ഥിരം ഡോക്ടർമാർകൂടി സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇവർക്കൂടി പോയാൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ നിലയ്ക്കും. രണ്ട് താത്കാലിക ഡോക്ടർമാരുടെ നിയമന കാലാവധി മാർച്ചിൽ അവസാനിക്കും. സാങ്കേതിക കാരണത്താൽ ഒന്നര വർഷം സി.എച്ച്.സി.യുടെ പ്രവർത്തനം നാമമാത്രമായിരുന്നു. രണ്ട് മണിക്കൂർ ഒ.പി. മാത്രം. പ്രശ്നങ്ങൾ പരിഹരിച്ച് അഞ്ച് മാസം മുൻപാണ് കിടത്തിച്ചികിത്സ ഉൾപ്പെടെ പുനരാരംഭിച്ചത്. അധികം വൈകാതെ വീണ്ടും പ്രതിസന്ധിയുണ്ടായിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ കാര്യമാണ് ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രമാണ് ഉപ്പുതറ ആശുപത്രി. ഏഴ് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഇടം. ഒരു ദിവസം അഞ്ഞൂറിലധികം രോഗികൾ ഒ.പി.യിൽ ചികിത്സ തേടുന്നുണ്ട്. ഫിസിഷ്യനും പീഡിയാട്രീഷ്യനുമാണ് ഇപ്പോൾ സ്ഥലംമാറിപ്പോയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങൾ. കുട്ടികളെ ചികിത്സിക്കാൻ എവിടെ പോകണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ആദിവാസികളും തോട്ടംതൊഴിലാളികളും ഉൾപ്പെടെയുള്ള സാധാരണക്കാർ. ഉപ്പുതറയിൽനിന്ന് 23 കിലോമീറ്റർ അകലെയുള്ള കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോകുകയേ രക്ഷയുള്ളൂ. കണ്ണമ്പടി ആദിവാസി ഉന്നതിയിൽ നിന്നുള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ എത്തണമെങ്കിൽ 41 കിലോമീറ്റർ സഞ്ചരിക്കണം. ഇവിടെ എല്ലാ ദിവസവും ശിശുരോഗ വിദഗ്ധനും ഫിസിഷ്യനും ഉണ്ടാകില്ല. സേവനം കിട്ടുന്ന ദിവസം വലിയ തിരക്കുമായിരിക്കും. ഇത്രയും ദൂരം യാത്രചെയ്ത് പോയി ചീട്ടെടുക്കുമ്പോൾ തന്നെ ഏറെ താമസിക്കും. കണ്ണമ്പടിക്കാർക്ക് സേവനം കിട്ടണമെങ്കിൽ തലേന്നുപോയി കട്ടപ്പനയിൽ താമസിച്ച് പിറ്റേദിവസം ഡോക്ടറെ കാണേണ്ട അവസ്ഥയാണ്. നിർധനരായ അവർക്ക് അതിന് കഴിയില്ല. കിടത്തിച്ചികിത്സയും അവതാളത്തിലാകും : കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ സർക്കാർ ആശുപത്രികളുടെയും ഭരണപരമായ ചുമതലയുള്ള സ്ഥാപനമാണ് ഉപ്പുതറ സി.എച്ച്.സി. ഏഴ് പഞ്ചായത്തുകളിൽ കിടത്തിച്ചികിത്സയുള്ള ചുരുക്കം സർക്കാർ ആശുപത്രികളിൽ ഒന്ന്. 50 കിടക്കകളുമുണ്ട്. ഇങ്ങനെ പോയാൽ കിടത്തിച്ചികിത്സ വീണ്ടും നിലയ്ക്കും. അതിനുമുമ്പ് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം.

ഉപ്പുതറയിൽ പീഡിയാട്രീഷ്യനില്ല...കുഞ്ഞുങ്ങളെ ആര് രക്ഷിക്കും
M
MathrubhumiSource Link
about 2 months ago