പാങ്ങ് : പാങ്ങ് ജി.എൽ.പി. സ്കൂളിന്റെ ഗേറ്റ് വീണ്ടും തുറന്നു. വിദ്യാർഥികളെ വരവേൽക്കാനല്ല, സ്കൂളിന്റെ എല്ലാമെല്ലാമായവരുടെ 'മരിക്കാത്ത' ഓർമ്മകൾ പങ്കിടാൻ... To advertise here, അരണി മരവും പേരമരവും തണലേകുന്ന മുറ്റത്ത് മറ്റു അധ്യാപകരും രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നാട്ടുകാരും ഒത്തുകൂടി. വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ച ഉറ്റവരെ തലേനാൾ യാത്രയാക്കിയതിന്റെ നീറ്റൽ ഓരോരുത്തരുടെ മുഖത്തും പ്രകടമായിരുന്നു. ഒറ്റദിവസംകൊണ്ട് പ്രഥമാധ്യാപിക അജിത, ആശ, റംല, അബ്ദുൽമജീദ്, സുഹ്‌റ എന്നിവരെയും പാചകക്കാരി സാജിതയെയും നഷ്ടപ്പെട്ടതിന്റെ 'അനാഥത്വം' സ്കൂൾ മുറ്റത്ത് തളം കെട്ടിനിന്നു. സുഹ്‌റയുടെ മകൻ ഹിഷാമും അബ്ദുൽമജീദിന്റെ ഭാര്യ റുഖിയയും സ്‌കൂളിലെ മുൻ അധ്യാപിക കൂടിയായ ജി.യു.പി. സ്‌കൂളിലെ സക്കീനയും അവിടെ എത്തിയവരുടെ സംസാരത്തിൽ നിറഞ്ഞുനിന്നു. മിക്കവരും ദുഃഖത്തിൽ പങ്കുചേർന്ന് കീശയിൽ കറുത്ത തുണിക്കഷ്ണം കുത്തിവെച്ചിരുന്നു. സ്കൂൾമുറ്റത്തെ ചെറിയ വേദിയിലായിരുന്നു അനുശോചനയോഗം. ഇരിപ്പിടങ്ങൾക്കപ്പുറം മുറ്റത്തും വരാന്തയിലുമായി ആൾക്കാർ നിറഞ്ഞു. താത്കാലികമായി പ്രഥമാധ്യാപക ചുമതല കിട്ടിയ കെ. അഹമ്മദ്കുട്ടി അനുശോചനയോഗത്തിനു തുടക്കമിട്ടു. അജിത ടീച്ചർ ഉൾപ്പെടെയുള്ളവർ സ്കൂളിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ ഓരോന്നും ഓർത്തെടുത്തായിരുന്നു പ്രസംഗം. ഇടറിയ വാക്കുകൾ മുഴുമിപ്പിക്കാൻ പലപ്പോഴും അദ്ദേഹം ബുദ്ധിമുട്ടി. യോഗത്തിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് സലാം പാലത്തിങ്ങൽ അധ്യക്ഷനായി. നാടിന്റെ വേദനയിൽ പങ്കുചേരുന്നതായും യോജിച്ച പ്രവർത്തനത്തിലൂടെ ഈ വേദനകളെ നമ്മൾ മറികടക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. വേർപിരിഞ്ഞ അധ്യാപകരുടെ ഓർമ്മകൾ കരുത്താകണമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. ഓർമ്മപ്പെടുത്തി. ഡി.ഡി.ഇ. ഇൻ ചാർജ് എസ്. സുനിത, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഷാജിത ആറ്റാശ്ശേരി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മൂഴിക്കൽ, എ.ഇ.ഒ. അമീറ മേച്ചേരി, വേലുക്കുട്ടി, കെ.വി. അലി, വാർഡംഗം ഉമ്മുഹബീബ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവരുടെ ഓർമ്മയിൽ പാങ്ങ് ജി.എൽ.പി. സ്കൂളിൽ നാട് ഒത്തുചേർന്നു
