കൊട്ടാരക്കര :അവസാന വോട്ടെണ്ണുംവരെ ശ്വാസമടക്കി കൊട്ടാരക്കര കാത്തുനിന്നു, വിജയി ആരെന്നറിയാൻ. ഇത്രയധികം ആശങ്കയോടെയും പ്രാർഥനയോടെയും ഇടതുമുന്നണി പ്രവർത്തകർ തിരഞ്ഞെടുപ്പു വാർത്തകൾക്ക് കാതോർത്ത അവസരം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. മുന്നണി തുടർച്ചയായി വിജയിച്ച നാല് തിരഞ്ഞെടുപ്പുകളിലും അവസാന പഞ്ചായത്ത് എണ്ണുംമുൻപേ ആഘോഷം തുടങ്ങിയിരുന്നു. To advertise here, ഇക്കുറി കുളക്കടയിലെ ഒന്നാം ബൂത്തുമുതൽ ഉമ്മന്നൂർ പഞ്ചായത്തിലെ 204-ാം ബൂത്ത് എണ്ണുംവരെ ശ്വാസമടക്കി എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തകരും നേതാക്കളും നിന്നു. വിജയം എങ്ങോട്ടും മാറിമറിയാമെന്ന നിമിഷങ്ങൾ. 1,012 വോട്ടിന് കെ.എൻ. ബാലഗോപാൽ വിജയിച്ചെന്ന വരണാധികാരിയുടെ പ്രഖ്യാപനത്തോടെയാണ് ഇടതുകേന്ദ്രങ്ങൾക്ക് ആശ്വാസമായത്. 1996-ൽ ആർ. ബാലകൃഷ്ണപിള്ള യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ് മുൻപ് ഇത്ര പിരിമുറുക്കമുണ്ടായത്. അന്ന് പരാജയം ഉറപ്പിച്ച പിള്ള വോട്ടെണ്ണൽകേന്ദ്രത്തിൽനിന്നു മടങ്ങിയെങ്കിലും ഉമ്മന്നൂർ പഞ്ചായത്ത് എണ്ണിയപ്പോൾ 3,379 വോട്ടിന് വിജയിച്ചു. സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ രാവിലെ കൊട്ടാരക്കര ഓഫീസിൽനിന്ന് കൊല്ലത്ത് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കു പോയിരുന്നു. വിജയിച്ചെന്ന് വരണാധികാരിയുടെ അറിയിപ്പ് എത്തിയപ്പോൾമാത്രമാണ് വോട്ടെണ്ണൽകേന്ദ്രത്തിലേക്കു പോയത്. അവിടെ കാത്തുനിന്ന സി.പി.എം. ഏരിയ സെക്രട്ടറി പി.കെ. ജോൺസണും സി.പി.ഐ. മണ്ഡലം സെക്രട്ടറി എസ്. രഞ്ജിത്തും ഉൾപ്പെടെയുള്ള നേതാക്കളുമായും പ്രവർത്തകരുമായും സന്തോഷം പങ്കിട്ടു. എതിർസ്ഥാനാർഥി പി. അയിഷാപോറ്റിക്ക് ഹസ്തദാനം നൽകി നേരേ കൊട്ടാരക്കരയിലേക്ക്. വഴിയിൽ എഴുകോൺ സി.പി.എം. ഓഫീസിലിറങ്ങി നേതാക്കളെയും പ്രവർത്തകരെയും കണ്ടു. കൊട്ടാരക്കരയിൽ പാർട്ടി ഓഫീസിലെത്തിയശേഷം തുറന്ന വാഹനത്തിൽ പ്രവർത്തകർക്കൊപ്പം ആഹ്ലാദത്തിലേക്കും പ്രകടനത്തിലേക്കും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി മുന്നണി നേതാക്കളെയും പ്രവർത്തകരെയും കണ്ടു. കൊട്ടാരക്കരയിലെ പാർട്ടി ഓഫീസിലും ശ്വാസമടക്കിയാണ് നേതാക്കളും പ്രവർത്തകരും ഫലമറിയാൻ കാത്തിരുന്നത്. കേരളമാകെ തിരിച്ചടിച്ചപ്പോഴും കൊട്ടാരക്കരയിൽ വിജയിച്ചതിന്റെ ആഹ്ലാദം മുദ്രാവാക്യം വിളികളായി മുഴങ്ങി. Published: 05 May 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉമ്മന്നൂർ എണ്ണുംവരെ ശ്വാസമടക്കി കൊട്ടാരക്കര
M
MathrubhumiSource Link
about 2 hours ago