സിദ്ധരാമയ്യക്ക് വി.ഐ.പി. സംസ്‌കാരമെന്ന് ബി.ജെ.പി. To advertise here, ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ. മത്സരം കാണാൻ ‘വി.ഐ.പി. പട.’ കർണാടക നിയമസഭാംഗങ്ങൾക്ക് രണ്ടുവീതം വി.ഐ.പി. ടിക്കറ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുവദിച്ചതോടെയാണിത്. 224 എം.എൽ.എ.മാരാണ് സംസ്ഥാനത്തുള്ളത്. ഇവർ ഓരോരുത്തർക്കുമൊപ്പം ഒരാൾകൂടി വി.ഐ.പി.യായി കസേരകളിൽ ഇടംപിടിക്കും. തങ്ങൾ വി.ഐ.പി.കളാണെന്നും സ്റ്റേഡിയത്തിലെ കൗണ്ടറിനുമുൻപിൽ ക്യൂ നിന്നോ ഓൺലൈൻ വഴിയോ ടിക്കറ്റ് എടുക്കാനാവില്ലെന്നും ഏതാനും എം.എൽ.എ.മാർ നിയമസഭാ സ്പീക്കർക്ക് മുൻപിൽ ആവശ്യമുയർത്തിയതോടെയാണ് നടപടിവന്നത്. സ്പീക്കർ ഈ ആവശ്യം മുഖ്യമന്ത്രിക്കുമുൻപിൽ അവതരിപ്പിച്ചു. തുടർന്നുനടന്ന ചർച്ചയിൽ രണ്ടുവീതം ടിക്കറ്റുകൾ അനുവദിക്കാമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ സമ്മതിക്കുകയായിരുന്നു. ഓരോ എം.എൽ.എ.മാർക്കും നാലുവീതം ടിക്കറ്റുകൾ അനുവദിക്കണമെന്നായിരുന്നു സ്പീക്കറുടെ നിർദേശം. പക്ഷേ, രണ്ടെണ്ണത്തിൽ ഒതുക്കി. നൂറുകണക്കിന് ക്രിക്കറ്റ് ആരാധകർ ടിക്കറ്റ് കിട്ടാതെ പുറത്തുനിൽക്കുമ്പോഴാണ് എം.എൽ.എ.മാർക്കും അവരുടെ സ്വന്തക്കാർക്കും വി.ഐ.പി. ടിക്കറ്റുകൾ വഴി സ്റ്റേഡിയത്തിൽ അനായാസം കയറാൻ വഴിയൊരുങ്ങിയത്. കഴിഞ്ഞവർഷം 11 ക്രിക്കറ്റ് ആരാധകരുടെ ജീവൻപൊലിഞ്ഞ തിക്കും തിരക്കുമുണ്ടായതിന്റെ ഓർമ്മയിൽ ഇത്തവണ ഐ.പി.എൽ. നടത്തിപ്പിൽ ആരാധകർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, നിയമസഭാംഗങ്ങൾക്ക് ഇത്രയധികം ടിക്കറ്റുകൾ സൗജന്യമായി നൽകുന്നത് മോശം കീഴ്‌വഴക്കമാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. സോഷ്യലിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ച് നടക്കുന്ന സിദ്ധരാമയ്യ വി.ഐ.പി. സംസ്കാരമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ് ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്. സുരേഷ്‌കുമാർ തനിക്ക് ഈ ടിക്കറ്റുകൾ വേണ്ടെന്നും പറഞ്ഞു. അധികാരത്തെ ഉത്തരവാദിത്വമായല്ല, അവകാശമായി ചിലർ കാണുകയാണെന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ കുറ്റപ്പെടുത്തി. നിയമസഭാംഗങ്ങൾ സാധാരണക്കാരെക്കാൾ വലിയവരാണെന്ന് കരുതരുതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ചൂണ്ടിക്കാട്ടി. Published: 29 Mar 2026, 12:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എം.എൽ.എ.മാർക്ക് രണ്ടുവീതം ടിക്കറ്റ്; ഐ.പി.എൽ. കാണാൻ വി.ഐ.പി. പട
M
MathrubhumiSource Link
about 1 month ago