തലശ്ശേരി-മാഹി ബൈപ്പാസ് To advertise here, മയ്യഴി : തലശ്ശേരി-മാഹി ബൈപ്പാസിൽ അഴിയൂർ പഞ്ചായത്തിലെ 17-ാം വാർഡിലൂടെ കടന്നുപോകുന്ന തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡ് നിർമാണം ഏതാനും വീട്ടുകാർക്ക് യാത്രാതടസ്സമുണ്ടാക്കുമെന്ന് പരാതി. അഴിയൂർ ഹൈസ്കൂളിന് മുൻവശത്ത് കൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാലാണ് ഇവിടെ സർവീസ് റോഡ് നിർമാണം നീണ്ടുപോയത്. ബൈപ്പാസ് തുറന്നിട്ട് മാസങ്ങളേറെയായിട്ടും സർവീസ് റോഡ് പൂർത്തിയാകാത്തതിനാലുള്ള പ്രയാസങ്ങൾ ജനങ്ങൾ ഏറെ അനുഭവിച്ചു. അതേസമയം സർവീസ് റോഡ് നിർമാണം തുടങ്ങിയപ്പോഴേക്കും അത് യാത്രാതടസ്സമുണ്ടാക്കുന്ന രീതിയിൽ അശാസ്ത്രീയമായാണ് നിർമിക്കുന്നതെന്നാണ് പരാതി. സർവീസ് റോഡിനോടുചേർന്ന് സമാന്തരമായി സ്ഥിതിചെയ്യുന്ന വീട്ടുപറമ്പുകളെക്കാൾ ഏറെ ഉയർത്തിയാണ് സർവീസ് റോഡ് നിർമിക്കുന്നത്. സർവ്വീസ് റോഡിന്റെ അടിഭാഗത്താണ് ഇവിടെ ഡ്രെയ്‌നേജ് നിർമിച്ചിരിക്കുന്നത്. രണ്ട് മീറ്ററിലേറെയാണ് സർവീസ് റോഡിന്റെ ഉയരം. ഇതുകാരണം വീടുകളിൽനിന്ന് സർവീസ് റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാനാകില്ല. അശാസ്ത്രീയനിർമാണം തുടങ്ങിയതുമുതൽ പരിസരവാസികൾ ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർക്കും മനുഷ്യാവകാശ കമ്മിഷനും തുടർച്ചയായി പരാതി നൽകിവരികയാണ്. വിവരാവകാശ നിയമമനുസരിച്ചും ചോദ്യങ്ങൾ ചോദിച്ചും ഇടപെട്ടു. അധികൃതർ ഒന്നിനും കൃത്യമായ മറുപടി നല്കാതെ ഒഴിഞ്ഞുമാറി. ഇത്രയൊക്കെയായിട്ടും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ അധികൃതർ നിർമാണം തുടരുകയാണ്. സർവീസ് റോഡിന്റെ ഉയരം കുറച്ച് ഇതിനോട് ചേർന്നുകിടക്കുന്ന വീടുകളിലുള്ളവർക്ക് വാഹനഗതാഗതം സാധ്യമാക്കണമെന്ന ആവശ്യമാണ് അധികൃതർ അവഗണിക്കുന്നത്. സർവീസ് റോഡ് ഉയർത്തി നിർമിക്കുന്നതിനാൽ മഴക്കാലത്ത് ഈ പ്രദേശത്ത് വൻതോതിലുള്ള വെള്ളക്കെട്ടുണ്ടാകും. വെള്ളക്കെട്ടും പരിസരവാസികൾക്ക് ദുരിതമാകും. ഇതുസംബന്ധിച്ച് നൽകിയ പരാതികളെത്തുടർന്ന് അധികൃതർ തയ്യാറാക്കിയ പഠനറിപ്പോർട്ട് നടപ്പാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. Published: 22 Apr 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉയരത്തിൽ സർവീസ് റോഡ് നിർമാണം വീടുകളിലേക്ക് വണ്ടി കയറ്റാനാകില്ല
M
MathrubhumiSource Link
18 days ago