Last Updated: 17 March 2026, 03:54 AM IST ലഹരിമരുന്നിന്റെ വരവ് നിയന്ത്രിച്ചാൽ തീർക്കാവുന്ന ക്രിമിനൽ പ്രവർത്തനങ്ങളേ കേരളത്തിലുള്ളൂവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട് കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ പട്ടണമധ്യത്തിൽ വെട്ടിക്കൊന്ന സംഭവം നടുക്കമുണ്ടാക്കുന്നതാണ്. ഗുണ്ടാസംഘങ്ങൾതമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനുപിന്നിൽ. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെപ്പറ്റി വ്യക്തമായ ചിത്രംതരുന്നുണ്ട്, ഈ സംഭവം. ഗുണ്ടകളുടെ കൊലവിളികളിൽ മുങ്ങിയിരിക്കുകയാണ് നാട്. ക്വട്ടേഷനെടുത്ത് അക്രമങ്ങൾ നടത്തുന്നതും അന്യായപ്പിരിവും പരസ്പരം ഏറ്റുമുട്ടുന്നതുംതൊട്ട് ചെറിയ പ്രകോപനത്തിനുപോലും എവിടെയും സംഘർഷം സൃഷ്ടിക്കാൻവരെ ഗുണ്ടാസംഘങ്ങൾക്കു മടിയില്ല. തഴച്ചുവളരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, കള്ളപ്പണത്തിന്റെ ഒഴുക്ക്, ലഹരിക്കടത്ത് തുടങ്ങിയവയൊക്കെ സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വളർച്ചയ്ക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസിലെ ചില ഉദ്യോഗസ്ഥരുമായുള്ള ചങ്ങാത്തവും ജയിലിൽപ്പോയാൽ അവിടെ ഒരുവിഭാഗം ജീവനക്കാരുടെ ഒത്താശയോടെ ലഭിക്കുന്ന സൗകര്യങ്ങളുമൊക്കെ ഗുണ്ടകൾക്ക് അനുകൂലസാഹചര്യമാണ്. സിനിമയുടെയും സാമൂഹികമാധ്യമങ്ങളുടെയും സ്വാധീനം, പണത്തോടും ലഹരിയോടുമുള്ള അഭിനിവേശം എന്നിവകാരണം യുവാക്കളും കൗമാരക്കാരുംവരെ ഗുണ്ടാപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും ദൗർഭാഗ്യകരമായ യാഥാർഥ്യമാണ്. തിരുവല്ല പട്ടണത്തിലെ സ്പായിൽ, ഗുണ്ടാപ്പിരിവ് നൽകാഞ്ഞതിന് ജീവനക്കാരിയെ ബലാത്സംഗംചെയ്ത സംഭവംനടന്നത് കഴിഞ്ഞമാസം ഒന്നാംതീയതിയാണ്. ആറുപേരടങ്ങിയ സംഘമാണ് ഗുണ്ടാപ്പിരിവിനെത്തിയത്. ഇരുപത്തിയൊൻപതുകാരനായ സുബിൻ അലക്സാണ്ടറായിരുന്നു സംഘത്തലവൻ. അൻപതിനായിരം രൂപയാണ് സുബിനും സംഘവും ആവശ്യപ്പെട്ടത്. പണം ഇല്ലെന്നു പറഞ്ഞതോടെ ജീവനക്കാരികളിലൊരാളെ അകത്തെ മുറിയിലേക്കു ബലമായി കൊണ്ടുപോയി സുബിൻ ബലാത്സംഗംചെയ്യുകയായിരുന്നു. അതിനുശേഷം സ്പായിലെ ഒരു ഇടപാടുകാരനെ ഭീഷണിപ്പെടുത്തി മുറിക്കുള്ളിലേക്കു കൊണ്ടുവന്ന് യുവതിക്കൊപ്പം ദൃശ്യങ്ങൾ പകർത്തുകയുംചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ കഴിഞ്ഞമാസം ക്രിമിനൽസംഘങ്ങൾതമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഘത്തിലെ ഒരാൾ എയർ പിസ്റ്റൾ ചൂണ്ടി. തോക്കിൽ തിരയില്ലെന്നു മനസ്സിലായതോടെ എതിർസംഘം പട്ടികയും മരത്തടികളുമായി ആക്രമണംനടത്തി. ആലുവ ചുണങ്ങംവേലിയിൽ ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്ത് പതിനാറുകാരനെ ഗുണ്ടാസംഘം ആക്രമിക്കുന്നത് തടയാൻശ്രമിച്ച യുവാവിനെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമമുണ്ടായതും കഴിഞ്ഞമാസമാണ്. കോഴിക്കോട് മീഞ്ചന്തയിൽ ഭക്ഷണംകഴിച്ചിട്ട് പണംനൽകാതെപോയത് ചോദ്യംചെയ്തതിന് അക്രമിസംഘം ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരനെ മർദിക്കുകയുംചെയ്തതും ഈയടുത്താണ്. ആസൂത്രിത കുറ്റകൃത്യങ്ങൾമാത്രമല്ല, ഗുണ്ടാസംഘങ്ങൾ നടത്തുന്ന ആകസ്മികാക്രമണങ്ങളും ജനജീവിതത്തിന് ഭീഷണിയാകുകയാണ്. ലഹരിമരുന്നിന്റെ വരവ് നിയന്ത്രിച്ചാൽ തീർക്കാവുന്ന ക്രിമിനൽപ്രവർത്തനങ്ങളേ കേരളത്തിലുള്ളൂവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ലഹരിമരുന്ന് കിട്ടാൻവേണ്ടിയാണ് ഇന്ന് യുവാക്കളേറെയും ക്വട്ടേഷൻ അക്രമങ്ങൾക്കു തയ്യാറാകുന്നതെന്ന് ഇവർ പറയുന്നു. എളുപ്പത്തിൽ ലഭിക്കുന്ന പണത്തോടുള്ള അഭിനിവേശവും പ്രധാനഘടകമാണ്. ക്രിമിനലുകളെ കരുതൽതടങ്കലിൽവെക്കാനോ നാടുകടത്താനോ വ്യവസ്ഥയുള്ള 'കാപ്പ' നിയമം ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ചിലർ ചൂണ്ടിക്കാട്ടുന്നു. കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നപക്ഷം ശക്തമായ തെളിവുകൾ ഹാജരാക്കേണ്ടിവരുമെന്നതിനാൽ ‘കാപ്പ’പ്രകാരമുള്ള നടപടിക്ക് ഉദ്യോഗസ്ഥർ പലപ്പോഴും മടിക്കുന്നതായും ആക്ഷേപമുണ്ട്. പോലീസ് സേനയിൽ ആവശ്യത്തിന് അംഗബലമുണ്ടാകുകയും പോലീസുദ്യോഗസ്ഥർ സത്യസന്ധമായും ആത്മാർഥമായും ജോലി നിർവഹിക്കുകയുമാണ് ഗുണ്ടാനിയന്ത്രണത്തിന് ഏറ്റവും പ്രധാനമായിവേണ്ടത്. To advertise here, Published: 17 Mar 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
