ഉടുമ്പന്നൂർ : അറുപത് കഴിഞ്ഞാൽ വിശ്രമം എന്നുപറഞ്ഞ് വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ ഇവർ തയ്യാറല്ല. ആരോഗ്യമുള്ളകാലത്തോളം കഴിയുന്ന ജോലികൾ ചെയ്യണം, സാമൂഹികബന്ധങ്ങൾ സൂക്ഷിക്കണം. ഈ തിരിച്ചറിവാണ് മുതിർന്ന പൗരന്മാരുടെ ഉല്ലാസക്കൂടിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത്. ഉടുമ്പന്നൂർ പഞ്ചായത്താണ് വാർഡുതോറും ഒന്നിലേറെ ഉല്ലാസക്കൂടുകൾ മുതിർന്നവർക്കായി രൂപവത്കരിച്ചത്. മലയിഞ്ചി ഉല്ലാസക്കൂട്ടിലെ അംഗങ്ങളാണ് വർഷംതോറും വിനോദയാത്ര നടത്തുന്നത്. കഴിഞ്ഞവർഷം പൂയംകൂട്ടിക്കായിരുന്നു ഇവരുടെ യാത്ര; ഇത്തവണ വാഗമൺ-പരുന്തുംപാറ ഭാഗത്തേക്കും. ഉല്ലാസക്കൂട് അംഗങ്ങൾ 16 പേരും പഞ്ചായത്തംഗം മനോജും ഉൾപ്പെടെ 21 പേർ യാത്രയിൽ പങ്കാളികളായി. എൻ.ജെ. ജോസഫ് ഞവരക്കാടിനാണ് മലയിഞ്ചിയിലെ ഉല്ലാസക്കൂടിന്റെ ചുമതല. മലയിഞ്ചി സർക്കാർ എൽ.പി. സ്കൂൾവളപ്പിൽ മാസത്തിലൊരിക്കലെങ്കിലും ഇവർ യോഗം ചേരും. സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം, ഒത്തുചേരണം, പഴയകാല അനുഭവങ്ങളും ആശയങ്ങളും പങ്കിടണം. പുതിയ കാലഘട്ടത്തിന് യോജിച്ചവ പുതുതലമുറയ്ക്ക് കൈമാറണം. ഈ പ്രായത്തിലും നവീനാശയങ്ങളും മാറ്റങ്ങളും സാങ്കേതികവിദ്യയുമൊക്കെ പരിചയപ്പെടണം. കഴിയുമെങ്കിൽ ഇവയൊക്കെ പഠിക്കണം. To advertise here, തലമുറകൈമാറ്റമല്ല, പുതുതലമുറയുടെ രീതികളുമായി ചേർന്നുപോകണം. ഇതിനൊക്കെ കഴിയണമെങ്കിൽ സമൂഹത്തിന്റെ ഭാഗമായിത്തന്നെ തുടരണം. വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞാൽ ഇതൊന്നും സാധ്യമാകില്ലെന്നും അവർ പറയുന്നു. Published: 22 Apr 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
