മാന്നന്നൂരുകാർക്ക് ആശ്വാസം To advertise here, തടയണയിൽ വേനലിൽ വെള്ളം സംഭരിക്കുന്നത് ഒൻപത് വർഷത്തിനുശേഷം വാണിയംകുളം : പുനർനിർമാണത്തിനുശേഷം ഒരുവശം തകർന്നെങ്കിലും മാന്നന്നൂരുകാർക്ക് ഇത്തവണ വേനലിൽ ആശ്വസിക്കാം. ഒൻപതുവർഷത്തിനുശേഷം ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള ഉരുക്കുതടയണയിൽ വേനലിൽ വെള്ളമുണ്ട്. തടയണയുടെ ഒരുവശത്തെ ഉരുക്കുപാളികൾ തകർന്നെങ്കിലും വെള്ളം സംഭരിക്കുന്ന ഭാഗത്ത് തകർച്ചയില്ലാത്തതിനാലാണ് തടയണയിൽ വെള്ളമുള്ളത്. മഴക്കാലത്ത് വെള്ളം ഒഴുക്കിക്കളയുന്നതിനായും വേനലിൽ അടച്ച് വെള്ളം സംഭരിക്കാനായുമുള്ള ഷട്ടറുകൾ സ്ഥാപിച്ചതാണ് വേനലിൽ തടയണയിൽ വെള്ളമുണ്ടാവാൻ കാരണം. രണ്ടുമീറ്റർ വീതിയിൽ നാല് ഷട്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. 2015-ലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ ഉരുക്കുതടയണ നിർമാണം പൂർത്തിയാക്കിയത്. വാണിയംകുളം പഞ്ചായത്തിനെയും തൃശ്ശൂർജില്ലയിലെ പൈങ്കുളംഭാഗത്തെയും ബന്ധിപ്പിച്ചാണ് ഉരുക്കുതടയണ നിർമിച്ചത്. എന്നാൽ, മഴക്കാലമായാൽ വെള്ളം തുറന്നു വിടുന്നതിനുള്ള സൗകര്യമില്ലായിരുന്നു. ഇതോടെ 2018-ലെയും 2019-ലെയും പ്രളയത്തിൽ കുത്തിയൊഴുകിവന്ന വെള്ളത്തിൽ തടയണയുടെ മാന്നന്നൂർഭാഗം തകരുകയായിരുന്നു. ഇതോടെ പുഴയൊഴുക്കുതന്നെ ഗതിമാറി. വർഷങ്ങൾ കഴിഞ്ഞതോടെ മാന്നന്നൂർ ഭാഗത്തെ 10 ഏക്കറോളം കൃഷിഭൂമിയും ഇടിഞ്ഞ് നഷ്ടമായിരുന്നു. പിന്നീട് പുനർനിർമാണം നടക്കുന്നതിനിടെ വേനലിൽപ്പെയ്ത മഴയിൽ നിർമാണം നിർത്തിവെച്ചു. ഇതോടെ നിർമാണം പൂർത്തിയായ അഞ്ച് സംരക്ഷണഭിത്തികളും തകർന്നു. വീണ്ടും കഴിഞ്ഞവേനലിൽ പുനർനിർമാണം നടത്തിയിരുന്നു. എന്നാൽ, നിർമാണം പൂർത്തിയായി മൂന്നുമാസത്തിനിടെ വൻതോതിൽ നീരൊഴുക്ക് ഉണ്ടായതിനെത്തുടർന്ന് മാന്നന്നൂർ ഉരുക്കുതടയണ വീണ്ടും തകർന്നു. ഉരുക്കുപാളികൾക്ക് നടുവിൽ പുനർനിർമാണം പൂർത്തിയായ ഭാഗമാണ് തകർന്നത്. തടയണയുടെ അഞ്ച് ഭാഗത്താണ് ഒരുവശത്തെ ഉരുക്കുപാളികൾ അടർന്നുമാറിയത്. ഇതോടെ ഇവിടങ്ങളിലെ കോൺക്രീറ്റ് ഭാഗം താഴുകയും ചെയ്തു. 238 മീറ്ററാണ് തടയണയുടെ നീളം. മാന്നന്നൂർ ഉരുക്കുതടയണയുടെ പൈങ്കുളംഭാഗത്താണ് തകർച്ച. എങ്കിലും തടയണയിൽ വെള്ളംനിറഞ്ഞതോടെ പ്രദേശവാസികൾക്ക് വേനലിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. Published: 14 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉരുക്കുതടയണയുടെ ഒരുവശം തകർന്നെങ്കിലും വെള്ളമുണ്ട്
M
MathrubhumiSource Link
about 2 months ago