ബീജിംഗ്: പാകിസ്താൻ വ്യോമസേനയ്ക്ക് ചൈന വാഗ്ദാനം ചെയ്തിരുന്ന അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ജെ-35 (J-35) വിതരണം ചെയ്യുന്നത് നീളാൻ സാധ്യത. നിലവിലെ ചൈന-ഇന്ത്യ-പാകിസ്താൻ തന്ത്രപരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ വിമാനങ്ങളുടെ കൈമാറ്റം 2032-ന് ശേഷമേ ഉണ്ടാകൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനങ്ങൾ ഉടനെ നൽകില്ലെന്ന് ചൈന ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ, 2026-ഓടെ പാകിസ്താൻ ഈ വിമാനങ്ങൾ സ്വന്തമാക്കുമെന്നും ഇത് ദക്ഷിണേഷ്യയിലെ വ്യോമശക്തിയുടെ സന്തുലിതാവസ്ഥ മാറ്റുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ നീക്കമാണ് ഇപ്പോൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2032-ന് മുമ്പ് ഇവ പാകിസ്താന് നൽകാൻ ചൈനയ്ക്ക് താല്പര്യമില്ലെന്നാണ് സൂചന. To advertise here, പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധത്തെ ഇരുരാജ്യങ്ങളും വൈകാരികവും ശക്തവുമായ പദാവലികൾ ഉപയോഗിച്ചാണ് വിശേഷിപ്പിക്കാറുള്ളത്. ഏത് പ്രതിസന്ധി ഘട്ടത്തിലും, അന്താരാഷ്ട്ര സാഹചര്യങ്ങൾ എങ്ങനെ മാറിയാലും തങ്ങൾ പരസ്പരം കൂടെയുണ്ടാകും എന്നൊക്കെ ഇരുരാജ്യങ്ങളും പറയാറുണ്ട്. മലയേക്കാൾ ഉയരമുള്ളത്, കടലിനേക്കാൾ ആഴമുള്ളത് എന്നാണ് ചൈന- പാകിസ്താൻ സൗഹൃദത്തെ ഇവർ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, തകർക്കാൻ കഴിയാത്തത്ര ഉറപ്പുള്ള ബന്ധമാണ് തങ്ങളുടേതെന്നു വിശേഷിപ്പിക്കാൻ പരസ്പരം അയൺ ബ്രദേഴ്‌സ് എന്നുപോലും ഇരുവരും വിശേഷിപ്പിക്കാറുണ്ട്. ഇത്രയും അടുത്ത സുഹൃത്തായിട്ടും പാകിസ്താന് ആധുനിക യുദ്ധവിമാനം നൽകുന്നതിന് ചൈന സമയപരിധി നീട്ടിയത് ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുന്നതും കണക്കിലെടുത്താണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ കരുത്ത് വർദ്ധിക്കുന്നതും ചൈനീസ് വ്യോമസേനയുടെ (PLAAF) ആവശ്യങ്ങൾക്കും മുൻഗണന നൽകുന്നതിനാലാണ് ഈ മാറ്റം. സ്വന്തം സേനയിൽ ഈ വിമാനങ്ങൾ പൂർണ്ണമായി വിന്യസിച്ചതിന് ശേഷം മാത്രമേ കയറ്റുമതിയെക്കുറിച്ച് ചൈന ആലോചിക്കുന്നുള്ളു. മാത്രമല്ല, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎ പദ്ധതിയുടെ പുരോഗതി ചൈന നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ പെട്ടെന്നൊരു മാറ്റം വരുത്താൻ ചൈന ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതിർത്തിയിലെ തർക്കങ്ങളും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ സങ്കീർണ്ണതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, പാകിസ്താന് പെട്ടെന്ന് അത്യാധുനിക ആയുധങ്ങൾ നൽകുന്നത് ഇന്ത്യയെ കൂടുതൽ പ്രകോപിപ്പിച്ചേക്കാമെന്നും ചൈന വിലയിരുത്തുന്നുണ്ട്. തങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ആദ്യം സ്വന്തം സേനയെ ശക്തിപ്പെടുത്താൻ ഉപയോഗിക്കാനാണ് ചൈന താല്പര്യപ്പെടുന്നത്. ദക്ഷിണേഷ്യയിൽ പെട്ടെന്ന് ഒരു ആയുധമത്സരം തുടങ്ങിവെക്കാൻ ചൈന മടിക്കുന്നുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. പാകിസ്താന് ജെ-35 നൽകുന്നത് ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള പ്രതിരോധ സജ്ജീകരണങ്ങൾക്ക് കാരണമാകുമെന്ന് ചൈന വിലയിരുത്തുന്നു. പാകിസ്താന് ജെ-35 ലഭിക്കുന്നത് വൈകുന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന എഎംസിഎ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, പാകിസ്താന്റെ സ്റ്റെൽത്ത് വിമാന മോഹങ്ങൾ വൈകുന്നത് വ്യോമമേഖലയിൽ ഇന്ത്യയുടെ ആധിപത്യം നിലനിർത്താൻ സഹായിക്കും. അമേരിക്കയുടെ എഫ്-35 വിമാനങ്ങൾക്ക് വെല്ലുവിളിയാകാൻ ലക്ഷ്യമിട്ടാണ് ചൈന ജെ-35 യുദ്ധവിമാനം വികസിപ്പിച്ചത്. എഫ്-35 നേപ്പോലെ ശത്രുരാജ്യങ്ങളുടെ റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാൻ ജെ-35-ന് സാധിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈന സ്വന്തമായി വികസിപ്പിച്ച WS-19 എഞ്ചിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് വിമാനത്തിന് കൂടുതൽ കരുത്തും വേഗതയും നൽകുന്നു. റഡാറുകളെ വെട്ടിക്കാൻ സഹായിക്കുന്ന തരത്തിൽ എഞ്ചിൻ പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകങ്ങളുടെ ചൂട് കുറയ്ക്കാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്. വിമാനത്തിന്റെ ഉള്ളിൽ തന്നെയുള്ള അറകളിൽ മിസൈലുകളും ബോംബുകളും ഒളിപ്പിച്ചുവെക്കാൻ സാധിക്കും. ഇത് വിമാനത്തിന്റെ സ്റ്റെൽത്ത് സ്വഭാവം നിലനിർത്താൻ സഹായിക്കുന്നു. ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ശബ്ദത്തേക്കാൾ ഇരട്ടി വേഗതയിൽ (ഏകദേശം മാക് 2.0) സഞ്ചരിക്കാൻ ഇതിന് കഴിയും. ചൈനയുടെ വിമാനവാഹിനി കപ്പലുകളിൽനിന്ന് പറന്നുയരാൻ കഴിയുന്ന തരത്തിലുള്ള പ്രത്യേക പതിപ്പുകളും ജെ-35-നുണ്ട്. ചൈനയിൽനിന്ന് 40 ജെ-35 വിമാനങ്ങൾ വാങ്ങാനായിരുന്നു പാകിസ്താന്റെ പദ്ധതി. എന്നാൽ, വിതരണ തീയതി നീളുന്നത് പാകിസ്താൻ വ്യോമസേനയുടെ ആധുനികവൽക്കരണ പദ്ധതികൾക്ക് തിരിച്ചടിയാകും. അതേസമയം, ചൈനീസ് വിമാനങ്ങൾ വൈകുന്നത് കണക്കിലെടുത്ത് പാകിസ്താൻ മറ്റ് രാജ്യങ്ങളെ സമീപിക്കുമോ എന്നും നിരീക്ഷകർ ഉറ്റുനോക്കുന്നു. പാകിസ്താൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇത്രയും ചെലവേറിയ വിമാനങ്ങൾ വാങ്ങുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. Content Highlights: J-35 delivery to Pakistan postponed to 2032., Strategic shift due to India-China diplomatic relations and regional balance., China prioritizing its own PLAAF requirements., Concerns over triggering an arms race in South Asia., Pakistan's economic crisis impacts high-cost defense acquisitions. Published: 20 Apr 2026, 04:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉറ്റസുഹൃത്തിന്റെ ചതി, പാകിസ്താന്റെ സ്റ്റെൽത്ത് യുദ്ധവിമാന മോഹങ്ങൾ വൈകും; ഉടൻ നൽകില്ലെന്ന് ചൈന
M
MathrubhumiSource Link
20 days ago