മലപ്പുറം: കളിചിരികളോടെ പുറപ്പെട്ട ആ വിനോദയാത്ര ഇത്രമേൽ വലിയൊരു നോവായി മാറിയത് ഒരു നിമിഷംകൊണ്ട്. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിർമയും ആസ്വദിച്ച്, മലക്കപ്പാറയിലെ കാനനപാതയിലൂടെ വാൽപ്പാറ സന്ദർശിക്കാനെത്തിയ സംഘത്തിന്റെ യാത്ര ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അവസാനിച്ചു. To advertise here, യാത്രയുടെ തുടക്കത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് അവർ പകർത്തിയ ചിത്രങ്ങൾ സങ്കടകരമായ ഓർമകളായി മാറി. കാടിന്റെ മനോഹാരിതയും വാൽപ്പാറയിലെ 40 ഹെയർപ്പിൻ വളവുകളുംകടന്ന് പൊള്ളാച്ചിവഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. വേനലവധിക്കാലവും വിഷുവും പ്രമാണിച്ച് കിട്ടിയ ഒഴിവുവേള ആസ്വാദ്യകരമാക്കാൻ അധ്യാപകർ നടത്തിയ യാത്രയായിരുന്നു ഇത്. പ്രകൃതിഭംഗികൊണ്ട് ആകർഷകമാണെങ്കിലും അപകടവും നിറഞ്ഞതാണ് 60 കിലോമീറ്ററോളം നീണ്ട ഈ പാത. 40 ഹെയർപ്പിൻ വളവുകളുള്ള ഈ ചുരത്തിലെ ഓരോ വളവിലും അതീവ ജാഗ്രതയോടെയല്ലാതെ വാഹനമോടിക്കാനാവില്ല. ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് ഒരുതവണകൊണ്ട് തിരിക്കാൻ പ്രയാസമുള്ള ഒട്ടേറെ വളവുകൾ ഈ പാതയിലുണ്ട്. നിയന്ത്രണംവിട്ടാൽ അഗാധമായ താഴ്ചയിലേക്കാണ് വാഹനംപതിക്കുക എന്നത് യാത്രയെ ഭയാനകമാക്കുന്നു. അപകടത്തിൽപ്പെട്ട ട്രാവലറിനു പിന്നാലെയെത്തിയ സ്വിഫ്റ്റ് കാറിലുള്ളവരാണ് അപകടവിവരം അറിയിച്ചതെന്ന് പൊള്ളാച്ചി മലയാളി സമാജം പ്രവർത്തകർ പറഞ്ഞു. വൈകീട്ട് 5.05-ഓടെയായിരുന്നു അപകടമെന്നും 5.10-ഓടെ വിവരം ലഭിച്ചെന്നും പിന്നാലെത്തന്നെ പത്തോളം ആംബുലൻസുകൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽനിന്ന് സംഭവസ്ഥലത്തേക്ക് തിരിച്ചതായും മലയാളിസമാജം പ്രവർത്തകർ അറിയിച്ചു. ജീവനുള്ളവരെയാണ് ആദ്യം ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെ പ്രാഥമികചികിത്സ നൽകിയശേഷം ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആശുപത്രിയിൽനിന്ന് 30 കി.മീ അകലെയാണ് അപകടമുണ്ടായ സ്ഥലം. ഇത് അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് തടസ്സമായി. വിറങ്ങലിച്ച് നാട് അതിരപ്പിള്ളി സന്ദർശിച്ച് മലക്കപ്പാറവഴി വാൽപ്പാറയിലെത്തി മടങ്ങുമ്പോഴാണ് അപകടം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ 13-ാം ഹെയർപിൻവളവിൽ നിയന്ത്രണംവിട്ട ടെമ്പോ ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. വണ്ടി പൂർണമായും തകർന്നു. ഇതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. • വാൽപ്പാറയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ധചികിത്സക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽനിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നു. പൊള്ളാച്ചിയിൽനിന്ന് ആംബുലൻസുകളെത്തി വാഹനത്തിലുള്ളവരെ പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ രാത്രിയോടെ ഇവിടെയെത്തി. കളക്ടർ ജി. പവൻകുമാർ, കോയമ്പത്തൂർ എസ്.പി. കാർത്തികേയൻ, സബ് കളക്ടർ രാമകൃഷ്ണസ്വാമി എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ കേരള പോലീസും സ്ഥലത്തെത്തി. പാങ്ങ് യു.പി. സ്കൂളിലെ അധ്യാപികയാണ് ഷക്കീല. ഹിഷാം, ഷഹദിൻ എന്നിവർ മക്കളാണ്. കാഞ്ഞാംപള്ളി മമ്മദിന്റെ ഭാര്യയാണ് വരുപറമ്പൻ റംല. ഷമീം, ഷംസാദ് അലി, ഫഹീമ എന്നിവർ മക്കളാണ്. പുലാമന്തോൾ പാലൂർ പരുത്തിയിൽ അജിത രണ്ടുവർഷമായി പാങ്ങ് ജി.എൽ.പി സ്‌കൂളിൽ പ്രഥമാധ്യാപികയാണ്. അമ്മ റിട്ട.അധ്യാപിക പരുത്തിയിൽ മീനാക്ഷിക്കുട്ടി. അച്ഛൻ: പരേതനായ കെ. പത്മനാഭൻനായർ. ഭർത്താവ്: ശിവരഘു(റിട്ട. സ്പിന്നിങ്മിൽ ഉദ്യോഗസ്ഥൻ. മക്കൾ: അഭിരാമി,അവന്തിക. രക്ഷാപ്രവർത്തനത്തിനായി പാലക്കാട് ജില്ലാഭരണകൂടം ദൗത്യസംഘത്തെ അയച്ചു. എ.ഡി.എം. കെ. സുനിൽകുമാർ, ചിറ്റൂർ ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസിലെ ഡോ. ബി. റിയാസ്, മീനാക്ഷിപുരം, കൊല്ലങ്കോട് പോലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ളത്. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വാർത്തയറിഞ്ഞ് അതിയായ ദുഃഖം തോന്നി. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തിൽ പങ്കുചേർന്ന് അനുശോചന മറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു. പരിമിതികളെ മറികടന്ന മജീദ് സാറും ഇനി ഓർമ.. : പാങ്ങ് ഗവ. എൽ.പി. സ്കൂളിലെ ഏക പുരുഷ അധ്യാപകനായിരുന്നു മജീദ് സാർ. കാഴ്ചപരിമിതിയുള്ള അദ്ദേഹം സ്കൂളിലെ എല്ലാ കാര്യങ്ങൾക്കും മുൻപിൽ നിൽക്കുന്നയാളായിരുന്നു. പ്രഥമാധ്യാപികയായ അജിതയ്ക്കൊപ്പം സ്കൂളിനെ വലിയ മികവുകളിലേക്കു നയിക്കാൻ അദ്ദേഹം എന്നും മുൻപിൽ നിന്നു. സ്കൂളിലെ സ്റ്റാഫ്റൂമിനെ ഒരു സ്നേഹക്കൂടാരമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹംകൂടി മുൻകൈയെടുത്താണ് വിനോദയാത്രകൾ പോകാറുണ്ടായിരുന്നത്. കാഴ്ച പരിമിതിയുള്ള ആളായതുകൊണ്ടുകൂടിയാണ് ഭാര്യ റുഖിയയും അദ്ദേഹത്തിനൊപ്പം യാത്രയ്ക്കു പോയത്. ഏതാനും ആഴ്ചകൾക്കുമുൻപാണ് അദ്ദേഹം പുതുതായി വീടുവെച്ച് താമസം തുടങ്ങിയതെന്ന് അദ്ദേഹത്തിന്റെ ഒരു മുൻ സഹപ്രവർത്തകൻ പറഞ്ഞു. മജീദ് സാറിനൊപ്പം റുഖിയയും മരണത്തിനു കീഴടങ്ങിയതോടെ ആ കുടുംബവും ഓർമയിലേക്കു മറയുകയാണ്. മലപ്പുറം ജില്ലാ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സെക്രട്ടറി കൂടിയായിരുന്നു മജീദ്. • വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു വ്യക്തമായി എല്ലാം പറഞ്ഞ് ഷഹദിൻ : അപകടത്തിൽപ്പെട്ട ഷഹദിൻ രക്ഷാപ്രവർത്തകരോടു സംസാരിക്കുന്ന ശബ്ദത്തിന്റെ ക്ലിപ്പ് രാത്രിതന്നെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. സ്‌കൂളിലെ പാചകത്തൊഴിലാളിയായ സാജിതയുടെ മകനാണ് ഷഹദിൻ. സാജിത അപകടത്തിൽ മരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഷഹദിനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പേര് ഷഹദിൻ എന്നാണെന്നും വീട് കളത്തിങ്ങൽ, പാങ്ങ്, പള്ളിപ്പറമ്പ്, കുറുവ ഗ്രാമപ്പഞ്ചായത്ത് എന്നും ഷഹദിൻ കൃത്യമായി പറയുന്നുണ്ട്. വാഹനത്തിൽ തങ്ങൾ 13 പേരും ഡ്രൈവറും ഉൾപ്പെടെ 14 പേരുണ്ടായിരുന്നു എന്നാണ് ഷഹദിൻ പറഞ്ഞിരുന്നത്. എന്നാൽ പോലീസിനും രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും ഡ്രൈവർ ഉൾപ്പെടെ 13 പേർ ഉള്ളതായിട്ടാണ് കണ്ടെത്താനായത്. വീഴ്ച പതിമൂന്നാം വളവിൽനിന്ന് ഒൻപതിലേയ്ക്ക് : പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകർ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റുചില അധ്യാപകരും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അധ്യാപകർക്ക് പുറമേ പാങ്ങ് സ്കൂളിലെ ആയയും സ്കൂൾ ബസ് ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു. ചിലരുടെ കുട്ടികളെയും കൂടെക്കൂട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. വിനോദയാത്രയ്ക്കിടെ അധ്യാപകർ അതിരപ്പിള്ളിയിൽനിന്ന് പകർത്തിയ ചിത്രവും നാട്ടുകാർ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപ്പിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും കോയമ്പത്തൂർ പോലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്.പി. അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റൊരാൾ നിലവിൽ നിരീക്ഷണത്തിലാണെന്നും ഇയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എസ്.പി. വ്യക്തമാക്കി. അപകടസമയത്ത് വാഹനത്തിൽ ആകെ 13 പേരാണ് ഉണ്ടായിരുന്നത് എന്ന് കോയമ്പത്തൂർ എസ്.പി. സ്ഥിരീകരിച്ചു. നേരത്തേ വാഹനത്തിൽ 16 പേർ ഉണ്ടായിരുന്നു എന്നതരത്തിൽ പ്രാഥമിക വിവരങ്ങൾ വന്നിരുന്നുവെങ്കിലും ട്രാവൽ ഏജൻസിയിൽ നിന്നുള്ള രേഖകൾ പരിശോധിച്ചശേഷമാണ് യാത്രക്കാരുടെ എണ്ണം 13 ആണെന്ന് ഉറപ്പിച്ചത്. വാൽപ്പാറ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ ഷക്കീല, സാജിത, സുഹറ, ആശ, അജിത, റംല, റുഖിയ എന്നിവർ. വിനോദയാത്രയ്ക്കിടെ മരിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപാണ് ഈ ചിത്രമെടുത്തത് തമിഴ്‌നാട് പോലീസും മറ്റ് വിവിധ വകുപ്പുകളുംചേർന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് നടത്തിയത്. അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മലപ്പുറം എസ്.പി.യുമായി നിരന്തരം ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കേരള സർക്കാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. Content Highlights: Tragic accident involving Pang school teachers during a 2026 summer excursion., Details regarding the dangerous 40 hairpin bend route near Valparai., Immediate response by Tamil Nadu and Kerala authorities, including medical rescue teams., Official condolences from the Prime Minister and local district administration., Remembrance of victims, including the inspiring story of Majeed Sir. Published: 18 Apr 2026, 08:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉമ്മാ... മോർച്ചറിയുടെ മുമ്പിൽ നെഞ്ചുപൊട്ടി മകൻ, തീരാ വേദനയോടെ കുടുംബം; നിമിഷ നേരംകൊണ്ട് നോവായിമാറി
M
MathrubhumiSource Link
22 days ago